അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ..
സ്ഥിര മാനസന്റെ സങ്കീർത്തനം എന്ന ഓമനപേരിൽ പ്രശസ്തമായ പതിനൊന്നാം സങ്കീർത്തനത്തിന്റെ മൂന്നാമത്തെ വാക്യത്തിലാണ് മേൽ ഉദ്ധരിച്ച പദം നമ്മൾ കാണുന്നത്. ശൗലിന്റെ ഭീഷണിക്ക് മുൻപിൽ പ്രാണരക്ഷാർത്ഥം ദാവീദ് കാടും മലകളും കയറി ഇറങ്ങേണ്ടി വന്ന സാഹചര്യങ്ങളാണ് ഈ സങ്കീർത്തനത്തിന്റെ പശ്ചാത്തലം. ദാവീദിന്റെ പ്രാണൻ എടുക്കുവാനായി കുന്തവും ആയി ശൗൽ ദാവീദിനെ പിന്തുടരുമ്പോൾ, ദാവീദിന്റെ സുരക്ഷിതത്വത്തെക്കുറിച്ച് ആശങ്കയുള്ളവരായി തീർന്ന ദാവീദിന്റെ കൂട്ടുകാർ, പർവതത്തിലങ്ങാന്‍ വല്ല ഗുഹയിലും ഒളിച്ചിരുന്നാൽ ശൗലിന്റെ ക്രോധത്തിൽ നിന്നും രക്ഷനേടാം എന്ന് ആലോചന ദാവീദിനോട് പറയുമ്പോൾ സഹായം വരേണ്ടത് ആകാശവും ഭൂമിയും ഉണ്ടാക്കിയ സർവ്വശക്തനായ യഹോവയിൽ നിന്നും ആണെന്ന ഉറപ്പോടും വിശ്വാസത്തോടും ദാവീദ് ആ ചിന്തകളെ തള്ളിക്കളഞ്ഞ് ദൈവത്തിലുള്ള ആശ്രയം വെളിപ്പെടുത്തുന്നു. ശൗലിന്റെ കൊട്ടാരത്തിലെ ജോലിക്കാരനായിരിക്കുമ്പോഴാണ് ദാവീദിന് ഇത്തരമൊരു ഉപദേശം കൂട്ടുകാരിൽ നിന്നും ലഭിക്കുന്നത്. 'യഹോവേ അങ്ങ് എന്നെ നീതിക്കും പരമാർത്ഥത ക്കും തക്കവണ്ണം വിധിക്കേണമേ' എന്ന് പ്രാർത്ഥിക്കാനുള്ള ദാവീദ് മനുഷ്യന്റെ ആലോചനയിലും വലുത് ദൈവീക വിധികൾ ആയിരുന്നു. ഇതുവരെയും ദൈവത്തിന്റെ കൃപയും സാന്നിധ്യവും നമ്മോടുകൂടെയിരുന്ന് ക്ഷേമമായി നമ്മെ പരിപാലിച്ചു. നമ്മെ തകർക്കുവാൻ ദുഷ്ടൻ പദ്ധതിയിട്ടപ്പോഴും, ഒടുക്കിക്കളയുവാൻ ശ്രമിച്ചപ്പോഴും ദൈവത്തിന്റെ കരുതലും കാവലും രുചിച്ചറിയുവാൻ നമുക്ക് കഴിഞ്ഞു. നമ്മുടെ യോഗ്യതകൾക്കോ അർഹതയ്ക്കോ ഉപരിയായി അനുദിനം ആവശ്യമായ കൃപകൾ നമ്മിൽ ചൊരിഞ്ഞ് ദൈവം നമ്മെ സൂക്ഷിച്ചു. പ്രശ്നങ്ങളുടെ മദ്ധ്യത്തിൽ ബുദ്ധിയുടെ ഉപദേശങ്ങൾ പറയുവാൻ പലരും ഉണ്ടായിരിക്കുമെങ്കിലും ദൈവീക ആലോചനയ്ക്കായി കാത്തിരിക്കുന്ന ഭക്തൻ മറ്റുള്ളവർക്ക് എന്നും ഒരു വെല്ലുവിളിയാണ്, ആശ്ചര്യമാണ്. പ്രശ്നങ്ങൾക്ക് മുൻപിൽ പതറുകയല്ല മറിച്ച് അങ്ങനെയൊന്നു വരുത്തിയ ദൈവത്തിൽ ഒന്നുകൂടി ആശ്രയിക്കുകയാണ് ഒരു ഉത്തമ ഭക്തൻ ചെയ്യേണ്ടത്. കഷ്ടതയുടെ കഠിനശോധന എന്ന വറ ചട്ടിയിൽ പെട്ടാലും അങ്ങനെയുള്ളവൻ കൊള്ളാകുന്നവനായി പുറത്തുവരും.
ഒരിക്കൽ നെഹമ്യാവിനോട് ദെലയാവിൻ്റെ മകൻ ശെമയ്യാവ് ഇതുപോലെ ഒരു ആലോചന പറയുകയുണ്ടായി. ഇടിഞ്ഞു കിടക്കുന്ന യെരുശലേമിന്റെ മതിലും, തീ വെച്ച് ചുട്ടുകരിക്കപ്പെട്ട അതിന്റെ വാതിലുകളും പണിയുവാൻ അത്യുൽസാഹിയായി ഒന്നുമില്ലായ്മയിൽ നിന്നും കെട്ടുപണികൾ ആരംഭിച്ച യഹോവ ഭക്തന്റെ വളർച്ചയിൽ വിറളി പിടിച്ച സൻബല്ലത്തിൻ്റേയും, തോബിയാബിന്റെയും കയ്യിൽ നിന്നും കൂലി വാങ്ങിയ ശെമയ്യാവ് ദൈവഭക്തനെതിരെ ആലോചന പറഞ്ഞ്, മന്ദിരത്തിനുള്ളിൽ ഒളിച്ചിരിക്കുവാൻ ബുദ്ധിപദേശിക്കുമ്പോൾ എന്നെപ്പോലെയുള്ള ഒരാൾ ഓടിപ്പോകുമോ എന്ന് ചോദ്യവുമായി നെഹമ്യാവ് ദൈവം തന്നെ ഏൽപ്പിച്ച ശുശ്രൂഷയിൽ ഉറച്ചുനിന്നു. തത്ഫലമായി തന്നെക്കൊണ്ട് ദൈവത്തിന് ചെയ്തെടുക്കാൻ ഉണ്ടായിരുന്നതെല്ലാം ചെയ്തുതീർക്കുവാൻ സാധ്യമായി. അവൻ ദൈവനാമത്തിൽ ശുഷ്കാന്തി ഉള്ളവനായി നിന്നപ്പോൾ ദൈവം അവന്റെ പ്രവർത്തികളെ നന്മയ്ക്കായി എണ്ണി. ദൈവത്തിന്റെ ഓർമ്മ പുസ്തകത്തിൽ ആയത് കുറിച്ചിട്ടു.
കർത്താവായ യേശുക്രിസ്തുവിൽ ഉണ്ടായ അനുഭവവും ഒട്ടും വ്യത്യസ്തമല്ല എന്ന ലൂക്കോസ് 13:31-32 വാക്യങ്ങളിൽ നിന്നും നമ്മൾ ഗ്രഹിക്കുന്നു. രക്ഷയുടെ സുവിശേഷം ഗ്രാമങ്ങൾ തോറും കയറിയിറങ്ങി അറിയിക്കുകയും, ബന്ധനത്തിൽ ആയിരുന്നവരെ മോചിപ്പിക്കുകയും, ഏതൊരുവനും നൽകാവുന്ന എന്ത് നന്മയും ചെയ്തു കൊടുക്കുകയും ചെയ്ത ക്രിസ്തുവിന്റെ പിന്നാലെ വലിയ പുരുഷാരം കൂടുന്നത് കണ്ട് അസഹിഷ്ണുനാലുക്കളായ പരീക്ഷന്മാർ; ഹെരോദാവ് യേശുവിനെ ഒടുക്കളയുമെന്ന് ഭീഷണി മുഴക്കിയിരുന്നതുകൊണ്ട് ദേശം വിട്ടുപോകുവാൻ ആലോചന പറഞ്ഞു. സ്നാപക യോഹന്നാന്റെ ശിരസ്ഛേദം ഹെരോദാവ് നടത്തിയതിനാൽ മാനുഷിക നിലയിൽ ഭയപ്പെടാമായിരുന്നിട്ടും, തനിക്ക് യെരുശലേമിൽ ചെയ്ത് തീരുവാൻ ഉള്ളത് ചെയ്തു തീർക്കും എന്നായിരുന്നു യേശുക്രിസ്തുവിന്റെ മറുപടി.
നമ്മൾ ചിന്തിച്ചാൽ, ദാവീദിന്റെയോ നെഹമ്യാവിന്റെയോ യേശുവിന്റെയോ നന്മയെ ലക്ഷ്യമാക്കിയല്ല ആലോചന ഇവർ ആരും പറഞ്ഞത് എന്നത് സുനിശ്ചയം ആണ്. കാട്ടിൽ ആടിനെ മേയ്ച്ച് നടന്നവനു അവിചാരിതമായി ഉണ്ടായ ഉയർച്ചയിൽ തോന്നിയ അസഹിഷ്ണുത, ശ്രേഷ്ഠന്മാർ പലരുണ്ടായിട്ടും അവർക്കാർക്കും സാധിക്കാതിരുന്ന യെരുശലേമിന്റെ പുനരുദ്ധാരണം നടത്തുന്നത് വഴി നെഹമ്യാവിന് ഉണ്ടാകുവാൻ പോകുന്ന ഖ്യാതി സഹിക്കുവാൻ കഴിയാത്തതിനാൽ, തങ്ങൾ ചെയ്ത പുണ്യ പ്രവർത്തികൾ എല്ലാം കറപുരണ്ട വസ്ത്രങ്ങൾക്ക് തുല്യമെന്നും തങ്ങളുടെ കപട ഭക്തിയും പുറംപൂച്ചും യേശു തിരിച്ചറിഞ്ഞു നിന്നുമുള്ള സത്യം മനസ്സിലാക്കിയതിനാലും, യേശുവിന്റെ അനുയായികൾ തങ്ങളുടെ അനുയായികളും അധികമാണെന്ന അറിവ് ഉണ്ടാക്കിയ പൊറുക്കാനാവാത്ത അസൂയ മൂലവും..., ഇങ്ങനെ അസൂയയുടെ പല അവസ്ഥാന്തരങ്ങൾ, വല്ലവിധേനയും ലക്ഷ്യം തെറ്റിച്ചു കളയുവാനായി എന്ത് ആലോചന പറയുവാനും ഇവരെ വെമ്പൽ കൊള്ളിച്ചു എന്ന് പറയാതെ വയ്യ.
ഒരു വിശ്വാസി ഒരിക്കലും ജീവിത പ്രതിസന്ധികൾക്ക് മുൻപിൽ ഒളിച്ചോടുകയില്ല. നാമോടിയാൽ എവിടം വരെ ഓടും? ഉയരമുള്ള പർവതങ്ങൾ അഥവാ ഈ ലോകത്തെ ശ്രേഷ്ഠന്മാർ, രക്ഷ ലഭിക്കുമെന്ന് കരുതുന്ന പല മാർഗങ്ങൾ, ഇവ ഒക്കെ നമുക്ക് ശാശ്വത ആശ്വാസവും അഭയവും നൽകുമോ? ദൈവീക നിയോഗം ഇല്ലാതെ സ്വന്തം വിവേകത്തിൽ ആരെല്ലാം എന്തെല്ലാം ചെയ്തിട്ടുണ്ടോ അവർക്കൊക്കെ പരാജയത്തിന്റെയും നാണക്കേടിന്റെയും പട്ടിക നിരത്തുവാനെ കാണുകയുള്ളൂ. നമ്മുടെ വിഷയത്തിന് മുൻപിൽ നമുക്ക് കൃപാസനത്തിങ്കലേക്ക് അടുക്കാം. തക്ക സമയത്ത് കൃപ ചൊരിയപ്പെട്ടതിനായി നീട്ടപ്പെട്ട വൻകരങ്ങൾ നമുക്കായി അവിടെയുണ്ട്. അലറി അടിക്കുന്ന ഫറോവയ്ക്കും ഉറഞ്ഞു തുള്ളുന്ന ചെങ്കടലിനും , യോർദ്ധാനും മുൻപിൽ സർവ്വാധികാരം ഉള്ളവന്റെ അധികാരപരിധിയിൻ കീഴിൽ നമുക്ക് ചേർന്നുനിൽക്കാം. നമുക്കെതിരെ കൂട്ടംകൂടുന്ന ഏത് സംഘത്തിന്റെ മുൻപിൽ, -സ്തെഫാനോസിനെ കുറിച്ച് അവൻ സംസാരിച്ച ജ്ഞാനത്തോടും ആത്മാവോടും എതിർപ്പാൻ അവർക്ക് കഴിഞ്ഞില്ല എന്ന് കാണുന്നതുപോലെ- എതിർത്തു നിൽക്കുവാൻ ഒരു ശക്തിക്കും കഴിയുകയില്ല നമ്മൾ അത്യുന്നതൻ്റെ മറവിൽ വസിക്കുകയും സർവ്വശക്തന്റെ ചിറകിൽ കീഴിൽ പാർക്കുകയും ചെയ്യുന്നവരാണെന്ന് മർമ്മം മറന്നുപോകരുത്. തങ്ങളെ കാത്തു പരിപാലിക്കുന്ന കോട്ടയ്ക്ക് പുറത്തേക്ക് ഓടി പോയപ്പോഴാണ് വിശുദ്ധന്മാർക്ക് വീഴ്ചകൾ സംഭവിച്ചത്. 'നിന്റെ ദേശത്ത് മഴ തരുവാനും, നിൻ്റെ വേല ഒക്കേയും അനുഗ്രഹിപ്പാനും യഹോവ നിനക്ക് തന്റെ നല്ല ഭണ്ഡാരമായ ആകാശം തുറക്കും' എന്ന് ആവർത്തന പുസ്തകത്തിൽ വായിക്കും പോലെ അസാധ്യം എന്ന് വിധിയെഴുതി നമ്മെ മാറ്റി നിർത്തുവാൻ ലോകം ശ്രമിക്കുമ്പോഴും പുറം പറമ്പിലേക്ക് തള്ളിക്കളയുമ്പോഴും, കാറ്റിനും മഴയ്ക്കും സാധ്യതയില്ലാത്തപ്പോഴും മരുഭൂമിയിലുള്ള കുഴികളിൽ വെള്ളം നിറയ്ക്കുവാൻ അധികാരം ഉള്ളവൻ നമുക്ക് വേണ്ടി പ്രവർത്തിക്കും.
സഹോദരങ്ങൾ പൊട്ടക്കിണറ്റിൽ വലിച്ചെറിഞ്ഞ യോസഫിനെ കുറിച്ചുള്ള പ്ലാൻ അവന്റെ അപ്പന്റെയോ അമ്മയുടെയോ സഹോദരങ്ങളുടെയോ ഉള്ളിൽ വിരിഞ്ഞതായിരുന്നില്ല, മറിച്ച് സ്വർഗ്ഗത്തിലെ ദൈവത്തിന്റെ പദ്ധതിയായിരുന്നു. ആടിന്റെ മണവുമായി കാട്ടിലും അലഞ്ഞു നടന്ന ദാവീദ്, നിന്ദിച്ചാലും പരിഹസിച്ചാലും തേജോവധം ചെയ്താലും അവനെതിരെ എന്ത് രേഖ എഴുതിയാലും ലോകത്തിന് അവനെ ഒതുക്കി കളയുവാൻ സാധിക്കുകയില്ല. ഒരുവൻ്റെ മേൽ ദൈവിക ഭിഷേകം പകരപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഇല്ലാതാക്കുവാൻ ഒരു ശക്തിക്കും സാഹിക്കില്ല. ഒരു പക്ഷെ നമ്മെക്കുറിച്ചുള്ള പദ്ധതി പൂർത്തീകരണത്തിലെത്താൻ നമുക്ക് വളരെ വിലകൊടുക്കേണ്ടിവന്നേക്കാം. പക്ഷെ അവ നൊടിനേരത്തേയ്ക്കുള്ള ലഘുസങ്കടങ്ങൾ മാത്രം ആയിരിക്കുമെന്ന് മറന്നുപോകരുത്.
തന്നെ ഒടുക്കി കളയുവാൻ താൻ സ്നേഹിച്ചവർ ശ്രമിക്കുമ്പോൾ, വ്യക്തതയില്ലാത്ത ആലോചന പറഞ്ഞ് സ്വന്തം കൂട്ടുകാർ തന്റെ മനസ്സ് മടുപ്പിക്കുവാൻ നോക്കുമ്പോൾ, ദാവീദ് ചോദിക്കുന്നു അടിസ്ഥാനങ്ങൾ മറിഞ്ഞു പോയാൽ നീതിമാൻ എന്ത് ചെയ്യും? നീതിമാന് എന്താണ് ചെയ്യാൻ കഴിയാത്തത് എന്ന ദാർഢ്യതയുടെ ഒരർത്ഥവും കൂടെ ഇവിടെ ചേർത്ത് വായിക്കാം പ്രാർത്ഥനയാൽ ദൈവം നമ്മുടെ പക്ഷത്ത് ആയിരിക്കവേ, നമ്മുടെ വിശ്വാസം നമ്മോടുള്ള ദൈവീക വാഗ്ദത്തങ്ങളെ ഉറപ്പിക്കുകയും ചെയ്യുമ്പോൾ ശത്രു എത്ര ശക്തനായാലും അവന്റെ മുമ്പിൽ നിന്ന് ഓടിപ്പോകുന്നതിന്റെ ആവശ്യകത ഉദിക്കുന്നതേയില്ല. നാല് മുതൽ ഏഴ് വരെയുള്ള സങ്കീർത്തന വാക്യങ്ങളിൽ ദാവീദിനുള്ള ഉറപ്പ് നമുക്ക് ദർശിക്കുവാൻ കഴിയും. ദാവീദ് പറയുന്നു വിശുദ്ധ മന്ദിരത്തിലേക്കുള്ള യഹോവയുടെ കണ്ണുകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു അവൻ നീതിമാനെ ശോധന ചെയ്യുന്നു. അടിസ്ഥാനം ഇളകിയാലും മറിഞ്ഞു പോയാലും യഹോവ ഇളകാത്തവൻ, അവൻ നീതിമാൻ, അവൻ നീതിയെ ഇഷ്ടപ്പെടുന്നു, നേരുള്ളവർ അവന്റെ മുഖത്തെ കാണും. ദൈവത്തെ സ്നേഹിക്കുന്നവനും സ്നേഹിക്കാത്തവനും തമ്മിലുള്ള വ്യത്യാസം ഇവിടെ വെളിപ്പെടും. അത്യുന്നത ചക്രവർത്തി ആയവൻ അറിയാതെ ഭൂമിയിൽ ഒന്നും നടക്കുന്നില്ല. നമ്മുടെ തലയിലെ ഒരു രോമം പോലും പൊഴിയുന്നില്ല. ഇങ്ങനെയുള്ളവനിൽ ആശ്രയം വെച്ചിരിക്കുന്ന നാം പ്രശനത്തിന് മുൻപിൽ കഷ്ടതയുടെ നടുവിൽ പതറി പോവുകയോ? അടിസ്ഥാനമിളകിയാലും മറിഞ്ഞു പോയാലും നീതിമാൻ ഉറച്ചുതന്നെ നിൽക്കും. അവൻ കുലുങ്ങുകയില്ല. ദൈവം നമുക്ക് 'യഹോവ- നിസി' ആണ്. അവൻ്റെ നാമത്തിൽ നമുക്ക് ജയക്കൊടി നമ്മുടെ വിഷയത്തിന്റെ മേൽ ഉയർത്താം.
ആകയാൽ പ്രിയരേ പ്രശ്നത്തിനും, പ്രതികൂലത്തിനും നടുവിൽ പിറുപിറുക്കാതെ മനസ്സ് മടുക്കാതെ, പ്രാകാതെ, നമ്മെ പ്രയാസത്തിൽ ആക്കിയവരോട് മറുത്ത് മത്സരിക്കുവാൻ നിൽക്കാതെ, നമുക്ക് നിഷ്കളങ്കരായി ജീവിക്കാം. മാമോനും, ജഡവും നമ്മോട് മറുത്ത് പറയും, പ്രതികരിക്കുവാൻ ആവശ്യപ്പെടും, ഓടി പോകുവാൻ പറയും, ഇനി രക്ഷയില്ലെന്ന് വാദിക്കും. എന്നിരിക്കലും നമുക്ക് അവന്റെ നിന്ദ ചുമന്ന് പാളയത്തിന് പുറത്ത് അവന്റെ അടുക്കലേക്ക് ചെല്ലാം. യേശു പറഞ്ഞു ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും. ഭയപ്പെടാതെ മുന്നോട്ടുപോകാം സൈന്യങ്ങളുടെ യഹോവ ഹൃദയശുദ്ധിയുള്ളവരോട് കൂടെയുണ്ട്, യാക്കോബിൻ്റെ ദൈവം നമ്മുടെ ദുർഗ്ഗമാകുന്നു. ആകയാൽ എല്ലാ അഴുക്കും, ദുഷ്ടതയുടെ ആധിക്യവും വിട്ട് നമ്മുടെ ആത്മാക്കളെ രക്ഷിക്കുവാൻ ശക്തിയുള്ളതും ഉൾനട്ടതുമായ വചനം സൗമ്യതയോടെ കൈകൊണ്ട് അവനെ അനുസരിക്കുന്നവരായി നമുക്ക് തീരാം. അതുകൊണ്ട് ഭൂമി മാറിപ്പോയാലും പർവതങ്ങൾ കുലുങ്ങി സമുദ്രമദ്ധ്യേയെ വീണാലും അതിലെ വെള്ളം ഇരച്ചു കലങ്ങിയാലും, അതിന്റെ കോപം കൊണ്ട് പർവ്വതങ്ങൾ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല എന്ന് കോരഹ്പുത്രന്മാർ പാടുവാൻ കാരണം; കഷ്ടങ്ങളിലും ഏറ്റവും അടുത്ത തുണ ആയിരിക്കുന്ന ദൈവം അവരുടെ സങ്കേതവും ബലവും ആയിരുന്നതിനാൽ അത്രേ. നമ്മുടെ പരിചയായി നമ്മുടെ എല്ലാ കഷ്ടങ്ങളിൽ നിന്നും നമ്മെ വിടുവിക്കുന്നവനായ യഹോവയുടെ വിടുതലിന്റെ കരം നമ്മോടുകൂടെ ഇരിക്കുമാറാകട്ടെ.