ഇന്ത്യൻ പ്രധാനമന്ത്രി യു.എ.ഇ. പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
അബുദാബി: യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യു.എ.ഇ.) ഔദ്യോഗിക സന്ദർശനത്തിനെത്തിയ മോദി യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. ഒരു യഥാർത്ഥ സുഹൃത്തായാണ് ഓരോ ഇന്ത്യക്കാരനും യു.എ.ഇ. പ്രസിഡന്റിനെ കാണുന്നതെന്ന് മോദി അദ്ദേഹത്തോട് പറഞ്ഞു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യയും യു.എ.ഇ.യും തമ്മിൽ അതത് കറൻസികളിൽ വ്യാപാര ഉടമ്പടി ആരംഭിക്കുന്നത്തിനുള്ള പ്രഖ്യാപനവും നടത്തി. “ഇരു രാജ്യങ്ങളുടെയും കറൻസികളിലെ വ്യാപാര ഉടമ്പടിയിൽ ഒപ്പുവച്ചത് ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ശക്തമായ സാമ്പത്തിക സഹകരണവും പരസ്പര വിശ്വാസവും സൂചിപ്പിക്കുന്നു,” കരാർ ഉഭയകക്ഷി വ്യാപാരവും നിക്ഷേപവും വർദ്ധിപ്പിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കഴിഞ്ഞ വർഷം സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പുവെച്ചതിന് ശേഷം ഇന്ത്യ-യു.എ.ഇ. വ്യാപാരം 20% വളർച്ച കൈവരിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സിഒപി-28 കോൺഫറൻസിൽ പങ്കെടുക്കാനുള്ള തന്റെ ഉദ്ദേശ്യവും പ്രധാനമന്ത്രി വ്യക്തമാക്കി. യുഎഇയുടെ COP-28 പ്രസിഡൻസിക്ക് പ്രധാനമന്ത്രി പൂർണ്ണ പിന്തുണ ഉറപ്പുനൽകുകയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഇന്ത്യയുടെ ശ്രമങ്ങളും സംരംഭങ്ങളും ഉയർത്തിക്കാട്ടുകയും ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കുന്നതിൽ യു.എ.ഇ. പ്രസിഡന്റിന്റെ നിർണായക സംഭാവനയെ അഭിനന്ദിച്ചുകൊണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനിൽ നിന്ന് തനിക്ക് ലഭിച്ച ഊഷ്മളമായ സാഹോദര്യത്തിന് നന്ദി അറിയിക്കുന്നതായും മോദി പറഞ്ഞു.