പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് അരവിന്ദ് കെജ്രിവാൾ?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനായി പ്രതിപക്ഷ പാർട്ടികൾ ചേർന്ന് രൂപീകരിച്ച ഇൻഡിയ സഖ്യത്തിൽ കല്ലുകടി ശക്തം. പ്രധാനമന്ത്രി സ്ഥാനാർത്ഥ്യം സംബന്ധിച്ച് വിവിധ പാർട്ടികൾ ഇതിനോടകം തന്നെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
രാഹുൽ ഗാന്ധിയാകും പ്രതിപക്ഷ സഖ്യത്തിൻറെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗലോട്ടിൻറെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവിധ പാർട്ടികളും അവകാശവാദങ്ങളുമായി രംഗത്തെത്തിയത്. അഖിലേഷ് യാദവിനായി സമാജ് വാദി പാർട്ടിയും അവകാശവാദമുന്നയിച്ചതിന് പിന്നാലെ പ്രധാനമന്ത്രി സ്ഥാനാർത്ഥി അരവിന്ദ് കെജ്രിവാളായിരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ആം ആദ്മി പാർട്ടി. എ എ പി-യുടെ മുഖ്യ ദേശീയ വക്താവ് പ്രിയങ്ക കക്കറാണ് പ്രഖ്യാപനം നടത്തിയത്. ഇത്രയും നാണയപ്പെരുപ്പം ഉണ്ടായിട്ടും ദേശീയ തലസ്ഥാനമായ ഡൽഹിയിലാണ് ഏറ്റവും കുറഞ്ഞ പണപ്പെരുപ്പമെന്ന് പ്രിയങ്ക കക്കർ പറഞ്ഞു.