സൗദിയിലെ ഇന്ത്യൻ കാക്കകളോട് 'കടക്ക് പുറത്ത്!' നടപടി ശക്തം
ജിദ്ദ: സൗദിയിലെ ഫുര്‍സാന്‍ ദ്വീപിലെ വന്യജീവി സങ്കേതത്തിൽ അനധികൃതമായി കുടിയേറിയ ഇന്ത്യൻ കാക്കകളിൽ 35%ത്തെ തുരത്തിയതായി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം. ആവാസ മേഖലയില്‍ കടന്നുകയറി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളെ നിയന്ത്രിക്കുന്ന നടപടി തുടരുന്നതിൻ്റെ ഭാഗമായാണിത്.
കടല്‍പക്ഷികളുടെ മുട്ടകള്‍ നശിപ്പിക്കുന്നതും കുഞ്ഞുങ്ങളെ കൊല്ലുന്നതും രോഗവ്യാപനത്തിന് ഇടയാക്കുന്നതുമാണ് ഇന്ത്യന്‍ കാക്കകളെ തുരത്താനുള്ള പ്രധാന കാരണങ്ങള്‍. ചെറിയ ജീവജാലങ്ങളെ ആക്രമിക്കുന്നതും വൈദ്യുതി ലൈനുകളിലൂടെയുള്ള വിതരണത്തിന് തടസം സൃഷ്ടിക്കുന്നതും കാരണങ്ങളിൽ ഉൾപ്പെടും.
പരിസ്ഥിതി സംരക്ഷിത മേഖലകളിലും വന്യജീവി സങ്കേതങ്ങളിലും മുമ്പില്ലാതിരുന്ന കടന്നുകയറ്റക്കാരായ പക്ഷികളേയും മറ്റ് ജീവികളെയും നിയന്ത്രിച്ച് ആവാസ വ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ഒഴിവാക്കി സന്തുലിതമാക്കാന്‍ ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം നേരത്തേ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യന്‍ കാക്കളുടെ എണ്ണം നിയന്ത്രിക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ വന്യജീവി സങ്കേതത്തിലെ 140 ലേറെ കാക്ക കൂടുകള്‍ നശിപ്പിച്ചു. കാക്കകളുടെ കണക്കെടുപ്പ്, പെരുകല്‍ കാലം നിര്‍ണയിക്കല്‍, കൂടുകള്‍ കണ്ടെത്തല്‍, ഭക്ഷണം തേടിച്ചെല്ലുന്ന ഇടങ്ങള്‍ കണ്ടെത്തല്‍ എന്നിവയിലൂടെ കാക്കകളുടെ എണ്ണം നിയന്ത്രിക്കാനാണ് വന്യജീവി വകുപ്പ് ഉദ്ദേശിക്കുന്നത്.
സൗദിയിലെ പരിസ്ഥിതി സംരക്ഷിത മേഖലയായ ഫുര്‍സാന്‍ ദ്വീപ് വിനോദ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ജിസാനോട് അടുത്തുകിടക്കുന്ന ഈ മേഖലയില്‍ ടൂറിസം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.