ഉണരൂ ഭരണകൂടമേ!
reporter
ചീന്തിയെറിഞ്ഞ ഉടയാടത്തുമ്പിൽ കുടുങ്ങി
ചിതറിത്തെറിച്ചു ഭാരതാംബതൻ മാനം
ചിറകറ്റു വീഴുന്ന പക്ഷി കണക്കേ
ചെളിക്കുണ്ടിൽ നിപതിച്ചു മൂവർണ്ണക്കൊടി
ചങ്കത്തടിച്ചു കരയുന്നു പെണ്ണുങ്ങൾ
ചങ്കു പിളർക്കും കാഴ്ചകൾ കണ്ടിട്ട്;
ചാട്ടയേറ്റപോൽ പിടയുന്നു മാനസം,
ചതിയന്മാർ കൊയ്യും തലകൾ ദർശിക്കവേ!
ചടുലചുവടോടെ പാഞ്ഞടുത്തവരെയോ;
ചാട്ടുളിയാലെ എറിഞ്ഞു വീഴ്ത്തീടണം
ചുടലക്കാട്ടിലായ് ചുട്ടെരിച്ചീടാതെ
ചിറക്കടിച്ചെത്തും കഴുകന്മാർക്കിരയായി നല്കണം
ചിന്തിച്ചു നില്ക്കുവാൻ നേരമില്ലേറയായ്
ചാരിത്രം കാക്കുവാൻ കേഴുമമ്മ ഭാരതം
ചടഞ്ഞുറങ്ങാതെ ഉണരൂ ഭരണകൂടമേ!
ചീന്തപ്പെടും ചോരയ്ക്കറുതി വരുത്തുവാൻ.
ബീന റെയ്ച്ചൽ നിജു