പാക്കിസ്ഥാനിലേയ്ക്ക് പോകാൻ വിദ്യാർത്ഥികളോട് നിർദേശം. അധ്യാപികയ്ക്ക് സ്ഥലം മാറ്റം
കര്‍ണാടകയിലെ ശിവമോഗയില്‍ മുസ്ലീം മത വിശ്വാസികളായ രണ്ട് വിദ്യാര്‍ഥികളോട് ‘പാക്കിസ്ഥാനിലേക്ക് പോകൂ’ എന്ന പറഞ്ഞ അധ്യാപികയെ സ്ഥലംമാറ്റി. ഇവര്‍ക്കെതിരെ വകുപ്പ് തല അന്വേഷണം നടത്തി കൂടുതല്‍ നടപടി സ്വീകരിക്കാന്‍ കര്‍ണാടക വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നിര്‍ദേശം നല്‍കി.
ശിവമോഗയിലെ ടിപ്പു നഗറില്‍ സ്ഥിതി ചെയ്യുന്ന സ്കൂളിലെ മഞ്ജുള ദേവി എന്ന അധ്യാപികക്കെതിരെയാണ് നടപടി. അഞ്ചാം ക്ലാസുകാരായ രണ്ട് മുസ്ലീം വിദ്യാര്‍ഥികള്‍ ക്ലാസില്‍ ബഹളം വെക്കുകയും അച്ചടക്കം ലംഘിക്കുകയും ചെയ്തപ്പോൾ ‘ഇത് നിങ്ങളുടെ രാജ്യമല്ല, പാകിസ്ഥാനില്‍ പോകൂ’ എന്ന് അധ്യാപിക വിദ്യാര്‍ത്ഥികളോട് പറഞ്ഞു എന്നാണ് പരാതി. ശിവമോഗയിലെ ജെ.ഡി.എസ്. നേതാവ് നസ്റുല്ല സംഭവത്തില്‍ പരാതി നല്‍കി.
വകുപ്പുതല അന്വേഷണത്തിന് വിധേയായതിനെ തുടര്‍ന്നാണ് അധ്യാപികയെ സ്ഥലം മാറ്റിയതെന്ന് പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (ശിവമോഗ) പരമേശ്വരപ്പ സി ആർ പറഞ്ഞു.
”ക്ലാസ്സിൽ അനിയന്ത്രിതമായി പെരുമാറുകയും തന്നോട് ബഹുമാനം കാണിക്കാതിരിക്കുകയും ചെയ്തതിനാൽ വിദ്യാർത്ഥികളെ ശാസിക്കുകയായിരുന്നെന്ന് അധ്യാപിക പ്രാഥമിക അന്വേഷണത്തിൽ പറഞ്ഞതായി” പരമേശ്വരപ്പ പറഞ്ഞു.
സ്‌കൂൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥികൾ സംഭവം മാതാപിതാക്കളെ അറിയിക്കുകയും അവർ പ്രാദേശിക നേതാക്കളെ വിവരം അറിയിക്കുകയും ചെയ്തു. പരാതി ലഭിച്ചതിനെ തുടർന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു.