കുവൈത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ് വ്യാപകം
കുവൈത്ത് സിറ്റി: യു.എസിൽ കുവൈത്ത് വിദ്യാർഥികളെ ലക്ഷ്യമിട്ട് തട്ടിപ്പ്. ഇതിനെതിരെ ജാഗ്രത പാലിക്കാൻ വാഷിങ്ടണിലെ കുവൈത്ത് എംബസി യു.എസിൽ താമസിക്കുന്ന പൗരന്മാരെ അറിയിച്ചു.
കോൺസുലാർ വിഭാഗത്തിന്റെ പ്രതിനിധികളെന്ന പേരിൽ വിദ്യാർഥികളുടെ എൻറോൾമെന്റുകൾ, മറ്റ് വിദ്യാഭ്യാസ സേവനങ്ങൾ എന്നിവക്ക് യു.എസ് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പണമടക്കാൻ അഭ്യർഥിച്ചാണ് തട്ടിപ്പ്. ഇത്തരം ഫോൺ കാളുകളും ഇ-മെയിലുകളും വിദ്യാർഥികൾക്ക് വ്യാപകമായി വരുന്നുണ്ട്. പണമടക്കാനുള്ള സംവിധാനവും തട്ടിപ്പുസംഘം അറിയിക്കും. ഇത്തരം സംശയാസ്പദമായ ഫോൺ കാളുകളും ഇ-മെയിലുകളും ഒഴിവാക്കണമെന്ന് കുവൈത്ത് എംബസി അറിയിച്ചു.
എന്തെങ്കിലും പേമെന്റുകൾ അടക്കാൻ എംബസി ഫോണിലൂടെയോ ഇ-മെയിൽ വഴിയോ ബന്ധപ്പെടുന്നില്ലെന്നും വ്യക്തമാക്കി. സംശയാസ്പദമായ കോൺടാക്ടുകളെ കുറിച്ച് എംബസിയുടെ കോൺസുലാർ വിഭാഗത്തെ അറിയിക്കാനും പൗരന്മാരോട് നിർദേശിച്ചു. സംശയാസ്പദമായ വ്യക്തികളുമായി പാസ്പോർട്ട് ഫോട്ടോ, ഐഡികൾ, അക്കാദമിക് സർട്ടിഫിക്കറ്റുകൾ എന്നിവയുൾപ്പെടെയുള്ള വിവരങ്ങൾ പങ്കിടുന്നത് ഒഴിവാക്കണമെന്ന് എംബസി അറിയിച്ചു.