•   Sunday, 07 Jul, 2024

പ്രവാചക 'വാക്കുകൾ' ദൈവാലോചനയായി തെറ്റിദ്ധരിക്കപ്പെടുമ്പോൾ...

Generic placeholder image
  Pracharam admin

ദാവീദ് രാജാവു തന്റെ ഹൃദയാഭിലാഷമായ  ആലയനിർമ്മാണത്തെപ്പറ്റി നാഥാൻ പ്രവാചകനോടു പങ്കുവച്ചു. (വള്ളിപുള്ളി തെറ്റാതെ പ്രവചിക്കുന്ന ആളാണ് നാഥാൻ). ഉടനെ തന്നെ നാഥാൻ പ്രവാചകൻ അതിനു മറുപടി പറഞ്ഞു: "നിന്റെ താല്പര്യം പോലെയൊക്കെ ചെയ്തോളൂ;  ദൈവം നിന്നോടു കൂടെയുണ്ട്"( 1 ദിന. 17:1-4).  ദീർഘനാളായി മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹത്തിനു  പ്രവാചകന്റെ അംഗീകാരവും  ലഭിച്ചിരിക്കുന്നു എന്നു ദാവീദു ചിന്തിച്ചു കാണും. എന്നാൽ അന്നു രാത്രി ദൈവത്തിന്റെ അരുളപ്പാട് നാഥാൻ പ്രവാചകനുണ്ടായി. ആലയം പണിയേണ്ടതു ദാവീദല്ല എന്നു ദാവീദിനെ അറിയിക്കാനുള്ള നിയോഗമാണു നാഥാനു ലഭിച്ചത്. അപ്പോൾ പിന്നെ, "നിന്റെ താല്പര്യം പോലെയൊക്കെയും ചെയ്താലും" എന്നു നാഥാൻ പ്രവാചകൻ  ദാവീദിനോടു ആദ്യം പറഞ്ഞതോ?.  അതു പ്രവാചകനായ നാഥാന്റെ അഭിപ്രായം മാത്രമായിരുന്നു.  അതിന്റെ ചുവടുപിടിച്ച് ദാവീദ് ആലയപ്പണി നടത്തുമെന്നതു കൊണ്ടാണ് ദാവീദല്ല അതു പണിയേണ്ടതെന്നു ദൈവാലോചന ഉണ്ടായത്. 

പ്രവാചകർ പറയുന്ന അഭിപ്രായങ്ങളെല്ലാം ദൈവാലോചനയാണെന്നു തെറ്റിദ്ധരിച്ചു പടുകുഴിയിൽ ചാടുന്നവർ അനേകരാണ്. 

സത്യപ്രവാചകൻ സത്യ ദൈവത്തിന്റെ നാവാണ്.  ദൈവത്തിൽ നിന്നു പ്രാപിച്ചതു ദൈവത്തിനുവേണ്ടി ജനത്തോടു സംസാരിക്കുന്നവനാണു പ്രവാചകൻ. എന്നാൽ ചില പ്രവാചകർ തങ്ങളുടെ "കൈയിലിരിപ്പു"  കൂട്ടിച്ചേർത്ത് പ്രവചനത്തെ  വിശ്വാസയോഗ്യമാക്കാൻ ശ്രമിക്കാറുണ്ട്. അതൊക്കെ സാത്താന്യമാണോ എന്ന ചോദ്യംപോലും ഉദിക്കുന്നില്ല.

പ്രവാചകൻ ഉൾപ്പെടെയുള്ള വിവിധ ശുശ്രൂഷക്കാരെ കർത്താവു സഭയിൽ നിയോഗിച്ചിരിക്കുന്നതു സഭയുടെ ആത്മീയ വർദ്ധനവിനാണ് (എഫെസ്യർ 4:11-12). എന്നാൽ  'ഭാവി പറയുന്നവൻ' എന്ന രീതിയിലേക്ക് ഇന്നു പ്രവചനശുശ്രൂഷയെ അവർതന്നെ തരംതാഴ്ത്തിയിരിക്കുന്നു. കേൾവിക്കാർക്കു സുഖം വരുത്തുകയല്ല പ്രവചനലക്ഷ്യം. പ്രവചനത്തിൽ ആത്മീയ അഭിവൃദ്ധിക്കു കാരണമാകുന്ന പ്രബോധനവും ശാസനയും സാന്ത്വനവും ധൈര്യപ്പെടുത്തലും മുന്നറിയിപ്പും പിന്നെ  തെറ്റുതിരുത്തുന്നതിനുള്ള അവസരവുമൊക്കെ ഉണ്ട്. ഒരു അവിശ്വാസിക്കു പാപബോധം വരുത്താനും അവനെ സത്യ ദൈവാരാധനയിലേക്കു നയിക്കാനും പ്രവചനത്തിന് കഴിയും (1 കൊരി. 14:24-25). 

പ്രവാചകൻ ഒരിക്കലും സ്വന്ത ആശയങ്ങളോ ചിന്തകളോ അല്ല പ്രവചനമായി പങ്കുവെക്കേണ്ടത്. അവൻ ദൈവഹിതം വ്യക്തതയോടെ സംസാരിക്കുന്നവനാണ്. ഭ്രാന്തമായ ആവേശത്താൽ എന്തെങ്കിലും വിളിച്ചു കൂകുന്നവനല്ല പ്രവാചകൻ.  വകതിരിവോടെയും വിവേചന ശക്തിയോടെയും പരിശുദ്ധാത്മനിയോഗം പ്രാപിച്ചുമാണ്  സംസാരിക്കേണ്ടത് (2 പത്രോസ് 1:21). അങ്ങനെയുള്ള പ്രവചനം എങ്ങനെയാണ് തെറ്റുന്നത്?

യിസ്രായേലിന്റെ ജീവിതത്തെപ്പറ്റി ബിലെയാം പറഞ്ഞ വസ്തുതകളും പ്രവചനങ്ങളും കിറുകൃത്യമായിരുന്നു-സത്യമായിരുന്നു. എങ്കിലും അതു പ്രവചിച്ച ബിലെയാമിനെ പുതിയനിയമം എങ്ങനെയാണ് വിശേഷിപ്പിക്കുന്നത്? അവൻ കൂലികൊതിച്ചവനും വഞ്ചകനും  യിസ്രായേലിനെതിരെ അശുദ്ധിയുടെ സൂത്രവാക്യം ബാലാക്കിനെ പഠിപ്പിച്ചവനുമാണ് എന്നല്ലേ? (2 പത്രോസ് 2:15, യൂദാ v. 11, വെളിപ്പാട് 2:14).  പ്രവാചകൻ കള്ളനാണെങ്കിലും അവന്റെ പ്രവചനം ശോധന ചെയ്ത് അതിനുള്ളിലെ നല്ലതു മുറുകെപ്പിടിക്കാൻ അല്ലല്ലോ പൗലോസ് അപ്പൊസ്തലൻ ഉദ്ദേശിക്കുന്നത് (1 തെസ്സ. 5:20-21).

വ്യക്തിഗത സുവിശേഷീകരണത്തിന് ആളുകൾക്കു പരിശീലനം നല്കിയിരുന്ന ഒരു രാജൻ സാർ (പാസിറ്റോൺ-Pass It On) പറഞ്ഞ ഒരു ഉദാഹരണം ഓർമ്മയിൽ എത്തുന്നു. തൂശനിലയിൽ വിഭവ സമൃദ്ധമായ സദ്യ കഴിക്കാൻ തയ്യാറാക്കി വച്ചിരിക്കുന്നു. എല്ലാ വിഭവങ്ങളും നാവിൽ വെള്ളമൂറിക്കുന്നതാണ്. എന്നാൽ കഴിക്കുന്നതിനു തൊട്ടുമുമ്പ് ഇലയുടെ ഒരു മൂലയ്ക്ക് ഒരല്പം 'കോഴിവേസ്റ്റ്' വിളമ്പിയാൽ നാം എന്തുചെയ്യും?.  ഭക്ഷ്യയോഗ്യമല്ലാത്ത 'കോഴിവേസ്റ്റ്' ഇലയിൽ നിന്നും എടുത്തുകളഞ്ഞിട്ട് ബാക്കിയുള്ളതു നാം കഴിക്കാറില്ലല്ലോ? ആ ഇലയിൽ വിളമ്പിയ ആഹാരം മുഴുവനായി നമ്മൾ ഉപേക്ഷിക്കുകയല്ലേ  ചെയ്യുന്നത്?.  'അമ്പതു ശതമാനം സത്യപ്രവാചകൻ'  എന്നൊരു ഗണം ഇല്ലല്ലോ. പരിശുദ്ധാത്മാവിനാൽ നിയന്ത്രിക്കപ്പെടുകയും നയിക്കപ്പെടുകയും ചെയ്യുന്ന പ്രവാചകരെ മാത്രം ഉൾക്കൊള്ളുക.  അല്ലാതെയുള്ള കള്ളപ്രവാചകർക്കു വളരാൻ കൂറുള്ള മണ്ണായി നമ്മുടെ സഭകൾ മാറരുത്. 

മോഷ്ടാക്കളും മദ്യപാനികളുമായ പ്രവാചകർ, അസത്യം ഉപദേശിക്കുന്ന പ്രവാചകർ, കൂലിപ്രവാചകർ,  ഭീഷണി ഉയർത്തുന്ന പ്രവാചകർ ഒക്കെ പഴയനിയമ കാലയളവിൽ ഉണ്ടായിരുന്നു ( യെഹ. 22:25,  യെശ.9:15, 28:7, നെഹ. 6:12,14). ഇന്നും ഇതിന് മാറ്റമൊന്നുമില്ല. അന്നുണ്ടായിരുന്ന  കള്ളപ്രവാചകർക്കും  വ്യാജ ഉപദേഷ്ടാക്കൾക്കും പീഡനങ്ങൾ നേരിടേണ്ടി വന്നിട്ടില്ല. അവർക്കു കൈയടിയും പ്രോത്സാഹനവുമാണ് ലഭിച്ചത്. 

എന്നാൽ സത്യപ്രവാചകർക്കായി കാത്തിരുന്നത്  പീഡനവും തടവറയും കാവൽപുരമുറ്റത്തെ വാസവുമായിരുന്നു. സത്യപ്രവാചകർക്കു  ജനത്തിന്റെയും രാജാക്കന്മാരുടെയും  ഇടയിൽ ഒട്ടും 'ഡിമാൻഡ്' ഇല്ലായിരുന്നു. പരമാർത്ഥം സംസാരിക്കുന്നവരെ വെറുക്കുന്ന സ്ഥിതി. അവരെ ദേശത്തുനിന്നും തുരത്താനുള്ള ശ്രമങ്ങൾ ഒക്കെ നടന്നിരുന്നു (ആമോസ് 2:12,  5:10,  7:12-13). 

ദൈവത്തിന്റെ ആലോചനാസഭയിൽ നിന്ന് (നിൽക്കുക) ദൈവവചനം പ്രാപിച്ച് ജനത്തെ കേൾപ്പിച്ച് അവരുടെ ദുർമാർഗ്ഗത്തിൽ നിന്നും പിന്തിരിപ്പിക്കേണ്ടവരല്ലേ പ്രവാചകർ?  (യിരെ. 23:21-22). ആ ആലോചനാസഭയിൽ നിൽക്കാൻ സമയം ചിലവഴിക്കേണ്ടിവരും. അതിനിപ്പോ ആരാണു മിനക്കെടുന്നത്?. അതുകൊണ്ട് എളുപ്പവഴി അവർ തിരഞ്ഞെടുത്തു. നല്ല പ്രവാചകനുമായുള്ള സൗഹൃദം മൂലം കിട്ടിയ ചില അറിവ് തനിക്കു കിട്ടിയ വെളിപ്പാടായി അവതരിപ്പിക്കുന്ന വചന മോഷ്ടാക്കളായ പ്രവാചകർ ആയി അവർ മാറി( യിരെ.23:30). (മറ്റുള്ളവർ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടും പേരും മാറ്റി  സ്വന്തം പേരും തലക്കെട്ടും  വച്ചു വിടുന്ന ചിലരും ഉണ്ടല്ലോ, അതുപോലെ). പിന്നെ, ദൈവത്തെ നിരസിച്ചു ജീവിക്കുന്നവർക്കും സമാധാനം  ഘോഷിക്കുന്നവരായി അവർ അധഃപതിച്ചു. തങ്ങളുടെ വിഭ്രാന്തിയിൽ നിന്നു പ്രവചിക്കുന്ന അവർ (യിരെ. 23:16-17).  കേൾവിക്കാരിൽ  മോഹമാണു ജനിപ്പിക്കുന്നത്. അതുകൊണ്ടാണ് ഇന്ന് സഭകളിൽ അവരുടെ ' ഡിമാൻഡ്' കൂടി നിൽക്കുന്നത്. ജനം നയിക്കപ്പെടുന്നതു ഫലശൂന്യതയിലേക്കാണെങ്കിലും തങ്ങൾക്കു ലഭിക്കുന്ന സാമ്പത്തിക ലാഭത്തിൽ മാത്രമാണ് അവരുടെ കണ്ണ് ( യിരെ.8:10).

ജനത്തിന് അനർത്ഥം പ്രവചിച്ചെങ്കിലും ജനം  മാനസാന്തരപ്പെട്ടപ്പോൾ അനർത്ഥം മാറിപ്പോയതിനാൽ പ്രവാചകനു  പ്രതിച്ഛായാനഷ്ടം ഉണ്ടാവുന്നില്ല. അങ്ങനെയൊരു ചിന്ത പ്രവാചകനായ യോനായ്ക്ക് ഉണ്ടായി. അനർത്ഥത്തിന്റെ ദൂത് അറിയിക്കുന്നത് മാനസാന്തരപ്പെടാൻ ആണല്ലോ. 

കണ്ണു മൂടിക്കെട്ടിയശേഷം മുഷ്ടി ചുരുട്ടി യേശുവിനെ കുത്തുകയും  തല്ലിയതാരാണെന്നു പ്രവചിക്കാൻ യേശുവിനോടു ആവശ്യപ്പെടുകയും ചെയ്തു. എന്നിട്ടും 'എല്ലാമറിയുന്ന നാഥൻ' പ്രവചനത്തെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ഉപയോഗിച്ചില്ല (മർക്കൊസ് 14:65).  ഈ കള്ള പ്രവാചകരോടും പുരോഹിതരോടും കർത്താവു ചോദിക്കുന്നത് 'ഒടുക്കം നിങ്ങൾ എന്ത് ചെയ്യും' എന്നാണ് (യിരെ.5:31).

പ്രവചനം ലഭിച്ചവൻ അതു വിശ്വസ്തതയോടെ പ്രഖ്യാപിക്കട്ടെ എന്നാണ് കർത്താവിന്റെ ആജ്ഞ(യിരെ. 23:28). ക്രിസ്തുവിന്റെ ശുശ്രൂഷകർ വിശ്വസ്തർ ആയിരിക്കണമല്ലോ (1കൊരി. 4:1-2).

ബിജു പി. സാമുവൽ, 
പശ്ചിമ ബംഗാൾ          
 #08016306857

Comment As:

Comment (0)