കാണ്മാനില്ല : ഭാഗം - 3
ഭാഗം : 3
"ഈ മനുഷ്യന്റെ ഒരു സ്പീഡ്... ഒന്നു പതിയെ നടന്നുകൂടെ.. അങ്ങോട്ട് വേഗം ചെന്നിട്ട് ചൂടോടെ തിന്നാൻ ആരും ഒന്നും തരത്തും മറ്റുമില്ല. ഹോ ഒന്നു നിൽക്കെന്റെ മനുഷ്യാ...."
ഭാര്യയുടെ വാക്കുകൾക്കു മുഴക്കം വെയ്ക്കും തോറും ചാക്കോച്ചായൻ നടപ്പിന്റെ സ്പീഡും കുറച്ചു.
'നിങ്ങൾ കണ്ടാരുന്നോ മനുഷ്യാ ആ രാമൻപിള്ള വാലിനു തീ പിടിച്ചതു പോലെ പോകുന്നത്? എന്നാണോ കാര്യം?'
'എന്റെ പൊന്ന് അന്നാമ്മേ, എമിലിയുടെ വീട്ടിലെത്തും വരെ നീ ഇടത്തും വലത്തും നോക്കാതെ ഒന്നു നടക്കാവോ?'
അന്നാമ്മയുടെ സംസാരത്തിൽ തനിക്കുണ്ടായ അസഹിഷ്ണുത മുഴുവൻ ചാക്കോച്ചായന്റെ വാക്കുകളിൽ ഉണ്ടായിരുന്നു. ഇത്ര വലിയ ഒരു വിഷയം സൂസന്റെ വീട്ടിൽ സംഭവിച്ചിട്ടും അങ്ങോട്ട് പോകാതെ, തങ്ങളോട് സംസാരിക്കുക പോലും ചെയ്യാതെ രാമൻപിള്ള പോയതിൽ എന്തൊക്കെയോ ദുരൂഹത ഉള്ളതായി അമ്മാമ്മയുടെ മനസ്സ് മന്ത്രിച്ചു. എന്തു ചെയ്യാൻ, മനസ്സിലുള്ളത് പറയാമെന്ന് വെച്ചാൽ ഭർത്താവിനതൊന്നും കേൾക്കാൻ നേരമില്ല. നീ സംസാരിച്ചില്ലേലും നിൻ്റെ ഭാര്യയെ സംസാരിക്കാൻ അനുവദിക്കണമെന്നും കൂടി വിവാഹസമയത്ത് ഉഭയസമ്മതത്തിൽ പറയേണ്ടിയതിനു പകരം ഭർത്താവിനു കീഴ്പ്പെട്ടിരിക്കണമെന്നും അനുസരിക്കണമെന്നും ഒക്കെ പറയാൻ ഉപദേശിമാർക്ക് നല്ല മിടുക്കാ... മനസ്സിൽകൂടി പല ചിന്തകളും കടന്നു പോയെങ്കിലും, ഏതു നേരത്തും പിശാച് ഇടർച്ച ചെയ്തിടാം എന്ന ഗാനം ഓർത്ത് അമ്മാമ്മ തൻ്റെ ഹൃദയവിചാരങ്ങൾ തന്നിൽ തന്നെ ഒതുക്കി.
ഏതോ അത്യാപത്ത് സംഭവിച്ചതിന്റെ ദുഃസൂചനയെന്നോണം അന്തരീക്ഷം നിശിതമായിരുന്നു. താരകങ്ങൾ തങ്ങൾക്ക് ഇതൊന്നും കാണുവാൻ കരുത്തില്ലാ എന്ന് പറഞ്ഞ് ഇമകൾ ചിമ്മി അടച്ചു. തിങ്കൾക്കല അതുവഴി വന്ന ഒരു മേഘക്കീറിൽ തന്റെ മുഖം ഒളിപ്പിക്കുവാൻ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അവിടവിടെയായി ചാവാലി പട്ടികൾ ഓലിയിടുന്നുമുണ്ടായിരുന്നു. അമ്മാമ്മയുടെ മനസ്സിൽ എന്തൊക്കെയോ അസുകരമയ ചിന്തകൾ കടന്നു പോയി. വിവരിക്കാൻ പറ്റാത്ത എന്തോ ഒരു വൈക്ലബ്യം... അസ്വസ്ഥമനസ്സോടു കൂടെ അവർ സൂസൻ്റെ വീട്ടിൽ എത്തി. എന്നും അടഞ്ഞു കിടക്കുമായിരുന്ന വലിയ ഇരുമ്പു ഗേറ്റ് മലർക്കെ തുറന്നു കിടക്കുന്നു. ഇരുനില ബംഗ്ലാവിന്റെ വിശാലമായ മുറ്റം ജനസാന്ദ്രമായിരുന്നു. അവിടവിടെയായി കൂടി നിന്ന് അടക്കം പറയുന്നവർക്കിടയിൽ തനിക്ക് ചേരുന്നവരെ അന്വേഷിച്ച് അമ്മാമ്മയുടെ കണ്ണുകൾ പരക്കം പായുമ്പോൾ, അച്ചായൻ പുരുഷന്മാർക്കിടയിൽ സഭയുടെ നെടുംതൂണുകളെ അന്വേഷിക്കുകയായിരുന്നു.
ഭൂലോകത്തെവിടെ എന്ത് സംഭവിച്ചാലും കമ്പിയില്ലാ കമ്പി വഴി സകല വിവരങ്ങളും ആദ്യം അറിയുകയും സകലർക്കും ചൂടാറാതെ എത്തിച്ചു കൊടുക്കുവാൻ പ്രത്യേക സാമർത്ഥ്യവുമുള്ള ഏലിക്കുട്ടിയെ കണ്ടതോടെ അമ്മാമ്മയുടെ സകല ആധിയും വ്യാധിയും മാറിയെങ്കിലും, സഭാശുശ്രൂഷകനേയും, മറ്റ് പല പ്രമുഖരേയും ആൾകൂട്ടത്തിനിടയിൽ കണ്ടെത്താൻ കഴിയായതിൽ, ചാക്കോച്ചായന് അതിയായ കോപം ഉണ്ടായി. “സഭയിലോട്ട് വന്നിരുന്നാൽ എന്തൊരു കൈയ്യടിയും മറുഭാഷയുമാ ഒരു അത്യാഹിതം വന്നപ്പോൾ ഒറ്റ ഒരുത്തനേയും കാണാനില്ല. ഇതിനു ഞാൻ അടുത്ത കമ്മറ്റിയിൽ മറുപടി പറയിക്കും. ഞാനൊന്ന് അമേരിക്കേൽ പോയേച്ചും വന്നോട്ട്' തന്റെ സകല ദേഷ്യവും ചാക്കോച്ചായൻ ദേവസിയോട് തീർത്തു. നോഹയുടെ മലങ്കാക്കയെ പോലെ സഭയിൽ വന്നും പോയും നിൽക്കുന്ന ദേവസി ചൊറിതനം പറ്റിപിടിക്കും പോലെ അച്ചായനോട് ചേർന്ന് നിന്ന് കിട്ടിയ സമയം തക്കത്തിൽ ഉപയോഗിക്കവേ, അമ്മാമ്മ ഏലിക്കുട്ടിയുമായി ഒരു ഒഴിഞ്ഞ കോണിലേയ്ക്ക് മാറി. വെളിച്ചത്തിന്റെ അഭാവം മൂലം ഇടയ്ക്ക് അസൗകര്യങ്ങൾ ഉണ്ടായെങ്കിലും, എമിലിക്കു വേണ്ടി തകൃതിയായി അപ്പോഴും കുളത്തിൽ തിരച്ചിൽ നടക്കുന്നുണ്ടായിരുന്നു.
'അമ്മാമ്മേ ഈ പെണ്ണു മാത്രമല്ല, അവടെ കൂടെ ഒണ്ടാരുന്ന വേറെ ചെലരേയും കാണാനില്ലാന്ന്. നമ്മടെ ചർച്ചിൽ വന്ന ചെക്കന്മാരടെ വീട്ടിൽ ഫോൺ ചെയ്തപ്പോൾ അവന്മാരിൽ പലരും ഇതുവരെ വീട്ടിലെത്തിയില്ലെന്ന്. കുളത്തിലൊന്നും തപ്പിയാൽ പെണ്ണിനെ കിട്ടുകേല അന്നമ്മാമ്മേ. ഇത് കാര്യം വേറെയാ...
അത് പിന്നെ പറയാനുണ്ടോ എന്റെ ഏലിക്കുട്ടി. സംഗതി അതു തന്നെയാ.. സംതൃപ്തിയോടെ അമ്മാമ്മ ഏലിക്കുട്ടിയോട് അൽപ്പം കൂടി ചേർന്നു നിന്നു.
തുടരും
(കാണ്മാനില്ല ഒന്നും രണ്ടും ഭാഗങ്ങൾ വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക)
https://www.pracharamonline.com/missing---story-part-1/
https://www.pracharamonline.com/MISSING-STORY-PART-2/