വീണുടയുന്ന വിഗ്രഹങ്ങൾ
വീണുടയുന്നല്ലോ വിഗ്രഹങ്ങളിന്നൊരു സ്ഫടികപാത്രംപോലെ
എൻ കണ്ണിൻമുമ്പിലെൻ ചിത്തത്തിലീ ജീവിതപാതയിലാകെ,
തല്ലിക്കൊഴിക്കുന്നു നന്മതൻ തിരിനാളം,
പാരിൽ പകരുന്നു തിന്മതൻ സന്ദേശം
അമ്മതൻ നന്മയെ വർണ്ണിച്ച തൂലിക തുമ്പിലിന്നുറഞ്ഞുകൂടുന്നു
കാമഭ്രാന്തിൻ വീരകൃത്യങ്ങളോ,
നൊമ്പരകഥകളായ്
പത്തുമാസം ചുമന്ന പൈതലിൽ പ്രാണനെടുക്കുമ്പൊഴുമാ
കരൾ പിടയാത്ത പ്രണയജ്വരം പിടിച്ചവൾ
മാറിലൂറും സ്നേഹാമൃതം നുകർന്നു വളർന്നവനിന്നമ്മതൻ മാറ്
കുത്തിതുരന്നതിൽ നിന്നൂറും ശോണിതതിലകമണിയുന്നു ലഹരിയിൽ
സാഹസപ്രീയരായ് തെരുവിലലഞ്ഞിന്നു
പ്രാണനെടുത്തു രസിക്കുന്നു പലരും
സ്ത്രീ ദേവിയെന്നൊതി പുകഴ്‌ത്തുന്നവർ തന്നെ
പതിയിരിക്കുന്നിരുളിലാ മേനി ചീന്തിയെറിയുവാൻ
സംരക്ഷണം തീർക്കേണ്ടതാം കരങ്ങളിൽ
വീണുപിടയുന്നനേകം പിഞ്ചുപൂമൊട്ടുകൾ
അറിവിൻനിറവാം വിദ്യാലയങ്ങളിന്നായുധശാലകളായിടുമ്പോൾ
സ്നേഹിതർതൻ നിണമൊഴുക്കിയതിലാടിത്തിമിർത്തു രമിച്ചിടുമ്പോൾ
ജ്ഞാനമോതിതന്ന ഗുരുവിന്റെ പ്രാണനായ്
ആക്രോശിച്ചോടിയടുത്തീടുന്ന ശിഷ്യഗണം
വെണ്മയണിഞ്ഞവർക്കുള്ളിൽ തെല്ലും വെണ്മയില്ലാതായ്
ക്രൂരത കരിമ്പടം പുതച്ച മാനസത്തിനുടമകളായി വിലസുന്നു ചുറ്റിലും
സദ്‌വചനങ്ങളെ കാറ്റിൽ പറത്തി കലഹത്തിൻ വിത്തുകൾ
വിതച്ചു കൊയ്യുവാൻ വെമ്പിനടപ്പൂ
നിയമത്തിൻ കാവലാളെന്നു ശഠിപ്പവർ
നിയമത്തെ പാടെമറന്നു ചരിപ്പവർ
നീതിനിയമങ്ങൾക്കൊയെയും മേലെ പണത്തിന്നധികാരം ഊട്ടിയുറപ്പിക്കുമ്പോൾ
കാപട്യത്തിൻകറുപ്പുമൂടുന്നു മിഴികളിൽ നീതിദേവതപോലും
ഉയരുന്നൊരായിരം ചോദ്യശരങ്ങളെൻ മനതാരിൽ
കുത്തിമുറിവേൽപ്പിക്കുന്നു കഠാരപോൽ ഇന്നെന്നിൽ
പൂജാവിഗ്രഹങ്ങളൊന്നാകെ വീണുടയുമീ മണ്ണിലിനിയും
മർത്യനു സൊര്യജീവിതം സാധ്യമോ?
ബീന റെയ്‌ച്ചൽ നിജു