ഇടുക്കിയോട് മുട്ടാൻ ഇനി ഇല്ല, പാലക്കാടിനൊപ്പം എറണാകുളവും പിന്നോട്ട്
ഇടുക്കി: പുതിയ ഭൂപരിഷ്ക്കാരത്തിൽ എറണാകുളം മെലിഞ്ഞപ്പോൾ കൂടുതൽ സുന്ദരിയായി ഇടുക്കി. ഇടുക്കി ജില്ലയിലെ ഇടമലക്കുടി പഞ്ചായത്തിന്റെയും, റവന്യു രേഖകളിൽ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ വില്ലേജിന്റെയും ഭാഗമായിരുന്ന 12718.5095 ഹെക്ടർ ഭൂപ്രദേശം, ഭരണസൗകര്യത്തിനായി ഇടമലക്കുടി വില്ലേജിലേക്ക് കൂട്ടിച്ചേർത്തതോടെ വലിപ്പത്തിൻ്റെ കാര്യത്തിൽ ഇടുക്കി പാലക്കാടിനെ പുറകിലാക്കി, ഒന്നാം സ്ഥാനം വീണ്ടെടുത്തു. ഇതോടെ വലുപ്പത്തിന്റെ കാര്യത്തിൽ പാലക്കാട് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 1997 ജനുവരി ഒന്നിന് മുൻപ് കേരളത്തിലെ ഏറ്റവും വലിയ ജില്ലയെന്ന പെരുമ ഇടുക്കി ജില്ലക്കായിരുന്നു എങ്കിലും, ദേവികുളം താലൂക്കിന്റെ ഭാഗമായിരുന്ന കുട്ടൻപുഴ വില്ലേജ് എറണാകുളം ജില്ലയോട് ചേർത്തതോടെ ജില്ല രണ്ടാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇടമലക്കുടി വില്ലേജ് പുതുതായി രൂപികരിക്കപ്പെട്ടതോടെ, മുൻപ് എറണാകുളത്തിനു നൽകിയ 12178.5095 ഹെക്ടർ സ്ഥലം ഇടമലക്കുടി വില്ലേജിലേയ്ക്ക് ചേർക്കുകയും അതുവഴി ഇടുക്കിയുടെ നഷ്ടപ്രൗഡി മടക്കി ലഭിക്കുകയും ആയിരുന്നു. കൂട്ടിച്ചേർക്കൽ സംബന്ധിച്ച വിജ്ഞാപനം സെപ്തംബർ 5ന് പുറപ്പെടുവിച്ചു. സർക്കാർ ഗസ്റ്റിലും ഇക്കാര്യം ഉൾപ്പെടുത്തിയിട്ടുണ്ട്.
4612 ചതുരശ്ര കിലോമീറ്റർ ആണ് ഇപ്പോൾ ഇടുക്കിയുടെ വിസ്തൃതി. 4,482 ചതുരശ്ര കിലോമിറ്റർ ആണ് രണ്ടാം സ്ഥാനത്തുള്ള പാലക്കാടിനുള്ളത്.ഇടുക്കിക്ക് സ്ഥലം മടക്കി നല്‍കിയതോടെ എറണാകുളം ജില്ല വിസ്തീര്‍ണത്തില്‍ ഒരു പടി ഇറങ്ങി അഞ്ചാം സ്ഥാനത്തെത്തി. വലിപ്പത്തില്‍ മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്.