യുഎഇയിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യാൻ അനുവാദം 102 ഏജൻസികൾക്ക് മാത്രം
ദുബായ് : യു. എ. ഇയിലെ102 അംഗീകൃത ഏജൻസികൾ വഴി മാത്രമേ വിദേശങ്ങളിൽ നിന്നു വീട്ടുജോലിക്ക് ആളുകളെ നിയമിക്കാവു എന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. റിക്രൂട്ടിങ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവർക്ക് ബാധകമാണ് പുതിയ മാർഗനിർദേശം. 3 വിഭാഗങ്ങളും തൊഴിൽ അവകാശങ്ങൾ പരസ്പരം അംഗീകരിക്കണം.
അബുദാബി നഗരപരിധിയിൽ മാത്രം 18 റിക്രൂട്ടിങ് ഓഫിസുകളുണ്ട്. അൽ ദഫ്റയിൽ ഒരു ഓഫിസും അൽ-ഐനിൽ 16 ഓഫിസുമുണ്ട്. ദുബായ് എമിറേറ്റിൽ 28 റിക്രൂട്ടിങ് ഓഫിസുകളാണ് പ്രവർത്തിക്കുന്നത്. ഷാർജയിൽ 5, കൽബയിൽ 1, ഖോർഫുഖാൻ 1, അജ്മാൻ 14, ഉമ്മുൽഖുവൈൻ 1, റാസൽഖൈമ 11, ഫുജൈറ 4, ദിബ്ബാ 1, മസാഫി 1 എന്നിങ്ങനെയാണ് അംഗീകൃത ഓഫിസുകളുടെ എണ്ണം.
ഇവയുടെ പ്രവർത്തനങ്ങൾ മന്ത്രാലയ നിരീക്ഷണത്തിലാണ്. നിയമം ലംഘിച്ച് എതെങ്കിലും ഓഫിസ് പ്രവർത്തിച്ചാൽ പെർമിറ്റ് റദ്ദാക്കും. www.mohre.gov.ae വെബ് സൈറ്റ് സന്ദർശിച്ചാൽ അംഗീകൃത റിക്രൂട്ടിങ് ഓഫിസുകളുടെ വിവരങ്ങൾ ലഭിക്കും. അനധികൃത രീതിയിൽ വീട്ടുജോലിക്കാരെ നിയമിച്ചാൽ തൊഴിലുടമയ്ക്കു ഒരു നിയമ പരിരക്ഷയും ലഭിക്കുകയില്ല.