കർത്താവിന് ആവശ്യമുണ്ട്
യേശുക്രിസ്തുവിന്റെ ക്രൂശുമരണത്തിനു തൊട്ടുമുൻപുള്ള ഞായറാഴ്ച്ചയോ, കൃത്യമായി പറഞ്ഞാൽ പെസഹയ്ക്ക് ആറു ദിവസം മുൻപോ ആണ് തലക്കെട്ടിനാധാരമായ സംഭവംങ്ങളുടെ തുടക്കം (മർക്കോസ് 11:3), ഒലിവുമലയുടെ കിഴക്കേ ചരിവിലെ യെരുശലേമിലേയ്ക്കുള്ള പാതയിലൂടെ കർത്താവ് തന്റെ ശിഷ്യരുമൊത്ത് യെരുശലേമിനെ സമീപിക്കുന്നു. യെരുശലേമിൽ പെസഹയ്ക്ക് മുന്നോടിയായി യിസ്രായേല്യർ ഉത്സാഹത്തിലും ആഹ്ലാദത്തിലുമാണ്. എവിടെല്ലാം ചിതറിപ്പാർക്കുന്നുവോ അവിടെ നിന്നെല്ലാം നിസായേല്യർ തങ്ങളുടെ ജന്മ നാട്ടിലേയ്ക്ക് മടങ്ങിവരുന്ന സമയം. യെരുശലേമിൽ ശലോമോനാൽ പണിയപ്പെട്ടതും, പിന്നീട് എസ്രായുടെയും നെഹമ്യാവിന്റെയും കാലത്ത് പുതുക്കി പണിതതുമായ ദേവാലയത്തിലും നല്ല തിരക്കാണ്, ആരാധനയ്ക്ക് അപ്പുറം മാനസിക ഉല്ലാസമോ, ആഘോഷമോ എന്നവണ്ണം ജനങ്ങൾ ആലയത്തിലും തിങ്ങി ഞരുങ്ങീട്ടുണ്ട്. വില്പനക്കാരും, വാങ്ങുന്നവരും, പണം മാറ്റിനൽകുന്നവരും എന്നു വേണ്ട അടിമുടി യെരുശലേം ദേവാലയവും പരിസരവും ശബ്ദമുഖരിതവും, ജനനിബിഡവും ആയിക്കഴിഞ്ഞു. ഒരു ആഴ്ച്ചകൂടി കഴിഞ്ഞാൽ അവർ ഒരാണ്ട് കാത്തിരുന്ന ആബീബ് മാസം 14-ാം തീയതി ഇങ്ങ് എത്തും. മിസ്രയീം ദേശത്ത് അടിമത്തവും, പട്ടിണിയും, മരണഭയവുമായി ദീർഘമായ വർഷങ്ങൾ പൂർവ്വപിതാക്കന്മാർ സഹിച്ച കൊടിയ പീഡനത്തിന് അറുത്തി വരുത്തിയ, പത്ത് അൽഭുതങ്ങൾക്ക് ഒടുവിൽ, കുട്ട വിട്ടൊഴിഞ്ഞ്, വാഗ്ദത്ത ദേശം നോക്കി യാത്ര ആകുവാനായി ദൈവം ഒരുക്കിയ ദിവസം! പെസഹ. കുഞ്ഞാടിനെ അറുത്ത്, പുളിപ്പില്ലാത്ത അപ്പവും കൈപ്പുചീരയും ചേർത്ത് കഴിക്കുന്ന ആ ദിനം, ഓരോ യിസ്രായേല്യനും അത് വിടുതലിന്റെ ഓർമ്മ അയവിറക്കുന്ന ദിവസം കൂടി ആണ്.
പെസഹയ്ക്ക് അറുക്കുവാനുള്ള കുഞ്ഞാടിനെ ആബീബ് മാസം 10-ാം തീയതി തിരഞ്ഞെടുത്ത് മാറ്റി നിർത്തണം എന്നാണ് പ്രമാണം. 14-ാം തീയതി വരെ അതിനെ സംരക്ഷിക്കണം. ഊനം ഒന്നും അതിനുണ്ടായിരിക്കരുത്. അതത് വീട്ടുകാരുടെ അംഗസംഖ്യക്ക് ഒത്തവണ്ണം വലിപ്പമുള്ള ആട്ടിൻകുട്ടിയെ ആണ് തിരഞ്ഞെടുത്ത് മാറ്റി നിറുത്തണ്ടത്. യോഹന്നാൻ എഴുതിയ സുവിശേഷത്തിൽ 12:1 മുതൽ വായിക്കുമ്പോൾ പെസഹയ്ക്ക് 6 ദിവസം മുൻപ് യേശു ബേഥാന്യയിലെ ലാസറിന്റെ ഭവനത്തിൽ എത്തിയെന്ന് കാണാൻ സാധിക്കുന്നു. അതായത് ആബീബ് മാസം 9-ാം തീയതി. അന്നായിരുന്നു സ്വച്ഛജഡമാംസി തൈലം കൊണ്ട് യേശുവിനെ പൂശിയതും, ഇതുകണ്ട് യൂദയ്ക്ക് അതിൽ കണ്ണുകടി ഉണ്ടായതും. പിറ്റേന്ന് യേശു യെരുശലേമിലേയ്ക്ക് വരുന്നു എന്ന് അറിഞ്ഞ് വലിയോരു പുരുഷാരം യേശുവിനെ എതിരേറ്റു ചെന്നു എന്നും. യേശുവിനെ ഈന്തപ്പനയുടെ കുരുത്തോലകൾ വീശി ഹോശന്ന - ഇപ്പോൾ രക്ഷിക്ക- എന്ന് ആർത്ത് പാടുകയും ചെയ്തു എന്ന് നാം വായിക്കുന്നു. ആബിബ് മാസം 10നു കുഞ്ഞാടിനെ പെസഹായിക്കായി വേർതിരിക്കേണ്ട അതേ ദിവസം, യേശുവിനെ യിസ്രായേല്യർ ഇപ്പോൾ രക്ഷിക്കാ എന്ന് ആർത്ത് സ്വീകരിച്ചു. മിസ്രായീമിലെ അടിമത്തത്തിൽ നിന്നും വിടുതലിനായി ഒരു കുഞ്ഞാടിന്റെ രക്തം കട്ടളകാലിലും കുറുമ്പടിമേലും പൂശിയതുപോലെ, മുഴു ലോക ത്തിന്റെയും പാപപരിഹാരത്തിനായി അറുക്കപ്പെടാൻ പോകുന്ന കുഞ്ഞാടിനെ ആണ് സ്വീകരിച്ച് ആനയിക്കുന്നത് എന്ന് അവർ അപ്പോൾ അറിഞ്ഞിരുന്നില്ല.
യെരിഹോവിൽ നിന്നാണ് യേശു യാത്ര തുടങ്ങിയത്. അത്തിമരത്തിന്റെ ചുവട്ടിൽ ഇലകൾക്കിടയിൽ ഒളിച്ച വല്യപ്പച്ചൻ്റെ പാരമ്പര്യം സൂക്ഷിക്കാൻ അത്തിമരത്തിൽ വലിഞ്ഞുകയറിയ ചുങ്കക്കാരനും ഉയരംകൊണ്ട് കുറിയവനുമായ സ്വർഗ്ഗഭവനത്തിന് ഓഹരിക്കാരനാക്കിയശേഷം ബേഥാന്യയിലും തുടർന്ന് ഒലിവുമലയുടെ കിഴക്കെ ഭാഗത്തുകൂടി യെരുശലേമിലേയ്ക്കുമുള്ള യാത്രയിൽ ആണ് യേശു. ഒലിവുമലയ്ക്ക് അരികെ ബേത്ത്ഫഗയിൽ എന്ന സ്ഥലത്ത് എത്തിയപ്പോൾ യേശു ശിഷ്യരിൽ രണ്ട് പേരെ വിളിച്ചു. എതിരെ ഉള്ള ഗ്രാമത്തിൽ ചെന്നാൽ അവിടെ കെട്ടി ഇട്ടിരിക്കുന്ന ഒരു കഴുതയേയും അതിന്റെ കുട്ടിയേയും കാണും, അതിന്റെ അഴിച്ചു കൊണ്ടുവരുവാനും, ആരെങ്കിലും എന്താണീ കാണിക്കുന്നത് എന്ന് ചോദിച്ചാൽ , കർത്താവിന് ഇതിനെകൊണ്ട് ആവശ്യമുണ്ട് എന്ന് പറയാനും കൽപ്പിച്ചു. ശിക്ഷ്യന്മാർ അതേപടി ചെയ്തു. ചോദിച്ചവരോട് യേശു പറഞ്ഞതു പോലെ മറുപടികൊടുത്തു. കഴുതയേയും കുട്ടിയേയും കർത്താവിൻറ അടുക്കൽ എത്തിച്ചു. സീയോൻ പുത്രിയുടെ രാജാവ് സൗമ്യനായി കഴുതപ്പുറത്തും വാഹന മൃഗത്തിന്റെ കുട്ടിയുടെ പുറത്തു കയറി വരുന്നു എന്ന പ്രവാചകശബ്ദം പോലെ രാജാധിരാജൻ, സകല ജനത്തിന്റെയും പാപപരിഹാരമായി അറുക്കപ്പെടുവാനുള്ള കുഞ്ഞാട് യെരുശലേമിലേയ്ക്ക് യാത്ര ആയി. ജനങ്ങൾ അവനു മുൻപിൽ വസ്ത്രങ്ങളും മരകൊമ്പുകളും വെട്ടി വിരിച്ചു. കുരു ത്തോലകൾ വീശി അവർ ഹോശന്ന പാടി, പിന്നത്തേതിൽ യെരുശലേം ദേവാലയ ശുദ്ധീകരണവും, പെസഹാ രാത്രിയിൽ അവൻ പിടിക്കപ്പെട്ടതും, കൊല്ലപ്പെട്ടതും, ഉയർത്തെഴുന്നേറ്റതും, നമുക്കായി ഇന്നും ജീവിക്കുന്നതും നമുക്ക് അറിയുന്ന കാര്യമാകയാലും, നമ്മുടെ വിശ്വാസത്തിന്റെ കാതലായ സംഗതി അതുമാത്രം ആകയാലും, ഏതൊരു ക്രൈസ്തവനും നന്നായി ആ വിഷയങ്ങൾ അറിയുന്നതിനാലും, അവിടേയ്ക്ക് വിസ്താരഭയത്താൽ കടക്കുവാൻ ആഗ്രഹിക്കുന്നില്ല.
കർത്താവ് അടുത്ത ഗ്രാമത്തിൽ കെട്ടപ്പെട്ട് കിടക്കുന്ന ആരും കയറിയിട്ടില്ലാത്ത കഴുതക്കുട്ടിയെ തനിക്ക് ആവശ്യം ഉണ്ട് എന്ന് പറഞ്ഞ് തന്റെ അടുക്കൽ അതിനെ കൊണ്ടുവരുന്നു. കഴുതയാണ്! എല്ലാ മൃഗങ്ങളുടെയും കടിഞ്ഞൂലുകൾ കർത്താവിനു വിശുദ്ധമായി വേർതിരിക്കുമ്പോൾ, കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെകൊണ്ട് വീണ്ടെടുക്കണം. അല്ലെങ്കിൽ അതിന്റെ കഴുത്ത് ഒടിച്ചുകളയണം എന്നാണ് ന്യായപ്രമാണം, വല്യപുകഴ്ച്ച ഒന്നും പറയാൻ ഇല്ല. ഏറ്റവും അവമാനിക്കപ്പെടുന്നതും, നിന്ദിക്കപ്പെടുന്നതുമായ മൃഗങ്ങളിൽ മുൻനിരയിൽ ആണ് കഴുതയുടെ സ്ഥാനം. കർത്താവ് പക്ഷെ പറയുന്നത് എനിക്ക് അതിനെകൊണ്ട് ആവശ്യം ഉണ്ട് എന്നാണ്, പുകഴുവൻ യാതൊന്നു ഇല്ലെങ്കിലും, മറ്റുള്ളവർക്ക് മുൻപിൽ നിന്ദിതനും, അപഹാസ്യനുമായാലും, ആർക്കും നമ്മെ വേണ്ടാ എന്നാകിലും, നമ്മെ ആവശ്യമുള്ള ഒരു കർത്താവ് ഉണ്ട്, നിന്റെ രാജാവിനെ ചുമക്കുവാനായി ലോകരക്ഷിതാവിനെ എഴുന്നള്ളിക്കുവാനായി നിന്നെ ആവശ്യമുണ്ട്. കെട്ടപ്പെട്ട അവസ്ഥയിൽ നിന്നും സ്വതന്ത്ര്യം നൽകുന്ന യേശു. നഷ്ടപ്പെട്ട നമ്മുടെ നന്മകളെ മടക്കി നൽകുവാൻ ശക്തൻ ആണ്. യേശു നമ്മെ സ്നേഹിക്കുന്നു. കെട്ടപ്പെട്ട് കിടക്കുവാൻ അല്ല അവൻ ആഗ്രഹിക്കുന്നത്, മറിച്ച് ബന്ധന വിമുക്തനായി ജയാളിയെ വഹിക്കുന്നവനായി മുന്നോട്ട് പോകാനാണ് അവൻ നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത്. ആകയാൽ കർത്താവിന് നമ്മെ ആവശ്യമുണ്ട് എന്ന ബോധ്യത്തോടെ ശിഷ്ടകാലം കഴിക്കുവാൻ നമുക്ക് സാധിക്കേണ്ടതിനായി ആ ബലമുള്ള കരങ്ങളിൽ താണിരിക്കാം.