വായ്പയ്ക്ക് ഈട് പോലീസ് സ്റ്റേഷൻ! ജപ്തി ചെയ്ത് ബാങ്ക്!!
ഇടുക്കി: വെള്ളത്തൂവൽ സ്വദേശിയായ സി ബി രമേശൻ എന്ന ആൾ അടിമാലി ഫെഡറൽ ബാങ്കിൽ നിന്നും വർഷങ്ങൾക്ക് മുൻപ് വായ്പ്പ എടുക്കുവാൻ ഈട് നൽകിയത് വെള്ളത്തൂവൽ പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങുന്ന മൂന്ന് ഏക്കർ ഭൂമി. ഈട് ഭൂമിയിൽ 2.4 ഏക്കർ ഭൂമി സർവ്വേ നമ്പർ 19/1ൽ വരുന്നതും 1989 ഡിസംബർ 6ന് ജില്ലാകളക്ടർ പുറപ്പെടുവിച്ച ഉത്തരവിൻ പ്രകാരം പോലീസ് വകുപ്പിന് കൈമറിയിട്ടുള്ളതുമാണ് എന്ന് പോലീസ് വകുപ്പ് പറയുന്നു.
വായ്പ്പക്കാരൻ കുടിശിഖ വരുത്തിയതെ തുടർന്ന് ബാങ്ക് നടപടികൾ എടുക്കുകയും, ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ മുഖേന ജപ്തി നടപ്പാക്കുകയും ചെയ്തു. ലേലത്തിൽ വെച്ച് ഭൂമി 2012ൽ നായരമ്പലം സ്വദേശി കെ. പി. ജോഷി ലേലത്തിൽ പിടിക്കുകയും, ഭൂമിയുടെ അതിർത്തി നിർണ്ണയിക്കുവാൻ അളന്ന് തിട്ടപ്പെടുത്തുവാൻ ഡി ആർ. ടിയെ സമീപിക്കുകയും ആയിരുന്നു. അഭിഭാഷക കമ്മീഷനേയും താലൂക്ക് സർവേയറെയും ഭൂമി അളന്ന് തിട്ടപ്പെടുത്തുവാൻ ചുമതലപ്പെടുത്തുകയും, അവർ സമർപ്പിച്ച റിപ്പോർട്ടിൽ, പോലീസ് സ്റ്റേഷനും ക്വാർട്ടേഴ്സും അടങ്ങിയ 2.4 ഏക്കർ ഭൂമി ഈട് വസ്തുവിൽ ഉൾപ്പെട്ടിരിക്കുന്നു എന്ന് കണ്ടെത്തുകയുമായിരുന്നു.
റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിശദീകരണം തേടി റിക്കവറി ഓഫീസറിൽ നിന്നും 2023 ജൂൺ 20ന് നോട്ടീസ് ലഭിച്ചപ്പോൾ ആണ് വെള്ളത്തൂവൽ പോലീസ് ജപ്തിയുടെയും ഈടിൻ്റെയും വിവരങ്ങൾ അറിഞ്ഞത്.