•   Monday, 25 Nov, 2024

ആനി

Generic placeholder image
  Pracharam admin

നിറഞ്ഞ കരഘോഷത്തിനിടക്കു ആനി അവർ പറഞ്ഞ പേര്    കേട്ടു ഡോ. ദാൻ ജീസു .... ദൈവം ദാനമായി തന്ന തന്റെ സൗഭാഗ്യം... ആ ഹാളിലേക്ക് അവൾ കണ്ണോടിച്ചു. ഹാളിൽ നിറയെ മാതാപിതാക്കളും കുട്ടികളും..... എല്ലാവരും എഴുന്നേറ്റു നിന്നു തന്റെ മകനെ ആദരിക്കുന്നു.... അവൾക്കു അഭിമാനം തോന്നി.ഇന്നു തന്റെ മകൻ ഒരു ഡോക്ടർ ആയിരിക്കുന്നു... അതും ഇൻഡ്യയിലെ തന്നെ ഒന്നാമനായ ഡോക്ടർ.. അവളിലെ അമ്മമനസ്സു നിറഞ്ഞു. ആ ആഹ്ളാദ വേളയിൽ ആനി തന്റെ പൂർവ്വകാലത്തിലേക്കു ഊളിയിട്ടു...
      ഇരുപത്തിമൂന്ന് വർഷങ്ങൾക്കു മുമ്പുള്ള ഒരു നനുത്ത പ്രഭാതം....
    "ആനി സിസ്റ്ററേ" സെക്യുരിറ്റി ജീവനക്കാരന്റെ വിളി കേട്ടു ചെന്നു നോക്കുമ്പോൾ സ്‌ട്രക്ച്ചറിൽ രക്തത്തിൽ കുളിച്ച ഒരു രൂപം..,ആക്‌സിഡന്റു കേസാ... ഡോക്ടറെ വിളി.. കൂട്ടത്തിൽ വന്നവർ ധൃതിക്കൂട്ടി... രോഗിയെ കിടത്തി മുറിവുകൾ വൃത്തിയാക്കി.... അപ്പോഴേക്കും ഡോക്ടർ എത്തി.പരിശോധന നടത്തി വേണ്ട നിർദ്ദേശങ്ങൾ തന്നു.
          നിർദ്ദേശങ്ങൾ ഒരോന്നായി  പാലിച്ചു കൊണ്ടിരിക്കുമ്പോൾ ഡോ. പ്രശാന്ത് സീനിയർ ഡോക്ടറോടു ഫോണിൽ പറയുന്നത് കേട്ടു ക്രിട്ടിക്കൽ ആണെന്നു...
     ഡോക്ടർ ... എന്റെ വിളികേട്ടു ഓടിവരുമ്പോഴേക്കും അയാൾ കോമാ സ്‌റ്റേജിലേക്കു പോയിരുന്നു. "ഷിഫ്റ്റ്‌ റ്റു ഐസിയു " ഡോ. പ്രശാന്ത് അലറി.

      അയാളെ ഐസിയുവിൽ ആക്കി അത്യാഹിത വിഭാഗം ലക്ഷ്യമാക്കി യാന്ത്രികമായി അവൾ നടന്നു. ആ മുഖം അവളുടെ മനസ്സിൽ ഒരു വിങ്ങലായി തീർന്നിരുന്നു.  കലാലയ ജീവിതത്തിൽ എപ്പോഴോ മനസ്സിൽ പ്രതിഷ്‌ഠിക്കാൻ ആഗ്രഹിച്ച മുഖം... വീട്ടുകാർക്കു വേണ്ടി മുള പൊട്ടും മുമ്പേ ആരോടും പറയാതെ മനസ്സിലിട്ടു മൂടിയ തന്റെ പ്രണയത്തിന്റെ ചിത്രം....
    അത്യാഹിത വിഭാഗത്തിനു മുമ്പുള്ള ആൾക്കൂട്ടം കണ്ടു അവൾ നടപ്പിന്റെ വേഗം കൂട്ടി.
      എന്താ  ?  എന്തുപറ്റി? കൂടി നില്‌ക്കുന്നവരോടായ്‌ അവൾ ചോദിച്ചു.  ആ അപകടം പറ്റി വന്ന ആളിന്റെ കൂടെയുള്ളതാണീ കുട്ടി..
   ആ ബെഡ്ഡിൽ കിടത്തു ... നോക്കട്ടെ..
അവൾ കുഞ്ഞിന്റെ അടുത്തേക്കു ചെന്നു.  കാൽമുട്ടിലെ തൊലി ഒരല്‌പം പോയിട്ടുണ്ട്. നെറ്റിയിൽ ഒരു ചെറിയ മുറിവും.....
     ഒന്നുമില്ലടാ കുട്ടാ..!. മോൻ പേടിച്ചു പോയോ? ആനി കുഞ്ഞിനെ തഴുകി.  വൈറ്റൽസ്‌ നോക്കി ... നോർമ്മൽ..മോന്റെ പേര്‌ എന്താ? അവൻ അവളുടെ കണ്ണുകളിലേക്കു നോക്കി. ചുണ്ടുകൾ അനക്കി ... പക്ഷേ ശബ്ദം പുറത്തേക്കു വന്നില്ല....
  ഡോക്ടർ വന്നുകണ്ടു . മുറിവിൽ മരുന്നുകൾ വച്ചു കെട്ടി ഒബ്‌സേർവേഷനും പറഞ്ഞു പോയി. പോലീസ് വന്നു എഫ്‌ഐആർ തയ്യാറാക്കി പോയപ്പോഴേക്കും ഉച്ചയായി.
     കഴിക്കാനായി ചോറെടുത്തപ്പോൾ ആ കുഞ്ഞുമുഖം മനസ്സിൽ തെളിഞ്ഞു.
അവനരികിലിരുന്നു ചോറു വാരിക്കൊടുത്തപ്പോൾ ആ കുഞ്ഞു കണ്ണുകൾ നിറഞ്ഞിരുന്നു. ഡ്യൂട്ടി കഴിഞ്ഞിറങ്ങുമ്പോളും അവന്റെ കണ്ണുകൾ ആരേയോ തിരയുന്നുണ്ടാരുന്നു.
       പിറ്റേന്നു വന്നപ്പോഴാണ് അവൻ ഊമയാണെന്നുള്ള സത്യം അറിഞ്ഞത്. അവൻ ഇനിയും ഈ ലോകത്ത് തനിച്ചാണ് എന്നുള്ള തിരിച്ചറിവ് അവളെ സങ്കടക്കടലിലാക്കി. ഡിസ്ചാർജ് ആക്കീട്ടും ആരും തേടിവരാത്ത കുഞ്ഞിനേയും കൂട്ടി ,സുധീഷിന്റെ സഹപ്രവർത്തകർ തന്ന അറിവുമായി അവന്റെ അമ്മയെ അന്വേഷിച്ചു അലയുമ്പോഴും ആ സ്ത്രീ സ്വന്തം കുഞ്ഞിനെ സ്വീകരിക്കുമെന്ന പ്രതീക്ഷ ആനിക്കുണ്ടായിരുന്നു.
         കോളിംഗ് ബല്ലിന്റെ ശബ്ദംകേട്ടു കൊട്ടാരസദൃശ്യമായ ആ വീടിന്റെ വാതിൽ മലർക്കെ തുറന്നു ഒരു സ്ത്രീ പുറത്തേക്കു വന്നു. ഒരു  മോഡേൺ യുവതി..... ഈ കുഞ്ഞിന്റെ അമ്മ...      അവളുടെ മുഖത്തു വിരിഞ്ഞു നിന്ന പുഞ്ചിരി പെട്ടെന്നു മാഞ്ഞു. ആരാണു നിങ്ങൾ? എന്തിനാണ് ഈ പൊട്ട ചെക്കനേം കൂട്ടി ഇവിടെ വന്നത്? തന്റെ മറുപടി കാക്കാതെ അവൾ തുടർന്നു... എനിക്കു ഈ ശവത്തിനെ നോക്കാൻ പറ്റില്ല... വല്ല അനാഥാലയത്തിലും കൊണ്ടു വിടൂ..
  ദൈവമേ! ഇവൾ ഒരു സ്‌ത്രീയോ? പേറ്റുനോവറിഞ്ഞ അമ്മയോ? സ്വന്തം  സുഖത്തിനായ് കുഞ്ഞിനെ അനാഥാലയത്തിൽ വിടാൻ പറയാൻ ഇവൾക്കു ലജ്ജ ഇല്ലേ?. ആനി ദേഷ്യംകൊണ്ടു പല്ലിറുമി.... അത്.... ആനി എന്തോ പറയാൻ തുടങ്ങിയപ്പോഴേക്കും അവൻ അവളുടെ കൈ വിടുവിച്ചു റോഡു ലക്ഷ്യമാക്കി നടന്നിരുന്നു. അവളെ ദഹിപ്പിച്ചൊരു നോട്ടം നോക്കീട്ടു ആനി അവന്റെ പിന്നാലെയും....
     ഒപ്പമെത്തി അവനെ ചേർത്തു പിടിക്കുമ്പോൾ അവൾ തിരിച്ചറിയുകയായിരുന്നു ആ കുഞ്ഞു തന്റെ ആരോ ആയി മാറിയെന്ന സത്യം....
വീട്ടിലേക്ക് ഉള്ള യാത്രയിലുടനീളം വീട്ടുകാർ കുഞ്ഞിനെ സ്വീകരിക്കുമോ എന്ന ഭയം അവളെ ഭരിച്ചിരുന്നു.
      ദൂരെ നിന്നും ഞങ്ങൾ വരുന്നത് കണ്ട അമ്മച്ചി അപ്പനേം കൂട്ടി മുറ്റത്തേക്കിറങ്ങി.... ടീ... ഒരുമ്പെട്ടോളേ!..... ഏതാടീ ഈ സന്തതി..? ഇറങ്ങിക്കോണം രണ്ടും...... ഒരുവാക്കു പറയാൻ ഇടം തരാതെ അമ്മച്ചി ആക്രോശിച്ചു. ഒന്നും രണ്ടും പറഞ്ഞു  മുപ്പത്തിമൂന്നു വർഷം കഴിഞ്ഞ ആ വീടും ഉപേക്ഷിച്ചു ഇറങ്ങുമ്പോൾ ആകെ ഉണ്ടാരുന്ന സമ്പാദ്യം ഒരു നേഴ്‌സിങ് സർട്ടിഫിക്കറ്റും വിലമതിക്കാനാവാത്ത ആ കുഞ്ഞും മാത്രം. 
      ആദ്യ നാളുകളിൽ നന്നേ പാടുപെട്ടു. നിന്ദയും പരിഹാസവും സഹിക്കാൻ പറ്റാതെ വന്നപ്പോൾ നാടുവിട്ടു. ഇവിടെ എത്തി പുതിയ ജോലി നേടി. ജീവിതം പച്ചപിടിപ്പിച്ചു. മോനെ സ്കൂളിൽ ചേർത്തു. ആദ്യമൊക്കെ എന്നും കരഞ്ഞു കൊണ്ടാണ് അവൻ സ്കൂളിൽ നിന്ന് വന്നിരുന്നത് .. കുട്ടികൾ അവനെ ഉപദ്രവിക്കുകയും. ചെയ്തിരുന്നു... പിന്നെ പിന്നെ എല്ലാവർക്കും അവനെ ഇഷ്ടമായി.. അവൻ എന്നും ക്ലാസിൽ ഫസ്റ്റായിരുന്നു. 
    അവൻ അഞ്ചിൽ പഠിക്കുമ്പോളാണ്‌ പുതിയതായി ചാർജ്ജ് എടുത്ത ഡോ. തോമസ് തന്റെ കൂട്ടുകാരൻ കൂടിയായ ഡോ.ഉദയ് ശങ്കറിനെ പരിചയപ്പെടുത്തിയതു. ആ ദൈവദുതന്റെ കൈയാൽ എന്റെ മോനു ശബ്ദം കിട്ടി.അവൻ എന്നെ അമ്മേ എന്നു വിളിച്ച ആ ദിവസം....
   ക്യാൻ ഐ കാൾ മൈ മാം റ്റു ദിസ്‌ സ്‌റ്റേജ്? എന്റെ മോന്റെ ശബ്ദം.ആനി ചിന്തയിൽ നിന്നുണർന്നു... മിസ്സ്.ആനീ പ്ളീസ് കം..... അവൾ സ്‌റ്റേജു ലക്ഷ്യമാക്കി നടന്നു.നിറഞ്ഞ മനസ്സോടെ.... അപ്പോഴും അവിടം കരഘോഷത്താൽ മുഖരിതമാരുന്നു...!!!!!  


ബീന റേച്ചൽ നിജു

Comment As:

Comment (0)