•   Sunday, 07 Jul, 2024

ഏകാന്തത നല്ലതാണ്

Generic placeholder image
  Pracharam admin

ഈ കാലത്തെ ഭീകരമായ ഒരു അവസ്ഥയാണ് ഒറ്റപ്പെടൽ അഥവാ ഏകാന്തത, ചുറ്റിലും ഒരുപാടുപേർ ഉണ്ടെങ്കിലും തനിച്ചായ ഒരു അവസ്ഥ പുറമേ കാണുന്നവർ നമ്മുടെ ജീവിതത്തെ നോക്കി ഇവർ എത്ര ഭാഗ്യവാന്മാരാണ് എന്ന് പറയുമ്പോഴും അതൊന്ന് തിരുത്താൻ പോലും പറ്റാതെ സ്വയം അനുഭവിക്കുന്ന ഒരു ശൂന്യത ജോലിസ്ഥലത്തെ സമ്മർദ്ധമോ, കുടുംബജീവിതത്തിലെ പ്രശ്നങ്ങളോ, ബന്ധങ്ങളിലെ വിള്ളലുകളോ, പ്രീയപ്പെട്ടവരുടെ വേർപാടോ, പെട്ടെന്ന് ഉണ്ടായ രോഗമോ അങ്ങനെ പലതുമാകാം, കാരണങ്ങൾ. അനുദിനം ഇതിന്റെ അളവ് കൂടികൊണ്ടിരിക്കുകയാണ്. എല്ലാ പ്രായത്തിൽ ഉള്ളവരും ഏകാന്തത അനുഭവിക്കുന്നുണ്ട്. കുട്ടികൾ മുതൽ വാർദ്ധക്യത്തിൽ എത്തിയവർ വരെ ഇത് ശരിക്കും ജീവിതത്തിലെ ഒരു ക്രൈസിസ് ആണ്. ശരിക്കും ഒറ്റയ്ക്കാവുന്നതല്ല ഏകാന്തത ചുറ്റിലും ഒരുപാട് പേർ ഉണ്ടെങ്കിലും ഞാൻ തനിച്ചാണ് എന്ന നെഗറ്റീവ് മാനസി കാവസ്ഥയാണിത്. ചുറ്റുമുള്ള ഒന്നിനും അല്ലെങ്കിൽ ആർക്കും എന്നെ ചേർത്ത് നിർത്തുവാനോ, എന്നെ സന്തോഷിപ്പിക്കുവാനോ, ആശ്വസിപ്പിക്കുവാനോ സാധിക്കില്ല എന്ന് സ്വയം ഉറച്ചു വിശ്വസിക്കുന്ന ഒരു അവസ്ഥയാണിത്. നമ്മൾ കരുതുന്നതുപോലെ ഒരു നിസാര അവസ്ഥയായി പരിഗണിക്കാവുന്ന ഒന്നല്ല ഇത്. അനുഭവിക്കുന്നവന് മാത്രം അറിയാവുന്ന ഒന്നാണിത്. അനുഭവിക്കുന്ന മാനസികാവസ്ഥയുടെ തീവ്രത മറ്റുള്ളവർക്ക് മനസ്സിലാക്കികൊടുക്കുവാൻ കൂടി സാധിക്കാത്ത അവസ്ഥ

നമ്മുടെ ജീവിതത്തിന്റെ ഓരോഘട്ടത്തിലും അരുടെ ഒക്കെയോ സ്നേഹവും പരിചരണവും നമുക്ക് ആവശ്യമുണ്ട്. അതൊന്നും ഇല്ലാതെ ഒരാൾക്കും ജീവിതം മൂന്നോട്ട് കൊണ്ടുപോകുവാൻ കഴിയില്ല. ഏകാന്തതയുടെ ഘനം പലർക്കും പല രീതിയിൽ ആണ്. ചിലർക്ക് അത് അത് അനുഭവേദ്യമായിരിക്കണമെന്നില്ല അല്ലെങ്കിൽ അവർക്ക് അത് കൈകാര്യം ചെയ്യാൻ അറിയാമായിരിക്കാം. ചില സാഹചര്യങ്ങൾ പെട്ടെന്ന് അംഗീകരിക്കാൻ കഴിയാത്ത അളുകൾ ഉത്തരം സാഹചര്യങ്ങളെ അതിജീവിക്കുവാനായി അനാരോഗ്യശീലങ്ങൾക്കോ, ബന്ധങ്ങൾക്കോ അടിമപ്പെട്ടേക്കാം. പിന്നത്തേതിൽ അത് ഗുരുതരമായ അവസ്ഥയിലേയ്ക്ക് വഴിമാറാം. താത്ക്കാലിക ആശ്വാസത്തിനായി തിരഞ്ഞെടുക്കുന്ന ഇത്തരം ശീലങ്ങൾ ഒരു കാലയളവ് കഴിയുമ്പോൾ അവരെ കൂടുതൽ മോശമാക്കുന്നതായി കാണാറുണ്ട് ചിലപ്പോൾ ആശ്വാസത്തിനായി മറ്റു വ്യക്തികളിൽ അമിതമായി ആശ്രയിക്കുന്നവർ, അവർ ആഗ്രഹിക്കുന്ന കരുതൽ, സ്നേഹം, പരിഗണന ഇവ അവരിൽ നിന്നും ലഭ്യമാകാതെ വരുമ്പോൾ കൂടുതൽ വിഷാദത്തിലേയ്ക്ക് ആണ്ടുപോകുന്നു. അല്ലെങ്കിൽ തന്നെ നമ്മെക്കാൾ കൂടുതൽ ന സന്തോഷിപ്പിക്കേണ്ട ഉത്തരവവാദിത്വം മറ്റുള്ള വർക്കുണ്ടോ?

ഇതിനുള്ള പരിഹാരം എന്ന് പറയുന്നത്, സ്വയം സ്നേഹിക്കുക, വിലയുള്ളവരായി സ്വയംകരുതുക, നമ്മുടെ സന്തോഷത്തിന്റെ ഉത്തരവാദിത്വം നമ്മൾ തന്നെ ഏറ്റെടുക്കുക, എന്നതാണ്. ജീവിതത്തിൽ നല്ല ലക്ഷ്യബോധം ഉണ്ടാവുക, അത് നേടുന്നതിനായി പ്രയത്നിക്കുക, അത് എത്ര ചെറുതായാലും അതിന്റെ സന്തോഷം അനുഭവിക്കുകയും അതിൽ അഭിമാനിക്കുകയും ചെയ്യുക. ഉപയോഗപ്രദമായ കാര്യങ്ങളിൽ കൂടുതൽ വ്യാപൃതരാകുന്നതും. തനിച്ചായതിൻ്റെ സ്വാതന്ത്ര്യം ആഘോഷിക്കാൻ സാധിക്കുന്നതും പരിഹാരമാർഗ്ഗം തന്നെ ആൾക്കൂട്ടത്തിൽ ആയിരിക്കുമ്പോൾ നമുക്ക് നഷ്ടമാകുന്ന നമ്മുടെ സ്വകാര്യ സന്തോഷങ്ങൾ - അത് ചിലപ്പോൾ ഇഷ്ടമുള്ള പാട്ട് കേൾക്കുകയോ, ഒരു പുസ്തകം വായിക്കുകയോ, പെയിൻ്റിംഗ് ചെയ്യുകയോ, എന്തിന് ആസ്വദിച്ച് ഒരു കാപ്പികുടിക്കുന്നത് പോലും ആകാം-ഏകാന്തതയിൽ തിരികെ ലഭിക്കുന്നു എന്ന ശുഭചിന്ത നമ്മളെ കൂടുതൽ ശക്തരാക്കാൻ ഉപയുക്തമാണ്. ഒറ്റപ്പെടൽ ഞാൻ ഇഷ്ടപ്പെടുന്നില്ല. അത് എന്നെ ഭരിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് സ്വയം തീരുമാനിക്കുക. ഏന്റെ സമ്മതമോ അനുവാദമോ കൂടാതെ ആർക്കും എന്നെ തകർക്കാനോ, തളർത്താനോ പറ്റില്ല എന്ന് വിശ്വസിക്കും. എല്ലാ ബന്ധങ്ങൾക്കും ഒരു അതിർ നിശ്ച്ചയിച്ചിരിക്കണം. അത് എത്ര പ്രിയപ്പെട്ടവർ ആയാലും അപ്പോൾ അതിലെ നഷ്ടമാ പരാജയമോ ഒന്നും നമ്മെ കൂടുതലായി ബാധിക്കില്ല. ആരുടെയും ജീവിതവുമായി നമ്മുടെ ജീവിതത്തെ താരതമ്യം ചെയ്യാതിരിക്കുക. അവർക്ക് ഉള്ളതും നമുക്ക് ഇല്ലാ എന്ന് തോന്നുന്നതുമായ കാര്യങ്ങൾ സത്യമാണോ എന്ന് നാം എങ്ങനെ അറിയും. പുറമേ കാണുന്നതുപോലെ അല്ല ഒരാളുടെയും യഥാർത്ഥ ജീവിതം എപ്പോഴും സ്വതന്ത്രമായി കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. അത് നമ്മെ കൂടുതൽ കരുത്തനും സ്വയം വിലയുള്ളവരും ആക്കി തീർക്കും. വ്യായാമം, ഇഷ്ടപ്പെട്ട വിനോദം എന്നിവയിൽ കൂടുതൽ ശ്രദ്ധിക്കണം. നമ്മൾ സ്വയം വിശ്വസിക്കുന്ന പോലെ ഒന്നുമല്ല നമ്മൾ അത് മനസിലാകാമെങ്കിൽ ആദ്യം സ്വയം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഇതുവരെ നമ്മൾ നേടിയ കാര്യങ്ങളിൽ സ്വയം അഭിനന്ദിക്കണം. സുഗമമായ നിലയിൽ ജീവിതം ഒഴുകി നീങ്ങുമ്പോഴും, അതിന്റെ വിപരീത വശംകൂടി ചിന്തിക്കണം. അത്തരം അവസ്ഥ വന്നാൽ ഞാൻ എങ്ന് നേരിടും എന്ന്, എങ്ങനെ അതിനോട് പൊരുത്തപ്പെടും എന്നൊക്കെ ചിന്തിക്കുന്നതും നല്ലതാണ്. കാരണം ജീവിതത്തിൽ നഷ്ടപ്പെടുവാനുള്ളതാണ് എന്നത് സ്വാഭാവിക വസ്തുത ആണ്. നമുക്ക് അതിനെ തടയുവാനോ, അതിൽ നിന്നും ഓടി ഒളിക്കുവാനോ സാധിക്കുകയില്ല. ഇത സ്വയം ബോധ്യപ്പെട്ടാൽ, ഇത്തരം അവസ്ഥകൾ നേരിടേണ്ടിവരുമ്പോൾ സാഹചര്യത്തെ അംഗീകരിച്ച് മുന്നേറാൻ നമുക്ക് സാധിക്കും. എങ്ങനെ കാര്യം ചെയ്യണം എന്ന മുന്നറിവ് തകർന്നുപോകാതെ മുന്നേറാൻ നമുക്ക് ഉത്തേജനം ആകും.

മുന്നോട്ടുള്ള യാത്ര ഒറ്റയ്ക്ക് ആണെന്ന് തിരിച്ചറിവിലൂടെ മനസ്സിൽ കയറികൂടുന്ന ധൈര്യം, പ്രതീക്ഷകൾക്ക് സ്ഥാനം ഇല്ലാ എന്ന് അറിയുമ്പോൾ ഇല്ലാതാകുന്ന ഭയം, ജീവിതത്തിലെ നഷ്ടങ്ങൾ അത് നാം അനുഭവിച്ചേ തീരു എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സമാധാനം - ഈ സമയവും കടന്നുപോകും എന്ന് തിരിച്ചറിയുമ്പോൾ ഉണ്ടാകുന്ന സന്തോഷം... അപ്പോഴാണ് നാം തിരിച്ചറിയുന്നത്. നമ്മൾ എത്ര ശക്ടർ ആണെന്ന്. എല്ലാവരും സന്തോഷമായി ജീവിതത്തെ നേരിടുക. കാരണം ഈ ഭൂമിയിൽ ആയുസോടെയും ആരോഗ്യത്തോടെയും ജീവിച്ചിരിക്കുക എന്നത് തന്നെ അത്രയേറെ വിലപ്പെട്ടതാണ്. ഒരുതരത്തിൽ പറഞ്ഞാൽ, ഈ ഏകാന്തത നല്ലതാണ്!

Comment As:

Comment (0)