കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കുന്നവര്‍ക്ക് പിഴ
ദുബായ്: കുട്ടികളെ വാഹനത്തില്‍ തനിച്ചിരുത്തി പോകുന്നവര്‍ക്ക് 5000 ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ദുബായ് പോലിസിന്റെ മുന്നറിയിപ്പ്. കുറ്റത്തിന്റെ തോതനുസരിച്ച് പിഴസംഖ്യ 10,000 ദിര്‍ഹം വരെ ഉയരുകയും, തടവുശിക്ഷ ലഭിക്കുകയും ചെയ്യാം. നിര്‍ത്തിയിട്ട വാഹനത്തില്‍ രണ്ട് വയസ്സുള്ള മകനെ തനിച്ചിരുത്തി ഡോര്‍ ഓട്ടോമാറ്റിക്കായി ലോക്ക് ചെയ്ത് പോകുന്ന രക്ഷിതാവിന്റെ വീഡിയോ സഹിതമാണ് പോലിസ് മുന്നറിയിപ്പ് നല്‍കിയത്. ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ കുട്ടികളെയും കൊണ്ടുപോകുമ്പോള്‍ അവര്‍ വാഹനത്തില്‍ നിന്ന് പുറത്തിറങ്ങിയെന്ന് കുടുംബാംഗങ്ങള്‍ ഉറപ്പാക്കണം. ഇത്തരം മുന്‍കരുതലുകള്‍ സ്വീകരിച്ചില്ലെങ്കില്‍ കുട്ടികളില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണം ആകും. ചിലപ്പോള്‍ മരണം വരെ സംഭവിക്കാം. എന്ന് പോലിസ് അധികാരികൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
യു.എ.ഇയില്‍ ഇത്തരം അപകടത്തില്‍പെട്ട് ഒട്ടേറെ കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് പോലീസിന്റെ നിര്‍ദേശം. കഴിഞ്ഞവര്‍ഷം ജനുവരി മുതല്‍ ജൂലായ്-വരെ ലോക്ക് ചെയ്ത കാറുകളില്‍ അപകടകരമായ രീതിയില്‍ കണ്ടെത്തിയ 36 കുട്ടികളെ ലാന്‍ഡ് റെസക്യൂ സംഘം രക്ഷപ്പെടുത്തിയിരുന്നു.
കുറഞ്ഞ സമയത്തേക്കാണെങ്കില്‍ പോലും എ. സി. ഓണ്‍ ചെയ്ത് കുട്ടികളെ കാറിലിരുത്തി പുറത്തേക്ക് പോകുന്നതും അപകടമാണ്. സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കുന്ന സ്ഥലത്ത് 10 മിനിറ്റ് കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ കാറിനുള്ളിലെ താപനില കുറഞ്ഞത് 10 ഡിഗ്രി വര്‍ധിക്കും. ഇത് കുട്ടികളിൽ സൂര്യാഘാതത്തിനു കാരണം ആകും. എ.സി പ്രവര്‍ത്തിപ്പിച്ച് ചെറുതായി വിന്‍ഡോ ഗ്ലാസ് തുറന്നാലും കാറിനുള്ളില്‍ അതിവേഗം ഊഷ്മാവ് കൂടും. 45 മുതല്‍ 50 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് കഴിഞ്ഞ ദിവസങ്ങളിലെ രാജ്യത്തെ ചൂട്. ഈ അവസ്ഥ അടുത്ത മാസവും തുടര്‍ന്നേക്കുമെന്നാണ് വിവരം. വാഹനമോടിക്കുന്നവരും അതീവജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. സേഫ് സമ്മര്‍ ബോധവത്കരണ പരിപാടിയോട് അനുബന്ധിച്ച് അബുദാബി പോലീസ് വാഹനമോടിക്കുന്നവര്‍ക്ക് ആവശ്യമായ ജാഗ്രതാ നിര്‍ദേശം നല്‍കുന്നുണ്ട്.