82 രാജ്യങ്ങളിലെ പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇലേക്ക് പ്രവേശിക്കാം
ദുബായ്: 82 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് മുൻകൂർ വിസയില്ലാതെ യുഎഇയിൽ പ്രവേശിക്കാമെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിശദമായ വിസ വിവരങ്ങൾ അന്വേഷിക്കുന്ന യാത്രക്കാരോട് മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാൻ അധികൃതർ ആഹ്വാനം ചെയ്തു. 82 രാജ്യങ്ങളുടെ പട്ടികയും യാത്രക്കാർക്കുള്ള വിസ ഇളവുകളുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങളും മന്ത്രാലയം പുറത്തുവിട്ടു. നിലവിൽ 115 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് യുഎഇയിൽ പ്രവേശിക്കുന്നതിനുമുൻപ് മുൻ കൂറായി വിസ എടുക്കണം.
വിസയെ സംബന്ധിച്ചുള്ള വിവരങ്ങളിൽ കൂടുതൽ വ്യക്തത വേണ്ടവർ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി എന്നിവയുടെ ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിച്ചാൽ മതിയാകും. അല്ലെങ്കിൽ യാത്രക്കാർ അവരുടെ എയർലൈനുകളിൽ ബന്ധപ്പെട്ട് വിവരങ്ങൾ പരിശോധിക്കാം.
ജിസിസി രാജ്യങ്ങളിലെ പൗരന്മാർക്ക് യുഎഇ സന്ദർശിക്കാൻ വിസയോ സ്പോൺസറോ ആവശ്യമില്ല. യുഎഇലേക്ക് പ്രവേശിക്കുന്ന അതിർത്തികളിൽ എത്തുമ്പോൾ ജിസിസി രാജ്യം നൽകിയ പാസ്‌പോർട്ടോ അവരുടെ ഐഡി കാർഡോ ഹാജരാക്കിയാൽ മതിയാകും.
ഒരു സാധാരണ പാസ്‌പോർട്ട് കൈവശമുള്ള ഏതൊരു ഇന്ത്യൻ പൗരനും യു എ ഇൽ എത്തിച്ചേർന്ന ശേഷം 14 ദിവസത്തെ എൻട്രി വിസ നേടാൻ സാധിക്കും. കൂടാതെ കാലാവധി തികയുമ്പോൾ 14 ദിവസത്തെ വിസാ വിപുലീകരണത്തിന് അപേക്ഷിക്കുകയും ആകാം. ഇത്തരത്തിൽ വിസയ്ക്ക് ശ്രമിക്കുന്നവരുടെ പാസ്‌പോർട്ട് യു എ. ഇ-ൽ എത്തിച്ചേരുന്ന തീയതി മുതൽ കുറഞ്ഞത് 6 മാസമെങ്കിലും കാലാവധി സാധുതയുള്ളതായിരിക്കണം. മാത്രമല്ല സന്ദർശകൻ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, യുണൈറ്റഡ് കിംഗ്‌ഡം അല്ലെങ്കിൽ ഏതെങ്കിലും യൂറോപ്യൻ രാജ്യം നൽകിയ സന്ദർശന വിസയോ സ്ഥിര താമസ കാർഡോ ഉള്ള വ്യക്തിയും ആയിരിക്കണം.