•   Monday, 25 Nov, 2024

കാണ്മാനില്ല - ഭാഗം: 2

Generic placeholder image
  Pracharam admin

സൂസന്നയ്ക്കും, ഭർത്താവ് ജോൺസിനും ആണും പെണ്ണുമായി ഒരു മകൾ മാത്രമേ ഉള്ളൂ. +2 വിദ്യാർത്ഥിനി എമിലി. പഠിക്കുവാൻ ബഹുസമർത്ഥയും കാണാൻ മഹാ സുന്ദരിയും ആണവൾ. സൂസന്നയും ജോൺസും, അന്നമ്മാമ്മയും ഒരു സഭയിലാണ് ആരാധനയ്ക്കായി പോകുന്നത്. ജന്മംകൊണ്ട് വിശ്വാസികളായി എന്നതാണ് സൂസന്നയുടെ സാക്ഷ്യം. തങ്ങളുടെ നിലയ്ക്കും വിലയ്ക്കും ചേരാത്തവരാണ് സഭയിലെ മറ്റുള്ളവർ എന്ന ചിന്ത ഉണ്ടെങ്കിലും, 'കൊച്ചമ്മ'യെന്നുള്ള വിളിയും, ബഹുമാനവും സൂസന്നയ്ക്ക് വളരെ ബോധിച്ചതിനാൽ സഭയിൽ കൂടി പോകുന്നുവെന്നേയുള്ളൂ. 


എമിലിയുടെ +2 പരീക്ഷ അവസാനിച്ചത് ഇന്നായിരുന്നുവെന്ന് അമ്മാമ്മ ഓർമ്മിച്ചു. സൂസൻ തന്റെ പണത്തിനും പ്രതാപത്തിനും തക്കവണ്ണം സൊസൈറ്റി ലേഡിയായി, മോഡേൺ ഡ്രസിൽ അണിഞ്ഞൊരുങ്ങി, ഹൈഹീൽഡ് ചെരിപ്പുമിട്ട്, തന്റെ വിലയ്ക്കും നിലയ്ക്കും ചേരുന്നവരുമായി സഹകരിച്ചു വരുമ്പോൾ, അമ്മയുടെ മോഡേൺ ജീവിതത്തിൽ എമിലി പങ്ക് പറ്റിയില്ലായെന്നത് തന്നെ പലപ്പോഴും ആശ്ചര്യപ്പെടുത്തിയതും, സകലരോടും സ്നേഹത്തോടും ബഹുമാനത്തോടും മാത്രം വർത്തിച്ചിരുന്നു എന്നതും ഓർക്കവെ, ഇന്നു രാവിലേയും പ്രസ് ദ ലോർഡ് അമ്മച്ചി' എന്ന് പറഞ്ഞ ഒരു പാൽപുഞ്ചിരി സമ്മാനിക്കുകയും, ചെയ്ത എമിലിയുടെ നിഷ്കളങ്കമുഖം അമ്മാമ്മയുടെ മനോമുകരത്തിൽ തെളിഞ്ഞുവന്നു. സംഭവിച്ചതെന്തെന്നറിയുവാനുള്ള ആകാംഷയോടെ അമ്മാമ്മ അച്ചായനോട് ചോദിച്ചു: 


“എൻ്റെ മനുഷ്യേനെ, എന്നതാ സംഭവം? ഒന്നു തെളിച്ച് പറഞ്ഞാട്ടെ” 

“എടി ആ പെൺകൊച്ച് ഈ സന്ധ്യാ നേരത്ത് അവരടെ അയ്യത്തുള്ള കുളത്തിൽ കുളിക്കാൻ പോയത്രേ. പെണ്ണ് ഉടുത്തു മാറാൻ കൊണ്ടുപോയ തുണിയും, സോപ്പും ഒക്കെ ആ കുളക്കരയിൽ കിടപ്പുണ്ട്."

“നിങ്ങളെന്താ ഈപ്പറയുന്നത്? ഇത്ര വല്യ ബംഗ്ലാവിൽ, ഷവറും ലിവറും ഒക്കെ ഉണ്ടായിട്ടും ആ കൊച്ച് അയ്യത്ത് കുളിക്കാൻ പോയോ! അപ്പം അതിൽ ഏതാണ്ട് കാര്യം ഉണ്ട് കോട്ടോ. അല്ല, ആ പൊങ്ങച്ചക്കാരീടെ മോളലയോ, ഇങ്ങനെ ഒക്കയെ വരത്തൊള്ളൂ."
 
“എടി സംഗതി ആ പെണ്ണ് ആത്മഹത്യ ചെയ്തതായിരിക്കുമെന്ന് പുറത്ത് സംസാരമുണ്ട്. ഇനി വേറെ വല്ല....... ഓ അതൊരു പാവം കൊച്ച് അല്ലാരുന്നോ അങ്ങനെ ഒന്നുമായിരിക്കില്ല."
 
അത് അന്നമ്മക്ക് തീരെ സുഖിച്ചില്ല. മനസ്സിൽ അൽപ്പം മുൻപ് തെളിഞ്ഞ എമിലിയുടെ സുന്ദരമുഖം ഒരു നിമിഷം കൊണ്ട് വികൃതമാക്കികൊണ്ട് അന്നമ്മ ഭർത്താവിന്റെ വാക്കുകളെ നിഷ്കരുണം അടിച്ചമർത്തി. 

'നിങ്ങളിതെന്തുവാ മനുഷ്യാ പറയുന്നത്? പാവം കൊച്ചോ? അവൾക്ക് കോളെജിൽ എന്താരുന്നു പണി എന്ന് നിങ്ങൾക്കറിയാമോ? ക്യാമ്പസന്നോ, ക്രൂസൈഡ് എന്നോ ഒക്കെ പറഞ്ഞ്, കാണുന്ന പുള്ളാരുടെ എല്ലാം കൂടെ നടപ്പല്ലായിരുന്നോ ലവൾ.. ആ വഴിക്ക് എന്തെങ്കിലും പിശകുണ്ടായിക്കാണും.'
 
“നീ ചുമ്മാതിരിക്കടി അന്നമ്മേ, ആ പെങ്കൊച്ച് കോളെജിൽ സുവിശേഷം പറഞ്ഞല്ലേ. ഹോസ്റ്റലിലെ പിള്ളാര് നമ്മുടെ സഭയിൽ ആരാധനയ്ക്ക് വന്നത്? നീ അത് മറന്നു പോയോ?

“ഓ, ഒരു ചുവിശേഷക... എന്റെ മനുഷ്യാ, അന്നു വന്ന ചെറുക്കന്മാർ ആരാധനയ്ക്ക് വന്നതാണ് എന്നാണോ നിങ്ങൾ കരുതിയിരിക്കുന്നത്? എനിക്കന്നേ സംശയമുണ്ടായിരുന്നു. ഞാനും ഈ പ്രായം ഒക്കെ കഴിഞ്ഞല്ലേ വന്നത്. ലവന്മാരുടെ ഒരു നോട്ടവും, എമിലിയെ പുകഴ്ത്തിയുള്ള ആ സാക്ഷ്യവും ഒന്നും ഞാൻ മറന്നിട്ടില്ല. എന്റെ ദൈവമേ ഇന്ന് കാര്യങ്ങൾ ഒന്നും അറിയാൻ പറ്റിയില്ലായെങ്കിൽ, അമേരിക്കേന്ന് തിരികെ വരുമ്പഴേയ്ക്ക് എല്ലാം ആറി തണുക്കും. പൊന്നു മനുഷ്യ നിങ്ങൾക്ക് വ്യക്തമായി കാര്യങ്ങൾ ഒന്നന്വേഷിക്കരുതായിരുന്നോ? ഇനിയിപ്പം എന്തോ ചെയ്യു... ഞാൻ ആ ഏലിക്കുട്ടിക്ക് ഒന്ന് ഫോൺ ചെയ്തു നോക്കട്ട് ചെലപ്പം അവൾ കാര്യങ്ങൾ അറിഞ്ഞു കാണും' 

“വേണ്ടാടി അന്നമ്മേ നമുക്ക് അത്തറ്റം വരെ ഒന്ന് പോയി നോക്കാം. ആൾക്കാർ കുളത്തിൽ മുങ്ങി തപ്പുന്നുവെന്നാ കേട്ടത് എങ്ങാനും ആ പെണ്ണിന് വല്ല പൊട്ടബുദ്ധിയും തോന്നിച്ചിട്ട് കൊളത്തിലെങ്ങാൻ ചാടിയതാണെങ്കിലോ?. പിന്നെ നമുക്ക് കാണാൻ പറ്റത്തില്ലല്ലോ??

കാര്യം വീട്ടുകാരൻ താനാണെങ്കിലും, ചില സമയത്ത് ഭാര്യയുടെ അനുവാദം ചോദിക്കുന്നത് സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബജീവിതത്തിന് അത്യന്താപേക്ഷിതമാണെന്നത് ചാക്കോച്ചായനും നന്നായി അറിയാം. 

"ശരിയാ, നാളത്തെ പോക്ക് മാറ്റിവെച്ചാലും എനിക്കുവേണ്ടുകേല. മശിഹാ തമ്പുരാൻ എൻ്റെ പ്രാർത്ഥന കേട്ടു. ആ പൊങ്ങച്ചക്കാരി കുറച്ചൊന്നുമല്ല. അഹങ്കരിച്ചത്. എന്നെ കണ്ടാൽ അവൾക്ക് മിണ്ടാൻ വല്യ പ്രയാസമായിരുന്നല്ലോ?. ഇപ്പം എന്തുവേണ്ടി.... ഇനി അവളെന്നോട് മിണ്ടുവോന്ന് എനിക്കൊന്നറിയണം..."

സൂസന്നയുടെ കണ്ണുനീർ കാണുവാനുള്ള ആർത്തിയോടെ 'ആർത്തിയേറുന്നേ ഒന്നു കാണുവാൻ...' എന്നും മൂളി അന്നമ്മാമ്മ ചാക്കോച്ചായനൊപ്പം സൂസന്നയുടെ വീട്ടിലേയ്ക്ക് യാത്രയായി.
 

തുടരും..

Comment As:

Comment (0)