•   Monday, 25 Nov, 2024

കാൺമാനില്ല

Generic placeholder image
  Pracharam admin

ന്നമ്മാമ്മയും ചാക്കോച്ചായനും നാളെ വെളുപ്പിനെ അമേരിക്കയ്ക്ക് പോകും. വളരെ രഹസ്യമായിട്ടായിരുന്നു ഒരുക്കങ്ങൾ എല്ലാം. എല്ലാം ഏഷണിക്കൂട്ടങ്ങൾ ആണെന്നേയ്. ഒന്നിനേയും വിശ്വസിക്കാൻ കൊള്ളുവേല. ഒന്നും പറ്റിയില്ലേൽ വല്ല ബന്ധനമോ ആഭിചാരമോ വല്ലോം ചെയ്തുകളഞ്ഞാൽ എന്നാ ചെയ്യും. തന്നേം അല്ല ചിലദിവസങ്ങൾ ആയിട്ട് അടുപ്പിച്ച് അടുപ്പിച്ച് കറുകറുത്ത പൂച്ചയെ അമ്മാമ്മ സ്വപ്നം കാണുകേം ചെയ്തു. കരിമ്പൂച്ച കുറുകേ ചാടിയാൽ യാത്ര ശുഭം ആകില്ലെന്നാണല്ലോ വയ്പ്പ്. നാലുവരി പാട്ടും പാടി തൊണ്ടയ്ക്ക് പ്രത്യേക വിറയലും വരുത്തി, മേമ്പൊടിക്ക് രണ്ട് വിതുമ്പലും നടത്തി പുട്ടിന് തേങ്ങാപ്പീരയെന്നോണം  സ്തോത്രവും പറഞ്ഞ് ഒടുവിൽ ഒരു വാക്യോം വായിച്ച് സാക്ഷ്യം പറയുന്ന വിശ്വാസിപ്രമാണിയായ അമ്മാമ്മ അമേരിക്കൻ യാത്ര മാത്രം സാക്ഷ്യത്തിൽ വെളിപ്പെടുത്തുവാൻ തയ്യാറാകാഞ്ഞതും അതുകൊണ്ട് മാത്രം ആയിരുന്നു. 

നാലു പറമ്പിനപ്പുറം താമസിക്കുന്ന സൂസനും അന്നമ്മാമ്മയും ഒരേ സഭയിൽ ആണ് ആരാധനയ്ക്ക് പോകുന്നതെങ്കിലും, കണ്ടാൽ രണ്ടുപേരും തമ്മിൽ ചക്കരയും അടയും ആണെങ്കിലും, സൂസനുപോലും അമ്മാമ്മ അക്കരയ്ക്കു പോകുന്നത് സംബന്ധിച്ച് ഒരു ചെറു ക്ലൂപോലും കിട്ടിയിട്ടില്ല. സൂസമ്മ എന്ന് കാർന്നോന്മാരായിട്ട് ഇട്ട പേരിനു അത്ര ഗുമ്മുപോരാന്ന് തോന്നിയ നിമിഷം സ്വന്തമായി സൂസൻ എന്ന പേരിലേയ്ക്ക് പരകായ പ്രവേശം ചെയ്ത സൂസനെ, സഭയിലുള്ളവർ  സൂസൻ കൊച്ചമ്മ എന്നു വിളിക്കുമ്പോൾ അന്നും ഇന്നും അമ്മാമ്മേ എന്ന് അന്നമ്മാമ്മയെ എല്ലാവരും വിളിക്കുന്നതിലുള്ള അസഹിഷ്ണുത പറഞ്ഞറിയിക്കാവതല്ല.
 

ശബ്ദമുയർത്തി പ്രാർത്ഥിക്കുന്നതിലും, പാട്ടുപാടി സാക്ഷ്യം പറയുന്നതിലും വിറയാർന്ന ശബ്ദത്തിൽ ഹല്ലേലുയ്യാ പറയുന്നതിലും, ദർശനങ്ങളുടെ നീണ്ട ലിസ്റ്റ് നിരത്തുന്നതിലും പ്രാവീണ്യം തെളിയിച്ചിട്ടും സൂസൻ്റെ അത്രയും ജനസമിതി നേടാൻ അമ്മാമ്മയ്ക്ക് കഴിഞ്ഞിട്ടില്ല. മക്കളും മരുമക്കളും അമേരിക്കയിൽ സ്ഥിരതാമസക്കാരയപ്പോളെങ്കിലും വിശ്വാസികൾക്കിടയിൽ പ്രധാന സ്ഥാനം ലഭിക്കുമായിരിക്കും എന്ന് വിചാരിച്ചെങ്കിലും അതും നടന്നില്ല. അതുകൊണ്ട് ഒക്കെ ആണ് അമ്മാമ്മ നാളത്തെ അമേരിക്കൻ യാത്രയെകുറിച്ച് ആരോടും പറയാൻ നിൽക്കാഞ്ഞതും.

അമ്മാമ്മയ്ക്കും അച്ചായനും മക്കളുടെ സ്റ്റാറ്റസിനനുസരിച്ച് വാങ്ങിയ വിലകൂടീയ കാർ ഒരെണ്ണം പോർച്ചിൽ കിടപ്പുണ്ട്. ഓടിക്കാൻ ശമ്പളം കൊടുത്ത് ഡ്രൈവറേയും വെച്ചിട്ടുണ്ട്. സ്വന്തം കാറിൽ എയർപ്പോർട്ടിൽ പോയാൽ മടങ്ങി വരും വരെ കാറിൻ്റെ കീ ഡ്രൈവറുടെ കൈവശം ആയിപോകുമല്ലേ, അവൻ തിരികെ വീട്ടിൽകൊണ്ടെ കാറ് ഇടുമോ എന്ന് ആർക്കറിയാം എന്നിങ്ങനെ അമ്മാമ്മ ആശങ്കപ്പെട്ടതിൽ മനം നൊന്ത് എയർപോർട്ടിൽ പോകുന്നതിനൊരു ടാക്സി അന്വേഷിക്കാൻ പോയിരിക്കുകയാണ്  ചാക്കോച്ചായൻ. അമ്മാമ്മ മനോരാജ്യങ്ങളിൽ മുഴുകി വറുത്തതും, പൊരിച്ചതും, ഉപ്പിലിട്ടതും, തൊടിയിൽ നിന്നും പറിച്ചതും ഒക്കെ ആയി പലവിധ സാധനങ്ങൾ പൊതിഞ്ഞുകെട്ടുന്ന തിരക്കിലും.

'എടി, ആ സൂസൻ്റെ പെണ്ണിനെ കാണാനില്ലെന്ന്' ടാക്സി വിളിക്കാൻ പോയ ചാക്കോച്ചായൻ കിതച്ചുംകൊണ്ട് അത് പറയവേ,  അമ്മാമ്മയുടെ മനോരാജ്യങ്ങളും, കയ്യിലിരുന്ന ഒരു കുപ്പി അച്ചാറും ഒരുനിമിഷം കൊണ്ട് പൊട്ടിതകർന്നു.

തുടരും...

Comment As:

Comment (0)