•   Sunday, 06 Oct, 2024

ഫലകരമായ ക്രിസ്തീയ ജീവിതം

Generic placeholder image
  Pracharam admin

ചിന്തനീയവും ഏറെ ആശയങ്ങൾ കൈവരിക്കുന്നതുമായ ഒരു വിഷയമാണ് “ഫലകരമായ ക്രിസ്തീയ ജീവിതം” “ക്രിസ്തീയ ജീവിതം പോൽ ഭാഗ്യം പാരിലെന്തുള്ളു?” എന്ന ഗാനത്തിൽ ഗാനരചിതാവിന്റെ കഷ്ടതയും ജീവിത പ്രയാസങ്ങളും ഒളിഞ്ഞു നിൽക്കുന്നു. കഷ്ടതയെയും പട്ടിണിയെയും അതിജീവിച്ചവരുടെ ഒരു തലമുറയാണ് നാം. പാരമ്പര്യ ക്രിസ്ത്യാനിത്വവും ആധുനിക സഭാനിയന്ത്രണങ്ങളും മാറിമറിയുന്ന ഒരുകാലത്ത് ഏറെ ശ്രദ്ധേയമാകുന്ന ഒന്നാണ് ക്രിസ്തിയജീവിതം ഫലകരമാകുന്നുണ്ടോയെന്നത്. സഭായോഗങ്ങളിലും ഇടയോഗങ്ങളിലും കേവലം ഗാനത്തിന്റേയും പ്രാർത്ഥനയുടേയും, ഉപദേശത്തിന്റെയും മതിലുകൾക്കുള്ളിൽ തിങ്ങിപാർക്കുമ്പോൾ ന്യൂജനറേഷൻ എന്ന ഓമനപ്പേരുകാരായ പുതുതലമുറയുടെ ആത്മീയത കാറ്റത്തെ കരിയിലപോലെ മുൻപോട്ട് പോകുന്നു. ഒരു വൃക്ഷത്തെ അതിന്റെ ഫലത്തിൽ നിന്ന് അറിയാമെന്ന് പഴമക്കാർ പറയുന്നതുപോലെ  സ്വഭാവഗുണങ്ങളും മനോഭാവങ്ങളും, വാക്കുകളും, ചിന്തകളും, വ്യക്തിജീവിതത്തിൽ ചൊലുത്തുന്ന സ്വാധീനം പലപ്പോഴും നമ്മിൽ നിന്നും ഉൽഭവിക്കേണ്ട നല്ല ഫലത്തിനു വിപരീതമായത് പുറപ്പെടുവിക്കുവാൻ കാരണം ആകുന്നു. ജഡീക പ്രവർത്തികൾ നമ്മെ സ്വാധീനിച്ച് ആത്മീകബന്ധത്തിനു കോട്ടം സംഭവിക്കുന്നു. ഫലകരമായ ക്രിസ്തീയജീവിതം പുലർത്തുവാൻ നമുക്ക് എങ്ങനെ സാധിക്കും? സാക്ഷാൽ മുന്തിരിവള്ളിയായ ക്രിസ്തുവിനോട് ചേർന്ന്, പിതാവായ തോട്ടക്കാരന്റെ പരിചരണത്തിൽ നിന്നെങ്കിൽ മാത്രമേ സാധിക്കൂ. അധികഫലം കായ്ക്കേണ്ടതിനു ചെത്തി വെടിപ്പാക്കുന്നു (യോഹ 15:1-15) എന്നാണ് തിരുവചനം പറയുന്നത്.

ശുദ്ധീകരിക്കപ്പെട്ട്, ഉന്നതഭാവവും, നിഗളഹൃദയവും (ലോകസ്നേഹം) നമ്മിൽ നിന്നും മാറ്റി തന്നെത്താൻ താഴ്ത്തി, ക്രിസ്തുവിനോട് ചേർന്നാൽ അവൻ നമ്മിൽ വസിക്കുവാൻ ഇടയാകും. എങ്കിൽ മാത്രമേ അധികം ഫലം കായ്ക്കുവാൻ സാധിക്കും. അവൻ
കൈപ്പണിയായ നമ്മൾ സൽപ്രവർത്തികൾക്കായിട്ട് ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടിരിക്കയാൽ ജഡത്തിന്റെ പ്രവർത്തികളെ ആത്മാവിൻറ ഫലത്താൽ ജയിക്കുവാൻ സാധിക്കും (ഗലാത്യ 5:19). വിശ്വാസമില്ലാത്ത വ്യർത്ഥ പ്രവർത്തികളെ വിട്ടുകളഞ്ഞ്, വ്യർത്ഥമല്ലാത്ത ദൈവകൃപയിൽ ആശ്രയിച്ചെങ്കിൽ മാത്രമെ ദൈവമഹത്വത്തിനും ദൈവികപുകഴ്ച്ചയ്ക്കുമായി ക്രിസ്തുവിന്റെ നീതിഫലം നിറഞ്ഞവരാകാൻ സാധിക്കുകയുള്ളു.

യെശയ്യാപ്രവാചകന്റെ ദർശനത്തിൽ കണ്ടതുപോലെ അകൃത്യഭാരം ചുമക്കുന്ന ജാതിയായി അടിതൊട്ട് മുടിവരെ ഒരു സുഖവും ഇല്ലാതെ, ചതവും പഴുത്ത വൃണവും നിറഞ്ഞ അവസ്ഥയിൽ എണ്ണ പുരട്ടി ആശ്വാസം കണ്ടെത്താത്ത ഈ ലോകത്ത് നമുക്ക് ലാഭമായി തീർന്നതിനെ ഒക്കെയും യേശുക്രിസ്തുനിമിത്തം പരിജ്ഞാനത്തിൻറ ശ്രേഷ്ഠതയിൽ എല്ലാം ചേതമെന്ന് എണ്ണാം. ആകയാൽ ജഡിക ബന്ധനങ്ങളെ അകറ്റി എല്ലാം ചവറ് എന്ന് കണ്ട് മുന്നോട്ട് പോകാം.

നീതിയായി ജീവിച്ച് കാൽവറിയിൽ യാഗമായി തീർന്ന ക്രിസ്തുവിന്റെ രക്തത്താൽ മുദ്രയിടപ്പെട്ട് ജീവിക്കുന്ന ഓരോ പൈതലിനും ആത്മീക ജീവിതം മുൻപോട്ട് നയിക്കുവാൻ കഴിയും. എങ്കിലും ശത്രുവായവൻ ആരെ വിഴുങ്ങേണ്ടു എന്ന ചിന്തയോടെ നടക്കുമ്പോൾ ജീവിതത്തിൻറ ഓട്ടപാച്ചിലിൽ നാം അറിയാതെ വീണുപോകുന്ന പിറുപിറുപ്പ്, മത്സരബുദ്ധി, ലോകതാൽപര്യങ്ങൾ, കയ്പ്പ് വൈരാഗ്യം എന്നിവ നമ്മെ മാലിന്യപ്പെടുത്തുന്നു. അവ നമ്മെ പുറകോട്ട് വലിക്കുന്നു. നാം പോലും അറിയാതെ നമ്മുടെ കാൽ വഴുതിപോകുന്നു. എങ്കിലും ഗാനരച്ചയിതാവ് പറഞ്ഞതുപോലെ ക്ഷണനേരത്തേയ്ക്ക് നിൽക്കുന്ന കോപത്തെക്കാൾ, നിലനിൽക്കുന്ന ആഴമേറുന്ന ദൈവികപ്രസാദം നമ്മുടെ ജീവിതത്തിൽ നിത്യം നിലനിൽക്കുന്നു.

ആകയാൽ അനീതിക്കും അക്രമവും നിറഞ്ഞ ഈ ലോകത്തിൽ സകലത്തെയും ജയിച്ച കർത്താവായ യേശുവിനെ പിൻ ഗമിച്ചുകൊണ്ട് ഫലകരമായ ക്രിസ്തിയജീവിതം നയിക്കുവാൻ നാം ഒരുക്കപ്പെടണം. ദുഃഖവും, ക്ഷാമവും, വ്യാധികളും ദേശങ്ങളിൽ ആഞ്ഞടിക്കുമ്പോൾ തളരാതെ മുൻപോട്ട് പോകുവാൻ നാം ശ്രമിക്കണം. ഏഴു പത്ത് ഏറെ ആയാൽ എൺപത് എന്ന വേലിക്കുള്ളിൽ നമ്മുടെ ആയുസ് നിശ്ചയിക്കപ്പെട്ടിരിക്കുമ്പോൾ, ജീവിത പ്രതിസന്ധികളെ തരണം ചെയ്ത് നല്ല ഓട്ടം ഓടി സ്ഥിരതയോടെ പ്രത്യശായോടെ നമുക്കായി ഒരുക്കിയ വാഗ്ദത്ത നാടിനെ കൈവശമാക്കണം. ഒരു വൃക്ഷത്തെ അതിന്റെ ഫലംകൊണ്ട് അറിയുന്നതുപോലെ മുപ്പതും അറുപതും, നൂറും മേനി; ജഡികമല്ല, മറിച്ച് ആത്മീകഫലങ്ങൾ പുറപ്പെടുവിച്ച്, നമുക്ക് ക്രിസ്തുവിനായി ഉണരാം, ഒരു നല്ല ക്രിസ്തീയജീവിതം  നമുക്ക് നയിക്കം.

Comment As:

Comment (0)