•   Sunday, 24 Nov, 2024

ആർ കുറ്റം ചുമത്തും??

Generic placeholder image
  Pracharam admin

 
യേശു പറയുന്നു. “നിങ്ങൾ എന്നെ തെരഞ്ഞെടുത്തു എന്നല്ല ഞാൻ നിങ്ങളെ തെരഞ്ഞെടുത്തു. നിങ്ങൾ പോയി ഫലം കായ്ക്കേണ്ടതിന് ഞാൻ നിങ്ങളെ ആക്കിവെച്ചുമിരിക്കുന്നു. ദൈവം ഒരു വ്യക്തിയെ തെരഞ്ഞെടുക്കുന്നതിന് തന്റേതായ ചില ഉദ്ദേശങ്ങൾ ഉണ്ട്. അത് പൂർത്തീകരിക്കുന്നതുവരെയും ദൈവമാണ് ആ വ്യക്തിയെ നയിക്കുക. ഏകസത്യാരാധന ലോകത്തിൽ വെളിപ്പെടുത്തേണ്ടതിനും, ഏക സത്യദൈവത്തെ ലോകത്തിന് കാണിച്ചുകൊടുക്കുന്നതിനും, വിശ്വസികളുടെ പിതാവായി തന്നെ ദൈവത്തിനു മാനിക്കേണ്ടതിനും,  വിഗ്രഹാരാധിയായി ജീവിച്ചുവരവെ നമ്മുടെ പൂർവ്വപിതാവായ അബ്രഹാമിനെ ദൈവം തെരഞ്ഞെടുത്തു. അനവധി പ്രശ്നങ്ങളിലൂടെ താൻ കടന്നു പോയി എങ്കിലും, ദൈവം തെരഞ്ഞെടുത്തതാകയാൽ ദൈവം തന്നെ നടത്തി. 

മോശെയെ ദൈവം തെരഞ്ഞെടുത്തു, തന്റെ ജനത്തെ നടത്തേണ്ടതിനുവേണ്ടി. പലർക്കും മോശെയെ നേതാവായി അംഗീകരിക്കുവാൻ മനസ്സായില്ല. ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ടവനെ മാറ്റി നിറുത്തി മുന്നോട്ട് പോകുവാൻ എന്നും സാധിക്കുകയില്ല. തന്റെ സഹോദരി മിര്യാം പോലും മോശെയ്ക്കെതിരെ പിറുപിറുത്തു. ദൈവം മോശെയെ വിശ്വസ്തനും, വിശ്വാസമുള്ളവനും ആയി കണ്ടതിനാൽ തനിക്ക് ഒരു ദോഷവും ഭവിച്ചില്ല. പിറുപിറുത്ത മിര്യാം കുഷ്ഠരോഗിയാകുകയും ചെയ്തു.

നാം വിധിക്കപ്പെടാതിരിക്കേണ്ടതിന് ആരേയും നമുക്ക് വിധിക്കാതിരിക്കാം. അവനവൻ ശരീരത്തിലിരിക്കുമ്പോൾ ചെയ്യുന്നത് നല്ലതാകിലും തീയതാകിലും, അതിനു തക്കവണ്ണം പ്രാപിക്കുവാൻ എല്ലാവരേയും ക്രിസ്തു തന്റെ ന്യായാസനമുൻപാകെ വെളിപ്പെടുത്തും. സ്വന്ത കണ്ണിലെ കോൽ ഓർക്കാതെ, സഹോദരന്റെ കണ്ണിലെ കരട് നാം എന്തിന് നോക്കുന്നു. കണ്ണിൽ കോലിരിക്കെ, സഹോദരന്റെ കണ്ണിലെ കരട് എടുക്കാമെന്ന് വ്യാമോഹിക്കുവാൻ നമുക്ക് കഴിയുന്നതെങ്ങനെ? സഹോദരനോട് കോപിക്കുന്നവനെല്ലാം ന്യായവിധിക്ക് യോഗ്യനാകുമെന്നും, മൂഢാ എന്നു പറഞ്ഞാൽ അഗ്നിനരകം പ്രാപിക്കുമെന്നും പുതിയ ഒരു നിയമം ക്രിസ്തു നമുക്ക് നൽകിയിരിക്കുന്നു. സംസാരത്താലോ, പ്രവർത്തിയാലോ, സഹോദരന് ഇടർച്ച വരുത്തുന്ന ഒന്നും സംഭവിക്കാതിരിക്കാൻ സൂക്ഷിച്ചുകൊൾക.

ദൈവം തെരഞ്ഞെടുത്ത ദാനിയേലിനെതിരെ മനുഷ്യൻ കുറ്റം ചുമത്തി തന്നെ സിംഹക്കുഴിയിലിട്ടു. അൽപം സമയത്തേയ്ക്ക് ദാനിയേലിന് ദുരിതം അനുഭവിക്കേണ്ടി വന്നുവെങ്കിലും, ദാനിയേലിന് സ്ഥാനമാനങ്ങൾ കൽപിച്ച് നൽകിയ ഉടയതമ്പുരാന് സംഭവിച്ചതും, സംഭവിക്കാനുള്ളതും, ദൈവനാമത്താൽ ദാനിയേൽ ഇത് സഹിക്കേണ്ടി വന്നു എന്നുള്ള വസ്തുതയും, നന്നായി അറിയാവുന്നതിനാൽ, ദാനിയേലിനെതിരെ എന്തെല്ലാം രേഖകൾ ചമച്ചുണ്ടാക്കിയാലും എന്തെല്ലാം എഴുതിയാലും, ആരെല്ലാം മുദ്രവെച്ചാലും, ഇതിനാൽ തങ്ങൾ ജയിച്ചു എന്നു വ്യാമോഹിച്ചവർ, അവർ ഒരുക്കിയ കെണിയിൽ വീഴ്ത്തപ്പെടും. രാത്രി പകലിനു വഴിമാറുന്ന താമസമേ അതിനുള്ളു. ദാനിയേലിനെതിരെ നിന്ന  കുഞ്ഞുകുട്ടി ആബാലവൃദ്ധ ജനങ്ങളെയും സിംഹഗുഹയിൽ ഇട്ടു കളഞ്ഞു. ഗുഹയുടെ അടിത്തട്ടിലെത്തും മുൻപെ അവരെ സിംഹം കീറികളഞ്ഞു. നാം ആർക്കെങ്കിലും എതിരെ ഒരു വിരൽ ചൂണ്ടുമ്പോൾ നാലു വിരലുകൾ നമുക്ക് എതിരെ ഉണ്ടെന്ന് മറക്കരുത്. നമ്മെ ഉള്ളതുപോലെ വിവേചിച്ചറിയുന്നവൻ ന്യായം വിധിക്കുന്ന ഒരു ദിനം വേഗത്തിൽ വരുമെന്ന് ഓർത്തുകൊള്ളുക.

Comment As:

Comment (0)