രണ്ടാം അവിശ്വാസ പ്രമേയം: നേരിടാന്‍ മോദി; സംസാരിക്കാൻ രാഹുല്‍.
പ്രധാനമന്ത്രിയായിരിക്കെ രണ്ടാമത്തെ അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങുകയാണ് നരേന്ദ്ര മോദി. പാര്‍ലമെന്റില്‍ നാളെ നടക്കാനിരിക്കുന്ന അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി സംസാരിക്കും. നാല് മാസത്തിന് ശേഷം തിങ്കളാഴ്ച പാര്‍ലമെന്റില്‍ തിരിച്ചെത്തിയ രാഹുല്‍ ജൂണില്‍ അക്രമ ബാധിത മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു.
രണ്ടാം തവണ പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ അവിശ്വാസ പ്രമേയമാണിത്. 2018ല്‍ മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുല്‍ ഗാന്ധിയുടെ ‘ആലിംഗനവും കണ്ണിറുക്കലും’ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ സംസാരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. ഗൗരവ് ഗൊഗോയ് ലോക്സഭയില്‍ അവതരിപ്പിച്ച ഈ പ്രമേയം പിന്നീട് അംഗീകരിക്കുകയായിരുന്നു. അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ലോക്സഭാ കാര്യ ഉപദേശക സമിതി മൂന്ന് ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഓഗസ്റ്റ് 10ന് പ്രമേയത്തിന് പ്രധാനമന്ത്രി മോദി മറുപടി നല്‍കും.
പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട രാഹുല്‍ ഗാന്ധി തിങ്കളാഴ്ചയാണ് എംപിയായി തിരിച്ചെത്തിയത്. മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിലെ ശിക്ഷാവിധി സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതോടെയാണ് ലോക്സഭയില്‍ നിന്നുള്ള അദ്ദേഹത്തിന്റെ അയോഗ്യത റദ്ദാക്കിയത്.