യുവാക്കൾ മാറിനിൽക്കേണ്ടവരോ
ഏതൊരു സംഘടനയുടെയും നട്ടെല്ല് എന്നത് അവരുടെ യുവജനങ്ങൾ ആണ്. എന്ത് പരിപാടി നാട്ടിലോ, വീട്ടിലോ നടന്നാലും അതിൻ്റെ വിജയത്തിനു മുൻപിൽ ഒരുപറ്റം യുവജനങ്ങളുടെ പ്രയത്നം ഉണ്ടായിരിക്കും. രാഷ്ട്രിയ സാംസ്ക്കാരിക സംഘടനകളിലെല്ലാം യുവാക്കൾ തങ്ങളുടെ കഴിവുകൾ തെളിയിക്കുന്നു, ഇന്നും തെളിയിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണ് ഇന്നത്തെ കുട്ടികൾ നാളത്തെ പൗരന്മാർ എന്ന് പറയുന്നത്.
യുവാക്കൾക്ക് സുവിശേഷമേഖലകളിലും വളരെ അധികം ശോഭിക്കുവാൻ സാധിക്കും എന്നത് നമ്മൾ വിസ്മരിക്കാൻ പാടില്ല. കുട്ടികൾ എന്ന് കരുതി അവർക്കുനേരെ കണ്ണടയ്ക്കാതെ, വിട്ടുകളയാതെ, കുട്ടികളിയായി കണക്കാക്കി അവരുടെ ഇഷ്ടങ്ങൾക്കും ബാലിശവാശികൾക്കും വിട്ടുകൊടുക്കാതെ ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിച്ചാൽ മാതാപിതാക്കളിലും അധികം ബാലനിൽ അഭിമാനിക്കുവാൻ ഇടയാകും. ഇത് നന്നായി അറിയുന്നതിനാലാണ് ബാലകർക്കായി സ്ക്രിപ്ച്ചർ സ്കൂളുകളും, വി.ബി.എസ്സുകളും മറ്റും നടത്തുവാൻ സഭാ നേതൃത്വങ്ങൾ തയ്യാറാകുന്നത്.
സുവിശേഷകരുടെ ഇടയിൽ അഗ്രഗണ്യൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തി ആണ് അപ്പൊസ്തോലനായ പൗലോസ്. അദേഹത്തെ പറ്റി ബൈബിളിൽ ആദ്യം പരിചയപ്പെടുത്തുന്നത് ശൗൽ എന്ന ബാല്യക്കാരൻ എന്നാണ്. എരിവേറെയുള്ള പ്രായത്തിൽ തന്നെ കർത്താവിനെ അറി യുവാനും, ഒരു മടിയും കൂടാതെ തൻ്റെ രക്തവും, ആരോഗ്യവും, ജീവൻ പോലും സുവിശേഷത്തിനായി നൽകുവാൻ തയ്യാറായിരുന്നു പൗലോസ് എന്ന് അപ്പസ്തോല പ്രവർത്തികളുടെ പുസ്തകം അദ്ധ്യായം 7 മുതൽ വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ സാധികും. യേശുക്രിസ്തുവിന്നു ശേഷം പുതിയനിയമത്തിൽ ഏറ്റവും കൂടുതൽ പ്രസംഗിക്കപ്പെട്ട വ്യക്തി അപ്പൊസ്തലനായ പൗലോസാണ്. കർത്താവിനു വേണ്ടി ഏറ്റവും കൂടുതൽ അദ്ധ്വാനിക്കുകയും ഓടുകയും പ്രയത്നിക്കുകയും ചെയ്ത വ്യക്തി ആണ് പൗലോസ്. തന്നാൽ ആകും വിധം ദൈവനാമത്തിനുവേണ്ടി സഹിക്കുകയും ക്ഷമിക്കുകയും ചെയ്ത ഒരു യുവാവും ‘എന്നെ അനുകരിപ്പിൻ എന്ന് സധൈര്യം പറയുവാൻ കഴിഞ്ഞ ഏക മനുഷ്യനും പൗലോസ് ആണ്
യുവാക്കൾ സുവിശേഷലോകത്ത് മൂലക്കല്ലുകൾ ആണെന്നു തെളിയിക്കുന്ന മറ്റൊരു ഉദാഹരണം നമുക്ക് യേശുക്രിസ്തുവിൻ്റെ മലയോര സുവിശേഷീകരണത്തിൻ്റെ ഇടവേളയിൽ കാണാൻ കഴിയുന്നുണ്ട്. യേശുക്രിസ്തുവിൻ്റെ സുവിശേഷം കേൾക്കുവാൻ വന്ന അയ്യായിരത്തോളം പുരുഷന്മാരിൽ എണ്ണപ്പെടാത്ത ഒരുവൻ ഉണ്ടായിരുന്നു; അന്ന് പ്രസംഗം കേൾക്കാൻ. ആ കുട്ടിയുടെ നാമം എന്തെന്ന് ഇന്നും ആർക്കും അറിയില്ല. എങ്കിലും ഈ ബാലനെ പറ്റി പ്രസംഗിക്കാത്ത ഒരു സുവിശേഷകൻ പോലും ഉണ്ടാവില്ല. യേശുക്രിസ്തുവിൻ്റെ ശിഷ്യന്മാർ ചോദിച്ചപ്പോൾ; യേശു കൊണ്ടുവരുവാൻ പറഞ്ഞപ്പോൾ;ഒരു മടിയും കൂടാതെ, തൻ്റെ വയറിൻ്റെ എരുവിലും വലുതായി യേശുവിൻ്റെ സ്നേഹം അവൻ്റെ ഉള്ളിൽ അങ്കുരിച്ചിരുന്നതിനാൽ ; മറ്റൊന്നും ചിന്തിക്കാതെ തൻ്റെ മാതാവ് കൊടുത്ത അഞ്ച് അപ്പവും രണ്ടു മീനും യാതൊരു പ്രതിഫലേച്ഛ്യ്യും കൂടാതെ; യേശുവിന് കൊടുത്തതിനാൽ; അവിടെ ഉണ്ടായിരുന്ന അയ്യായിരം പുരുഷാരത്തെ പോഷിപ്പിക്കുവാൻ സാധിച്ചു. കർത്താവിൻ്റെ വചനം കേൾക്കുവാൻ വേണ്ടി വലിയ ഒരു കൂട്ടം ജനത്തിൻ്റെ ഇടയിൽ വന്നു നിന്ന ബാലൻ, തൻ്റെ കൈവശം ഉണ്ടായിരുന്ന ആ അല്പം അപ്പവും വിരലിൽ എണ്ണി തീർക്കുവാൻ മാത്രം മീനുകളും മനസ്സോടെ നൽകാൻ തയ്യാറായപ്പോൾ 200 വെള്ളി കാശ് മുടക്കിയാൽ പോലും നടക്കാൻ സാധ്യത ഇല്ലാത്ത കാര്യം നിസ്സാരമായി നടന്നു. അവൻ്റെ കയ്യിൽ അൽപമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും യേശുവിൻ്റെ കരത്തിൽ ഏൽപ്പിക്കപ്പെട്ടപ്പോൾ ആരും അന്ന് വരെ കണ്ടിട്ടില്ലാത്ത അൽഭുതം സംഭവിച്ചു. അതിന് ഒരു ബാലൻ, ഒരു യുവാവ് പ്രയോജനപ്പെട്ടു. സ്വയം ഏൽപ്പിക്കുവാൻ തയ്യാറായ അനേകം ബാലൻമാരെ പറ്റി ബൈബിളിൽ പലയിടത്തും പരാമർശിച്ചിട്ടുണ്ട്. ബാലൻ ആയിരുന്ന ദാവീദ് ദൈവനാമത്തിൽ എഴുന്നേറ്റപ്പോൾ ഗോലിയാത്ത് വീണു. ശമുവേൽ; ബാലൻ ആയിരുന്നപ്പോൾ കേട്ട ദൈവശബ്ദപ്രകാരം, അറിയിച്ച ആലോചന അനുസരിച്ച് മാനസാന്തരപ്പെട്ടിരുന്നു എങ്കിൽ ; ഏലിയുടെ കൊച്ചുമകൻ ജനനത്തിലെ അനാഥനാകില്ലായിരുന്നു.
യാസേഫ് ബാലൻ ആയിരുന്നു എങ്കിലും ദൈവിക ദർശനങ്ങൾ പ്രാപിച്ചവൻ ആയിരുന്നു. അതുകൊണ്ട് തന്നെ അവൻ്റെ അപ്പൻ നിലയങ്കി നൽകി മാനിച്ചപ്പോൾ, ദൈവം അവനായി മന്ത്രികുപ്പായം ഒരുക്കിവെച്ചു. ഏലിശാ പ്രവാചകൻ ശമര്യയിൽ ഒട്ടനേകം അൽഭുതങ്ങൾ ചെയ്തിരുന്നു എങ്കിലും, രാജ്യം ഭരിച്ച രാജാവിനു തൻ്റെ രാജ്യത്തെ പ്രവാചകനെയോ അവൻ്റെ ദൈവത്തെയോ സംബന്ധിച്ച് വലിയ അറിവ് ഉണ്ടായിരുന്നില്ലെങ്കിലും, അനാഥയും അടിമയും ആയ ഒരു ബാല്യക്കാരി പെൺകുട്ടിക്ക് പ്രവാചകൻ്റെ അടുക്കൽ യജമാനൻ പോയാൽ രോഗസൗഖ്യം വരുമെന്ന് ഉറപ്പായിരുന്നു. അവളുടെ അടിയുറച്ച വിശ്വാസം, നയമാൻ്റെ സൗഖ്യത്തിനും മാനസാന്തരത്തിനും വഴിവെച്ചു.
സുവിശേഷവേലയ്ക്ക് കർത്താവ് പ്രായപരിധി വെച്ചിട്ടില്ല. ആണെന്നോ പെണ്ണെന്നോ വേർതിരിവ് ഇല്ല. ഏത് സമയത്തും ഏത് സാഹചര്യത്തിലും സുവിശേഷം പ്രസംഗിക്കുവാൻ ദൈവം നമുക്ക് അനുവാദം തന്നിട്ടുണ്ട്. യൗവനക്കാരായ നമ്മൾ വെറും പ്രസംഗകർ മാത്രം ആകാതെ പ്രവർത്തിക്കുന്നവരും കൂടി ആകണം. നമ്മുടെ കഴിവുകളെ ദൈവസന്നിധിയിൽ ഏൽപ്പിച്ചാൽ വേണ്ടുവിധം ദൈവം നമ്മേ വിനിയോഗിക്കും. നമുക്ക് നമ്മുടെ മാതാപിതാക്കളിലും, മദ്ധ്യവയസ്ക്കരായ മറ്റുള്ളവരെക്കാളും അധികം അദ്ധ്വാനിക്കുവാനും ഓടുവാനും സാധിക്കും.
നമ്മുടെ ആരോഗ്യം ബുദ്ധി, പണം എല്ലാം കർത്താവിനുവേണ്ടി ഉപയോഗിക്കുവാൻ സാധിക്കണം. അത് സഭാഹാളിൽ പായ വിരിക്കുന്നത് മുതൽ കസേര അടുക്കി പെറുകുന്നത് വരെ, പരിസരം വൃത്തി ആക്കുന്നത് മുതൽ ഒരു ആത്മാവിനെ നേടുന്നത് വരെ വിസ്തൃതമാണ്. ചെറുതെന്നോ വലുതെന്നോ നോക്കാതെ പ്രതിഫലവും ഭൂമിയിലെ പദവികളും പ്രതീക്ഷിക്കാതെ എന്തും ചെയ്യുവാൻ നമുക്ക് സാധിക്കണം. കർത്താവിൻ്റെ നാമമഹത്വത്തിനായി പ്രയോജനപ്പെടുവാൻ ഇതുവരെ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഇന്നുമുതൽ നമുക്ക് തയ്യാറാക്കാം, അതിനായി ദൈവം നമ്മെ സഹായിക്കുമാറാകട്ടെ.
ജോയൽ എസ് ചാക്കോ കാനഡ