•   Sunday, 06 Oct, 2024

ജനനായകൻ

Generic placeholder image
  reporter

ജനനായകൻ

പെയ്തൊഴിഞ്ഞ മേഘത്തിൻ ചാരുതയത്രയുമാ-
വദനത്തിൽ മാരിവില്ല് തീർക്കും മന്ദഹാസമായ്
കാരുണ്യമധു നുകർന്നനേകർ ഹൃത്തിലേറ്റി
മലയാളമണ്ണിൻ നായകനായവൻ

അനുസരണയില്ലാതെ പാറിപ്പറന്ന  
വെള്ളിഴകളെ മാടിയൊതുക്കി
തിരക്കുകളിൽ നിന്നും തിരക്കുകളിലേയ്ക്ക് ഊളിയിടുമ്പോഴും 
കോട്ടംതട്ടാതെ കാത്തുസൂക്ഷിച്ചിരുന്ന പാൽപുഞ്ചിരി

സഹിഷ്ണുതയുടെ പര്യായമായി മാറിയ മാനവൻ
കൊത്തിവലിക്കുവാൻ കാത്തിരിക്കുന്ന കഴുകന്മാരുടെ മദ്ധ്യേ
നിർനിമേഷം നിലകൊണ്ടപ്പോഴും
ആ ചുണ്ടിലെ ചിരി മാഞ്ഞിരുന്നില്ല

കണ്ണീരുപ്പു പടർന്ന കടലാസുകഷ്ണങ്ങൾ
ചവിട്ടുകുട്ടയിലേക്കു വലിച്ചെറിയാതെ
തോരാമഴയിലൊരു സാന്ത്വനക്കുടയാവാൻ
നറു പുഞ്ചിരി തൂകി ഓടിനടന്ന മഹാൻ.

മടിശ്ശീലയ്ക്കുള്ളിൽ കനമേതുമില്ലതാൽ
ഭയശങ്കയില്ലെന്നോതി ചെറുചിരിയോടേവം
കാലത്തിൻ കാവ്യനീതിയിൽ നിർമ്മലമാനസനെന്നു
മുദ്ര ചാർത്തുമ്പോഴും തത്തിക്കളിച്ചു ചുണ്ടിലാപ്പുഞ്ചിരി.

ദൈവത്തെ സ്നേഹിച്ചു മനുഷ്യർക്കായ് ജീവിച്ച
കർമ്മനിരതനാം ജനനായകാ
വിശ്രമിച്ചീടുക പറുദീസ തന്നിൽ
കർത്തൻ സവിധേ മായാത്ത പുഞ്ചിരിയോടെന്നും!

ബീന റെയ്ച്ചൽ നിജു

Comment As:

Comment (0)