•   Saturday, 05 Oct, 2024

ആദ്ധ്യാത്മിക ജീവിതത്തിലെ സാമൂഹിക പ്രവർത്തനം

Generic placeholder image
  reporter

 

കഴിഞ്ഞ ദിവസം നമ്മെ വിട്ടുപിരിഞ്ഞ മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻ ചാണ്ടി ഒരു ജനകീയനായ ഒരു പൊതു പ്രവർത്തകനായിരുന്നു; ഒപ്പം ഒരു ഭക്തനായ ഒരു ക്രിസ്ത്യാനിയും. പുതുപ്പള്ളി എന്ന ഒരു ചെറിയ പ്രദേശത്തു ജനിച്ചുവളർന്ന 'കുഞ്ഞുഞ്ഞു' എന്ന അടുപ്പക്കാർ വിളിക്കുന്ന ശ്രീ ഉമ്മൻ ചാണ്ടി ലക്ഷക്കണക്കിന് ജനത്തെ സ്വാധീനിക്കാൻ കഴിഞ്ഞെങ്കിൽ അതിന്റെ കാരണം ഒന്ന് അന്വേഷിക്കുന്നത് ഉചിതമെല്ലെ?

ജനത്തെ ആവേശം കൊള്ളിക്കുന്ന വാഗ്മിയോ, കനഗംഭീരമായ ശബ്ദത്തിനു ഉടമയോ, പഴയകാല വീരചരിത്രം പറഞ്ഞു അണികളെ ഭയപ്പെടുത്തുകയോ ചെയ്യാത്ത ശ്രീ ഉമ്മൻ ചാണ്ടി എങ്ങനെയാണു ഇത്രയും ജനങ്ങളെ സ്വാധീനിക്കുന്നത്? മരിച്ചു കഴിഞ്ഞും ആ സ്ഥൂലമായ ശരീരത്തെ ഒരു നോക്ക് കാണാൻ ജാതി,മത,രാഷ്ട്രീയ വേർതിരുവുകൾ ഇല്ലാതെ ജനങ്ങളെ ഒരു രാപ്പകൽ വഴിനീളെ നിർത്തുവാൻ എന്ത് 
കരിഷ്മയാണ്  ഇദ്ദേഹത്തിനുള്ളത്?

അതിരാവിലെ തുടങ്ങുന്ന പൊതുപ്രവർത്തനം അർദ്ധരാത്രി വരെ ശരീരം പോലും നോക്കാതെ ഇങ്ങെനെ യാത്ര ചെയ്യുവാനുള്ള ഊർജ്ജം ഇദ്ദേഹത്തിന് എവിടെ നിന്നാണ് വരുന്നത്?

ജനഹൃദയം കീഴടക്കി ജനങ്ങൾക്കൊപ്പം ജീവിച്ചു ജനസേവനത്തിനായി ഉഴിഞ്ഞു വെച്ച ശ്രീ ഉമ്മൻ ചാണ്ടി ഒരു ഭക്തനായ ക്രിസ്ത്യാനി ആയിരുന്നു. എല്ലാ ഞായറാഴ്ചയും പുതുപ്പള്ളി സെന്റെ ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ നിന്ന് തുടങ്ങുന്ന പൊതുപ്രവർത്തനമാണ് കഴിഞ്ഞ 40 വർഷത്തെ പതിവ്. 

ശ്രീ ഉമ്മൻ ചാണ്ടി പുതുപ്പള്ളിയിൽ നിന്ന് ആരംഭിച്ചു കേരളത്തിൽ ഉടനീളം നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയാണ് സമൂഹത്തിലെ നാനാ തുറയിലുള്ള ജനങ്ങളുമായി ഇടപെടുവാൻ സാഹചര്യമൊരുക്കിയത്.

യേശുക്രിസ്തുവിനെ ഒരു സാമൂഹിക പ്രവർത്തകനായി കണ്ടാൽ സാമൂഹിക നീതിയുടെയും അനുകമ്പയുടെയും പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ പഠിപ്പിക്കലുകളും പ്രവർത്തനങ്ങളും മനസ്സിലാക്കുന്നത്  വ്യതസ്തമായ ഒരു കാഴ്ചപ്പാടാണ്. ഇന്ന് നമ്മൾ മനസ്സിലാക്കുന്ന "സാമൂഹിക പ്രവർത്തകൻ" എന്ന പദം യേശുവിന്റെ കാലത്ത് നിലവിലില്ലെങ്കിലും, അദ്ദേഹത്തിന്റെ ശുശ്രൂഷയും പ്രബോധനവും ഇന്നത്തെ സാമൂഹിക പ്രവർത്തകർ ഉയർത്തിപ്പിടിക്കുന്ന തത്വങ്ങളും തമ്മിൽ തീർച്ചയായും സമാനതകളുണ്ട്.

ബൈബിളിലെ കാതലായ സന്ദേശങ്ങളായ അനുകമ്പയും സഹാനുഭൂതിയും, ദുർബലർക്ക് വേണ്ടിയുള്ള വാദങ്ങളും, നീതിയുടെയും സമത്വത്തിന്റെയും ഉന്നമനവും, സ്നേഹവും ക്ഷമയും, മറ്റുള്ളവരെ സേവിക്കുവാനും, ശാരീരികവും മാനസികവുമായ രോഗശാന്തി തുടങ്ങിയവ നമുക്ക് കാണാം.

യേശുവിന്റെ ശുശ്രൂഷയും പഠിപ്പിക്കലുകളും ശ്രീ ഉമ്മൻ ചാണ്ടി ഉയർത്തിപ്പിടിച്ച പല തത്ത്വങ്ങളുമായി പൊരുത്തപ്പെടുന്നു. അനുകമ്പ, സഹാനുഭൂതി, നീതി, മറ്റുള്ളവരെ സേവിക്കൽ, സമത്വവും അനുകമ്പയും ഉള്ള ഒരു സമൂഹത്തിനായി പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. 

രാഷ്ട്രീയ എതിർ ചേരികൾ ഇല്ലാ കഥകൾ മെനഞ്ഞപ്പോഴും, തന്റെ നെഞ്ചിൻ കൂടിനു നേരെ കല്ല് പതിച്ചപ്പോഴും, സ്വന്ത - ശത്രു പാളയത്തിലും തന്റെ രക്തത്തിനായി ദാഹിച്ചു നിൽക്കുന്നവരുരോട് ജനങ്ങളുടെ കോടതിയിൽ വച്ച് നമുക്ക് കാണാമെന്ന ആത്മവിശ്വാസമുണ്ടായിരുന്നു. 

ക്രൂശിൽ യേശു ക്രിസ്‌തുവിന്റെ അന്ത്യ നിമിഷം കണ്ട ശതാധിപൻ പറഞ്ഞത് പോലെ " ഈ മനുഷ്യൻ വാസ്തവമായി നീതിമാൻ ആയിരുന്നു" എന്ന് ചിന്തിക്കുന്ന ആയിരക്കണക്കിന് ജനങ്ങൾക്ക് ഒപ്പം ഞാനും. 

ശ്രീ ഉമ്മൻ ചാണ്ടിയുടെ പേര് ഭാവിയിൽ റോഡുകൾക്കും, മന്ദിരങ്ങൾക്കും നാമകരണം ചെയ്താലും അദ്ദേഹം സമൂഹത്തിനു ചെയ്ത സ്തുത്യർഹ സേവങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ എന്നും മായാതെ നിൽക്കട്ടെ.  ആദ്ധ്യാത്മിക ജീവിതത്തിലെ സാമൂഹിക പ്രവർത്തനകൾക്ക് ശ്രീ ഉമ്മൻ ചാണ്ടി ഒരു പാഠപുസ്തകമായി മാറും എന്ന് എനിക്ക് പ്രത്യാശയുണ്ട്. ആ സാദ്ധ്യതകളെ ക്രൈസ്തവ സഭകൾ കൂടുതൽ പ്രയോജനപ്പെടുത്തുമെന്നു പ്രതീക്ഷിക്കുന്നു.


  സാം അടൂർ  

Comment As:

Comment (0)