•   Monday, 25 Nov, 2024

പുകയുന്ന പാട്ടക്കരാറും എരിയുന്ന ചർച്ച് ഓഫ് ഗോഡും, എന്താകും പ്രിഫറൻസ് ബാലറ്റ്?

Generic placeholder image
  Pracharam admin

സൊസൈറ്റി ആക്ട് പ്രകാരം രെജിസ്റ്റർ ചെയ്തിട്ടുള്ള കേരളത്തിലെ പ്രമുഖ സംഘടനാ പ്രവർത്തനങ്ങളിൽ ഒന്നാണ് ദി സൊസൈറ്റി ഓഫ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ എന്ന പേരിൽ രെജിസ്ട്രേഷൻ ഉള്ള ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ഇൻ ഇൻഡ്യ കേരള സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംഘടന. ഈ സംഘടനയിൽ 1400-ഓളം വരുന്ന സുവിശേഷകരും അത്രത്തോളം തന്നെ സഭാ പ്രവർത്തനങ്ങളും കുറഞ്ഞത് രണ്ട് ലക്ഷം എങ്കിലും വിശ്വാസികളും ഉണ്ടായിരിക്കാൻ സാദ്ധ്യത ഉണ്ട്. 1400 സഭാ പ്രവർത്തനങ്ങൾ ഉള്ളതിൽ, ബഹുഭൂരിപക്ഷം ഇടങ്ങളിലും സഭയ്ക്ക് കുടിവരുവാനും ആരാധന നടത്തുവാനും അടിസ്ഥാനപരമായ സൗകര്യങ്ങൾ ഉണ്ട്. ഇതിനായി വാങ്ങിയിരിക്കുന്ന ഭൂമിക്കും, നിർമ്മിച്ച കെട്ടുപണിക്കും 99% പണവും മുടക്കുന്നത് സംഘടനയിലെ വിശ്വാസികൾ ആണെങ്കിലും, വാങ്ങുന്ന എല്ലാ സ്ഥാവരജംഗമ വസ്തുക്കളും സംഘടനയുടെ ഓവർസിയറുടെ പേരിൽകൂട്ടണം എന്നാണ് നിയമം. ഇത്തരം വസ്തുക്കൾ സ്ഥിരമായോ, താത്ക്കാലികമായോ കൈമാറ്റം ചെയ്യുവാൻ, പണം മുടക്കിയ വിശ്വാസിക്കോ, സഭയുടെ ചുമതലയിൽ ഉള്ള ശുശ്രൂഷകനോ നിലവിൽ അനുവാദം ഇല്ല. സഭയുടെ ഭരണംചുമതലയിൽ ഉള്ള കൗൺസിലിൻ്റേയും, ചുമതലയിൽ ഉള്ള തന്നാണ്ട് ഓവർസിയറുടെയും അനുമതി നേടിയാൽ മാത്രമേ അവർക്ക് അതു സാദ്ധ്യമാവുകയുള്ളു എന്നതാണ് കീഴ്വഴക്കവും, സംഘടനയുടെ പോളിസിയുടെ അനുശാസനവും.

ഇത്തരത്തിൽ വളരെ ശ്രദ്ധാപൂർവ്വം എഴുതി തയ്യാറാക്കിയ നിയമസംവിധാനം ഉള്ള പ്രസ്ഥാനത്തിൽ, 2 ഏക്കറിൽ അധികം വരുന്ന വസ്തു പാട്ടം കൊടുത്തത്  സംബന്ധിച്ചുള്ള വിവാദം കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുകയാണ്.  ഇതിനു മുൻപ് കേരളാ സ്റ്റേറ്റിൽ സമാന വിഷയങ്ങൾ കേട്ടുകേൾവി ഇല്ലാത്തതാണെങ്കിലും, ചർച്ച് ഓഫ് ഗോഡിൻ്റെ ഒന്നിലധികം സ്റ്റേറ്റുകളിൽ ഇതിനു തുല്യമായ വസ്തു ഇടപാടുകൾ നടക്കുകയും, സഭയ്ക്ക് ഭീമമായ നഷ്ടങ്ങൾ വരുത്തുകയും ചെയ്തവർ ഇല്ലാതില്ല. പിന്നത്തേതിൽ അത്തരക്കാരെ പ്രവർത്തകർ നിഷ്ക്കരുണം പുറത്താക്കിയെന്നതാണ് സംഘടനയുടെ ചരിത്രം.

ഔദ്യോഗിക വിശദീകരണം വെറും പുകമറ:
നിലവിൽ പഞ്ചായത്ത് രാജിൻ്റെ കെട്ടിടനിർമ്മാണ നിയമങ്ങളിൽ സഭാ നേതൃത്വം ഉന്നയിക്കുന്നതുപോലെ, ഒരു വ്യക്തിയുടെ പേരിൽ ഇത്ര കെട്ടിടം മാത്രമെ പണിയാൻ പാടുള്ളു എന്ന് നിയമം ഇല്ല. വിവിധ പഞ്ചായത്ത് ഓഫിസുകളിൽ ദീർഘ വർഷങ്ങൾ ആയി ഔദ്യോഗിക ചുമതല വഹിക്കുന്ന പലരുമായി സംഭാഷിച്ചതിൽ നിന്നും ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് സ്വന്തായി നിർമ്മിച്ചതായിരിക്കാം ഈ നിയമം എന്ന അനുമാനത്തിൽ എത്തിചേരുവാൻ മാത്രമേ നമുക്ക് സാധിക്കുക ഉള്ളു. ഇതിൽ എന്തെങ്കിലും സംശയം ഉള്ളവർ നിങ്ങളുടെ സമീപത്തുള്ള പഞ്ചായത്ത് ഓഫീസിൽ ഒന്ന് അന്വേഷിച്ചു നോക്കു, ഈ ഭോഷ്ക്കിൻ്റെ സത്യാവസ്ഥ തിരിച്ചറിയാം.

പൊതു ഉപയോഗത്തിനായി നിർമ്മിക്കുന്നതോ, അഥവാ ഒരു വസ്തുവിൽ ലക്ഷം സ്ക്വർ ഫീറ്റിൽ അധികമോ അളവിൽ കെട്ടിടങ്ങൾ ഉണ്ടെങ്കിൽ, വസ്തുവിലേയ്ക്ക് പോകുന്ന വഴി സംബന്ധിച്ച് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ പഞ്ചായത്ത് അനുശാസിക്കുന്നുണ്ട്. കുക്ക് സായ്പ്പ് തൻ്റെ കാളവണ്ടിയിൽ സഞ്ചരിക്കുവാനായി നിർമ്മിച്ചതും പിന്നീട് കെ. സി. ജോൺ സാറിൻ്റെ കാലത്ത് ടാർ ചെയ്ത് മനോഹരമാക്കിയതുമായ റോഡ് ഇടുങ്ങിയതും പുതിയ കെട്ടിടനിർമ്മാണത്തിന് പെർമിഷൻ കിട്ടാൻ അനുയോജ്യവുമല്ല എന്നത് സത്യസന്ധമായ വസ്തുത ആണ്. ഇതു മുൻകൂട്ടി കണ്ട്, 2005-2009 കാലഘട്ടത്തിൽ പാസ്റ്റർ പി. ജെ. ജെയിംസ് ദൈവസഭയുടെ പേരിൽ ആധാരം ചെയ്ത് വാങ്ങിയ വസ്തുവിലേയ്ക്ക് എം. സി. റോഡിൽ നിന്നും നേരിട്ട് പ്രവേശിക്കാവുന്ന കുക്ക് സ്ട്രീറ്റ് എന്ന് നാമകരണം ചെയ്തതും, ദൈവസഭയുടെ ജനറൽ ഓവർസിയർ ഉത്ഘാടനം ചെയ്തതും, മുളക്കുഴ പഞ്ചായത്തിൻ്റെ അനുമതിയോടെ ദൈവസഭയുടെ പേര് എഴുതിയ ആർച്ച് സ്ഥാപിച്ചിട്ടുള്ളതുമായ വിശാലമായ വീതിയുള്ളതുമായ വഴി നിർമ്മിച്ചത്.  വഴിയും, വസ്തുവും വാങ്ങിയ ദൈവദാസനെ മറന്നുപോയെങ്കിലും, അദേഹം വാങ്ങിയ വസ്തു ആണ് പുതിയ ആഡിറ്റോറിയം നിർമ്മാണത്തിനുപയോഗിച്ചത് എന്നതതാണ് മറ്റൊരു വിരോധാഭാസം. ജെയിംസ് സാർ നിർമ്മിച്ച വഴിയിൽ നിന്നും കുക്ക് സായ്പ്പ് നിർമ്മിച്ച വഴിയിലൂടെ എം. സി. റോഡിലേയ്ക്ക് വൺ വേ ആയി വഴി ഉണ്ടെന്ന സത്യം മറച്ച് വെയ്ക്കാതെ ഇരുന്നിരുന്നെങ്കിൽ ആഡിറ്റോറിയം നിർമ്മാണത്തിനു ദൈവസഭയ്ക്ക് ഒരു പാട്ടക്കരാറും കൂടാതെ പെർമിഷൻ ലഭിക്കുമായിരുന്നു എന്നത് ആരും അറിയാതെ പോകരുത്. അങ്ങനെ എങ്കിൽ ഈ കരാർ നിർമ്മാണത്തിനു പിന്നിൽ മറ്റെന്തെങ്കിലും ദുരുദേശം ഉണ്ടോ എന്ന് ബലമായി സംശയിക്കേണ്ടി ഇരിക്കുന്നു.

കൗൺസിലിൻ്റെ അനുവാദത്തോടുകൂടെ, നടത്തിയ താത്ക്കാലിക ഇടപാടാണ് ഇത് എന്നും ഒരു  വിശദീകരണം ഉണ്ട് എന്ന് കേൾക്കുന്നു. എന്നാൽ പതിനഞ്ച് അംഗ കൗൺസിലിൽ ഈ വിഷയവുമായി യാതോരുവിധ അറിയിപ്പും ലഭിക്കാത്തത്തവരാണ് ഭൂരിപക്ഷം പേരും എന്നാണറിയുവാൻ കഴിയുന്നത്. അഥവാ ഇത് മുൻകൂട്ടി അറിയുകയും, ഇത്തരം കുൽസിത പ്രവർത്തിക്ക് കൂട്ടുനിൽക്കുകയും ഈ വിഷയത്തിൽ ചങ്കുകൊടുത്ത് വാഗ്വാദത്തിനു മുതിർന്ന ഓരോ കൗൺസിൽ അംഗങ്ങളേയും നിങ്ങൾ ഇപ്പോഴെ ശ്രദ്ധിച്ചുകൊള്ളുക,  ഇനിയും അവസരം കിട്ടിയാൽ സീയോൻ കുന്നിൻ്റെ അടിവേർ അവർ മാന്തികൊണ്ട് പോയെന്നിരിക്കും.

പോളിസി എന്ത് പറയുന്നു:

പണം മുടക്കി വസ്തു വാങ്ങുകയും കെട്ടിടം കെട്ടുകയും ചെയ്യുന്ന വിശ്വാസികൾക്കോ, വിശ്വാസികളെ കോർത്തിണക്കി അതുവരെ എത്തിച്ച സഭാ ശുശ്രൂഷകനോ  ക്രയവിക്രയാധികാരം ഇല്ലാതിരിക്കെ ആണ് എല്ലാ കൗൺസിൽ അംഗങ്ങളുടെയും അറിവില്ലാതെ സൊസൈറ്റിയുടെ വസ്തു പാട്ടം കൊടുത്തത് എന്നത് ഗുരുതരമായ വീഴ്ച്ച ആണ്. സംഘടനയുടെ പോളിസിയിൽ പറഞ്ഞിരിക്കുന്ന വിവിധ വകുപ്പുകളുടെയും ഉപവകുപ്പുകളുടെയും പച്ചയായ ലംഘനമാണ് ഈ കരാറിലൂടെ സംഘടനാ നേതാക്കൾ ചെയ്തിരിക്കുന്നത്. ചർച്ച് ഓഫ് ഗോഡ് ഇന്റർനാഷണൽ ജനറൽ അസംബ്ലിയുടെ 1906 മുതൽ 2018 വരെയുള്ള നിലവിലുള്ള നിയമങ്ങൾ ഉൾക്കൊള്ളുന്ന  മിനുറ്റ്സ് 2018 ചർച്ച് ഓഫ് ഗോഡ് സംഘടനയുടെ അച്ചടക്കത്തിന്റെയും സഭാ ക്രമത്തിന്റെയും ഭരണത്തിന്റെയും പുസ്തകം എന്നാണ് അതിൽ തന്നെ പറയപ്പെട്ടിരിക്കുന്നത്. മിനുട്സ് 2018 പ്രകാരം ചുവടെ പറയുന്ന ചട്ട ലംഘനങ്ങൾ പാട്ട കരാർ നിമിത്തം സംഭവിച്ചിട്ടുണ്ട്.

സാമൂഹിക പ്രതിബദ്ധതാ ലംഘനം
238 പേജുകൾ ഉള്ള മിനുറ്റ്സ് 2018-ൻ്റെ പേജ് 28ൽ പോയ്ൻ്റ്  VII സാമൂഹിക പ്രതിബദ്ധത സംബന്ധിച്ച് വിശദീകരിക്കുന്നു. അതിലെ സബ് പോയ്ൻ്റ് എ പ്രകാരം, ചർച്ച് ഓഫ് ഗോഡിലെ ഓരോ അംഗങ്ങളും നല്ല പൗരന്മാരായി ജീവിക്കണം. നമ്മുടെ രാജ്യത്തെ നിയമങ്ങൾ ദൈവത്തോടുള്ള അനുസരണത്തിന് എതിരല്ലാത്തതിനാൽ അവ അനുസരിക്കണം. അതിനാൽ, അതത് രാജ്യത്തിൻ്റെ ഭരണ സംവിധാനത്തിനു കീഴടങ്ങി, നിയമങ്ങൾ അനുസരിക്കുന്നവർ ആയിരിക്കണം എന്ന് നിഷ്ക്കർഷിച്ചിരിക്കുന്നു.

രാജ്യത്തിൻ്റെ നിയമപ്രകാരം ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റിൻ്റെ പേരിൽ കെട്ടിടം നിർമ്മിക്കുവാൻ  ദൈവസഭാ നേതൃത്വം ഉന്നയിച്ചിരിക്കുന്ന തടസ്സവാദങ്ങൾ വെറും പൊള്ളത്തരങ്ങൾ ആയിരിക്കെ, നേരായ മാർഗത്തിൽ പോയാൽ-മുൻ ഓവർസിയർ നിർമ്മിച്ച വഴി ഉപയോഗിച്ചാൽ - മാനവും മഹത്വവും മുൻ ഓവർസിയർക്ക് പൊയ്പോകും എന്ന കുത്സിത ചിന്തയിൽ,  സർക്കാരിനെ കബളിപ്പിക്കുവാൻ വ്യാജമായി (താത്കാലികമായി) ഒരു കരാർ നിർമ്മിക്കുന്നത് മുകളിൽ പ്രസ്താവിച്ച മിനുറ്റ്സ് 2018-ലെ നിർദേശങ്ങളുടെ പച്ചയായ ലംഘനം ആണ്. സംഘടനയുടെ നിയമത്തേയും, രാജ്യത്തിൻ്റെ നിയമത്തേയും ഒരേ സമയം തൃണവത്ക്കരിക്കുകയും, നിസാരവത്ക്കരിക്കുകയും ആണിതിലൂടെ ചെയ്തിരിക്കുന്നത്. കൗൺസിലോ, ഗവേണിംഗ് ബോഡിയോ, ഏഷ്യൻ സൂപ്രണ്ടൻ്റോ ഈ കരാറിനെ അംഗീകരിച്ചു എന്നാണെങ്കിൽ അവരും പോളിസി ലംഘിച്ചു എന്ന് നിസംശയം പറയേണ്ടി ഇരിക്കുന്നു. സംഘടനയുടെ പോളിസി ലംഘിച്ച, ലംഘിക്കുവാൻ അനുവാദം നൽകിയ സൂപ്രണ്ടൻ്റ്  ഉൾപ്പെടെ സകലരും കുറ്റക്കാർ എന്ന് കരുതേണ്ടി ഇരിക്കുന്നു.

സംഘടനയുടെ അംഗങ്ങളെ ഒഴിവാക്കി
മിനുറ്റ്സ് 2018-ൻ്റെ പേജ് 44, സ്റ്റേറ്റ് / റ്റെറിടറി എന്ന സെക്ഷനിൽ രണ്ടാമത്തെ പോയ്ൻ്റ് പ്രകാരം ക്യാമ്പ് ഗ്രൗണ്ട്, റിക്രിയേഷൻ സെൻ്റർ തുടങ്ങിയവ വാങ്ങുകയോ വിൽക്കുകയോ ചെയ്യുന്നതിനു  മുൻപ് ശുശ്രുഷകരേയും, അംഗങ്ങളേയും തീരുമാനം എടുക്കൽ പ്രക്രീയയിൽ പങ്കെടുപ്പിക്കേണ്ടതാണ്. ഇവിടെ തീരുമാനം എടുക്കാൻ കൂടെ കൂട്ടി ഇല്ലാ എന്നതോ പോകട്ടെ, 1400 ശുശ്രൂഷകരുടെ നേതാവ് ഇപ്രകാരം ഒരു കരാർ താൻ എഴുതിയിട്ടില്ലാ എന്ന് കരാർ ലഭിച്ച ആളുടെ സാന്നിദ്ധ്യത്തിൽ പരസ്യമായി പ്രഖ്യാപിക്കുകയും, മുകളിൽ ഒരു ദൈവം ഉണ്ടെന്ന് ദൈവത്തെ കൂട്ടുപ്രതി ആക്കുകയും ആണ് ചെയ്തത്. വല്യ ഗുണം ഒന്നും ഇല്ലേലും, മനസ്സിൻ്റെ ഒരു ആശ്വാസത്തിനായി, ഈ പോയ്ൻ്റ്  വിൽപനയും വാങ്ങലുമാണ് പ്രതിനിധീകരിക്കുന്നത് എന്നും, ഞങ്ങൾ പാട്ടകരാർ അല്ലേ എഴുതിയത് എന്നും, വിശ്വാസികൾക്ക് ഒന്നും അംഗത്വം ഇല്ലല്ലോ എന്നും വേണമെങ്കിൽ അടിമകണ്ണുകൾക്ക് വാദിക്കാം. ഇതാണു ഞങ്ങൾ ആർക്കും അംഗത്വം നൽകാത്തത് എന്ന് പറഞ്ഞാലും അതിശയോക്തി ഒന്നും ആർക്കും തോന്നുകയുമില്ല.

സ്റ്റേറ്റ് ബോർഡ് ഓഫ് ട്രസ്റ്റിൻ്റെ അധികാരത്തിൽ കൈകടത്തൽ:
മിനുറ്റ്സ് 2018-ൻ്റെ പേജ് 129ൽ S34 സ്റ്റേറ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് എന്ന തലക്കെട്ടിലെ പോയിന്റ് 1 പ്രകാരം (1) സംസ്ഥാന മേൽനോട്ടക്കാരൻ - ഓവർസിയർ,  ഒരു സ്റ്റേറ്റ് മീറ്റിംഗിലോ, സഭയുടെ ശുശ്രൂഷകരുടെ വിളിക്കപ്പെട്ട മീറ്റിംഗിലോ, സഭയുടെ ഒരു സംസ്ഥാന കൺവെൻഷനിലോ അഞ്ച് അംഗങ്ങളിൽ കുറയാത്ത ഒരു സ്റ്റേറ്റ് ബോർഡിനെ നിയമിക്കണം. (2)  പ്രസ്തുത ബോർഡിലെ ഏതെങ്കിലും മൂന്ന് അംഗങ്ങൾക്ക്,  സൂപ്രണ്ടിന്റെ സമ്മതത്തോടെ, വസ്തുവകകൾ വിൽക്കുന്നതിനോ കൈമാറ്റം ചെയ്യുന്നതിനോ പണം കടം വാങ്ങുന്നതിനോ വസ്തുവകകൾ പണയപ്പെടുത്തുന്നതിനോ ആവശ്യമായ എല്ലാ ഇടപാടുകളും ക്രമീകരണങ്ങളും ചെയ്യാൻ അധികാരപ്പെടുത്തണം. (3) എല്ലാ കൈമാറ്റങ്ങളും  ഇന്റർനാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം വേണം നടപ്പിലാക്കുവാൻ; എന്നിങ്ങനെ നിയമങ്ങൾ എഴുതിചേർത്തിട്ടുണ്ട്.

അതേ തലക്കെട്ടിൽ പോയിന്റ് : 5 പ്രകാരം : ചർച്ച് ഓഫ് ഗോഡിന്റെ സ്റ്റേറ്റ് ഓവർസിയറുടെ നിർദ്ദേശ പ്രകാരം, സ്റ്റേറ്റ് ബോർഡ് ഓഫ് ട്രസ്റ്റീസിന് വാങ്ങാനും വിൽക്കാനും പണം കൈമാറ്റം ചെയ്യാനും പണം കടം വാങ്ങാനും സ്റ്റേറ്റിൻ്റെ ഉടമസ്ഥതയിലുള്ള വസ്തുവകകൾ പണയപ്പെടുത്താനും അവകാശമുണ്ട് എന്ന് നിഷ്കർഷിച്ചിരിക്കുന്നു.

അതേ തലക്കെട്ടിൽ പോയിന്റ് : 6 മിഷൻ സ്‌റ്റേറ്റുകളുടെ കാര്യത്തിൽ, പണം കടം വാങ്ങുന്നതിനോ ഏതെങ്കിലും വിധത്തിൽ സഭയ്ക്ക്  സാമ്പത്തീക  ഭാരം വരുത്തുകയോ ചെയ്യുന്നതിന് അന്താരാഷ്ട്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അംഗീകാരം നേടേണ്ടത് ആവശ്യമാണ് എന്ന് പ്രതിപാദിച്ചിരിക്കുന്നു.

ഈ പോയിൻ്റുകളുടെ ആകെ തുക എന്തെന്നാൽ, ഒരു സ്റ്റേറ്റിലെ വസ്തു വിൽക്കുവാനോ, വാങ്ങുവാനോ, പണയപ്പെടുത്തുവാനോ ഓവർസിയർക്ക് അധികാരം ലഭിക്കണമെങ്കിൽ അന്തരാഷ്ട്ര എക്സിക്യൂട്ടീവ് കമ്മറ്റിയിൽ നിന്നും അനുവാദം വാങ്ങി ഇരിക്കണം. കൂടാതെ, ഒരു പൊതുമീറ്റിംഗിൽ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേറ്റ് ബോർഡ് ട്രസ്റ്റികൾക്ക് ആണ് ഇത്തരം ഭൗതീക വിഷയങ്ങളിൽ അധികാരം ഉള്ളത്.

മേല്പറഞ്ഞ നിയമങ്ങൾ ഒന്നും മുളക്കുഴയിൽ പാട്ടക്കരാർ വിഷയത്തിൽ പാലിക്കപ്പെട്ടിട്ടില്ലാ എന്നത് പകൽ പോലെ സത്യം ആയ വസ്തുത ആകുന്നു. പറയപ്പെട്ട നിർദേശങ്ങളും നിയമങ്ങളും ഒക്കെ ഈ പുസ്തകത്തിൽ ഉണ്ടെന്നതുതന്നെ എഴുതിയവർക്കും എഴുതിപ്പിച്ചവർക്കും സാക്ഷികളായവർക്കും അറിയുമായിരുന്നോ എന്ന് ദൈവത്തിനറിയാം. നിയമപുസ്തകം എഴുതിയ സായ്പ്പിന് ഇതിനെക്കുറിച്ച് നല്ല ഗ്രാഹ്യമുള്ളതുകൊണ്ടും, കുറെച്ചൊക്കെ ആത്മീക ആദർശങ്ങൾവെച്ചു പുലർത്തുന്നവരായതിനാലും, ഒരു ഓവർസിയർ നേരിട്ട് ഇത്തരം ഒരു വിഷയം അവതരിപ്പിച്ചാൽ, അംഗീകാരം നൽകും എന്ന് വിശ്വസിക്കുവാൻ അല്പം പ്രയാസമാണ്. അഥവാ ചർച്ച് ഓഫ് ഗോഡ് അന്താരാഷ്ട്ര എക്സിക്യൂട്ടീവ് കമ്മറ്റി, ഇന്ത്യൻ സർക്കാർ നിയമത്തെ ലംഘിക്കുവാൻ ഓവർസിയർക്ക് കൂട്ടുനിൽക്കുക ആയിരുന്നു എന്നു വരുമോ? 

പാട്ടക്കരാറും ഭവിഷ്യത്തുകളും.

  • പാട്ടക്കരാറിൻ്റെ അതിരുകൾ നിർണ്ണയിച്ചിരിക്കുന്നതിൽ കിഴക്ക് ചർച്ച് ഓഫ് ഗോഡ് വക വസ്തു ആണ് എന്ന് കാണിച്ചിരിക്കുന്നു. വടക്ക് കാപ്പിൽ തോട്ടത്തിലും, പടിഞ്ഞാറ് അംബേദ്ക്കർ റോഡും, തെക്ക് ഭാരത് ഭവൻ ശമുവേലിൻ്റെ വസ്തുവും ആണ്. (ഇതിൽ തന്നെ വസ്തുവിലേയ്ക്ക് വഴിയുണ്ട് എന്നത് വീണ്ടും വ്യക്തമാകുന്നു). അതിർ നിർണ്ണയിച്ചിരിക്കുന്ന വസ്തുവിൻ്റെ കിഴക്കെ അതിരിൽ ആണ് പുതിയ ആഡിറ്റോറിയം നിർമ്മിച്ചിരിക്കുന്നത്. ഈ ഏലുകയിൽ ഉള്ള വസ്തു വാങ്ങിയത് പാസ്റ്റർ പി. ജെ. ജെയിംസ് ആണ്. ആധാര പ്രകാരം 3 ഏക്കർ 50 സെൻ്റ് ആണ് ഈ വസ്തുവിൻ്റെ അളവ്. ഇതിൽ നിന്നും 2 ഏക്കർ 65 സെൻ്റ് സ്ഥലം ആണ് പാട്ടം കൊടുത്തിരിക്കുന്നത്. പടിഞ്ഞാറെ അംബേദ്ക്കർ റോഡിൽ നിന്നും വസ്തു അളന്നാൽ, പുതിയ ആഡിറ്റോറിയം നിൽക്കുന്നത് പാട്ടകരാർ വസ്തുവിൽ അല്ലാ എന്നത് സ്പഷ്ടം ആണ്. കിഴക്ക് നിന്നും ഒരേക്കർ വസ്തു ഒഴിവാക്കി അളക്കാമെന്നു വെച്ചാലും പാട്ടക്കരാർ വസ്തുവിൽ അല്ലാ ആഡിറ്റോറിയം എന്നതാണ് വാസ്തവം. എങ്കിൽ പിന്നെ എന്തിനായിരുന്നു ഈ കരാർ നിർമ്മിക്കപ്പെട്ടത്? കരാറിനു പിന്നിൽ മറ്റെന്തെങ്കിലും കുത്സിത പദ്ധതി മറഞ്ഞിരിപ്പുണ്ടോ എന്ന് അന്വേഷിക്കേണ്ടി ഇരിക്കുന്നു. ഇത് വീണ്ടും സർക്കാർ നിയമങ്ങളോടുള്ള വെല്ലുവിളി ആണെന്നത് വ്യക്തമാണല്ലോ. മൂന്നാറിൽ എന്നപോലെ അനധികൃത നിർമ്മാണം ആണ് നടന്നിരിക്കുന്നത് എന്ന് സ്പഷ്ടം. 
  • അഥവാ പാട്ടക്കരാർ വസ്തുവിൽ തന്നെ ആണ് ആഡിറ്റോറിയം പണിതത് എന്നിരിക്കട്ടെ. എങ്കിൽ ആഡിറ്റോറിയം നിർമ്മാണത്തിനു പണം മുടക്കിയത് ആര്? പാട്ടക്കാരനോ? ദൈവസഭയോ? ദൈവസഭ ആണെന്ന് ഉത്ഘാടനത്തിന് ഓവർസിയർ പ്രഖ്യാപിച്ചിരുന്നുവല്ലോ. ആഡിറ്റോറിയം നിർമ്മാണത്തിനായി പിരിവും നടത്തിയിരുന്നുവല്ലോ. പാട്ടക്കാരൻ്റെ വസ്തുവിൽ നിർമ്മിച്ച ആഡിറ്റോറിയത്തിനു സൊസൈറ്റി പണം മുടക്കാൻ പാടുണ്ടോ? സർക്കാറിനു കണക്ക് കൊടുക്കുമ്പോൾ ആഡിറ്റോറിയം നിർമ്മാണത്തിൻ്റെ കണക്കുകൾ കാണിക്കുവാൻ സാധിക്കുമോ?
  • അഥവാ പാട്ടക്കാരൻ ആണ് ആഡിറ്റോറിയം പണിതത് എന്നിരിക്കട്ടെ, പ്രസ്തുത നിർമ്മാണം നടത്തുവാൻ കോടികൾ വന്ന വഴി ഏതെന്ന് പാട്ടക്കാരൻ വെളിപ്പെടുത്തേണ്ടി വരില്ലേ? കെട്ടിടം പണിയുടെ കമ്പ്ലീഷൻ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം, കരാർ റദ്ധാക്കിയാൽ പോലും, കെട്ടിടം നിർമ്മിക്കുവാൻ പണം ഉണ്ടാക്കിയ വഴി വിവരിക്കാൻ കരാറുകാരൻ ശകലം വിയർക്കേണ്ടി വരും. അനധികൃതസ്വത്ത്- കുഴല്പണം- ബ്ലാക്ക് മണി - ഏത് വിഭാഗത്തിൽപെടും ആ പണം?  ഈ. ഡി. പിടിച്ച് കുടയുമ്പോൾ ഇതൊക്കെ മണി-മണിയായി വെളിപ്പെടുമാരിക്കും അല്ലേ?
  • പഞ്ചായത്തിനെ / സർക്കാരിനെ പറ്റിക്കാൻ താത്ക്കാലികം ആയി ഉണ്ടാക്കിയ പാട്ടകരാറിൻ്റെ ബലത്തിൽ നിർമ്മിച്ച കെട്ടിടത്തിൻ്റെ സർക്കാർ രേഖകളിലെ അവകാശി ആരാണ്? പാട്ടക്കാരനോ? അതോ ദൈവസഭയോ? പാട്ടക്കാരൻ ആയിരിക്കുവാനാണല്ലോ 99%-വും സാദ്ധ്യത. 
  • ലക്ഷ്യം നല്ലതാണെങ്കിൽ അത് നേടുവാനായി ഏത് മാർഗവും സ്വീകരിക്കാമെന്ന് പാട്ടക്കാരനും, പാട്ടം എഴുതിയ ഓവർസിയറും പെന്തകോസ്ത് സമൂഹത്തെ പഠിപ്പിച്ചത് നന്നാണോ? കരാർ എഴുതി ഒപ്പിട്ട് മക്ഷി ഉണങ്ങും മുൻപ് മുകളിൽ ഒരാൾ ഉണ്ടല്ലോ എന്ന് ദൈവത്തെ കൂട്ടുപ്രതിയാക്കി, ഇങ്ങനെ ഒരു കരാർ എഴുതിയിട്ടില്ലാ എന്ന് രണ്ടാളും ഒരേപോലെ പരസ്യപ്രഖ്യാപനം നടത്തിയതിലൂടെ 1400 സുവിശേഷകർക്ക് ലഭിച്ചത് എന്ത് മാതൃക ആണ്? സൂപ്രണ്ടൻ്റും, അന്താരാഷ്ട്ര എക്സിക്യൂട്ടീവ് കൗൺസിലും, ഇത്രയും മോശപ്പെട്ട മാതൃക നൽകുവാൻ കൂട്ടു നിൽക്കുമോ?
  • ആഡിറ്റോറിയം നിർമ്മിക്കുന്നതിനു സർക്കാർ റെഗുലേറ്ററി പ്രകാരം പറയപ്പെട്ടിരിക്കുന്ന എല്ലാ നിർദേശങ്ങളും പാലിക്കപ്പെട്ടിട്ടുണ്ടോ? പാലിക്കാതിരുന്നാലുള്ള ഭവിഷ്യത്തുക്കൾ വിശദീകരിക്കേണ്ടതില്ലല്ലോ. പാലിക്കപ്പെട്ടിട്ടില്ലാ എന്നതിൻ്റെ ശക്തമായ തെളിവാണല്ലോ, ആഡിറ്റോറിയത്തിലേയ്ക്കുള്ള റോഡിൻ്റെ ചില ഭാഗങ്ങളിൽ മാത്രമേ വീതി കൂട്ടുവാൻ കഴിഞ്ഞുള്ളു എന്നത്. ഒരു അന്വേഷണം വരുമ്പോൾ ആരാണിതിനു മറുപടി നൽകേണ്ടത്?

എൻ്റെ കുറവ്: പാട്ടക്കരാർ വിഷയത്തിൽ പലരോട് സംസാരിച്ചു, പലരിൽ നിന്നും അറിവുകൾ നേടി, മണിക്കൂറുകൾ ചർച്ച ചെയ്തു. എന്നിരിക്കിലും, പാട്ടക്കാരനോടും, പാട്ടം എഴുതി നൽകിയ ആളോടും ഞാൻ സംസാരിച്ചിട്ടില്ല. കാരണം അവരുടെ ഭാഗം വീഡിയോയിൽ വ്യക്തമായി പ്രതിഫലിച്ചിരുന്നുവല്ലോ? ഇങ്ങനെ ഒരു കരാർ  ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ എഴുതിയിട്ടില്ലാ എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും, അതിനു കരാറുകാരൻ പിന്താങ്ങുകയും ചെയ്തിരിക്കെ, കൂടുതൽ വ്യാജം പറയാൻ അവരെ പ്രേരിപ്പിക്കുവാൻ ഒരു കാരണം ഞാൻ ആയിട്ട്  സൃഷ്ടിക്കേണ്ടാ എന്ന് കരുതി എന്നു മാത്രം. (ചിലരിൽ നിന്നും ദശാംശം വാങ്ങാത്തത് സംബന്ധിച്ച് എഴുതുമ്പോൾ ഓവർസിയറോട് സംസാരിക്കുവാൻ ഒന്ന് ശ്രമിക്കാം)

Comment As:

Comment (0)