•   Sunday, 06 Oct, 2024

ലൂണ - 25 ചന്ദ്രനിൽ ഇടിച്ചിറങ്ങി

Generic placeholder image
  Pracharam admin

മോസ്കോ: റഷ്യൻ ബഹിരാകാശ പേടകമായ ‘ലൂണ - 25’ തകർന്നതായി സ്ഥിരീകരണം. ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ പ്രവേശിച്ച പേടകം ചന്ദ്രനിൽ ഇടിച്ചിറങ്ങിയതായി റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചു. പേടകത്തിന് സാങ്കേതികത്തകരാർ നേരിട്ടതായി ഇന്നലെ തന്നെ റിപ്പോർട്ടുണ്ടായിരുന്നു.

47 വർഷത്തിന് ശേഷം റഷ്യ നടത്തുന്ന ചന്ദ്രദൗത്യമായിരുന്നു ലൂണ 25. ‘അസാധാരണ സാഹചര്യം’ നേരിടുന്നുവെന്ന് ആഗസ്റ്റ് 19 വൈകുന്നേരത്തോടുകൂടി ആണ് റഷ്യയുടെ ബഹിരാകാശ ഏജൻസി അറിയിച്ചത്. ലാൻഡിങ്ങിന് മുന്നോടിയായി നടത്തേണ്ട ഭ്രമണപഥമാറ്റം പൂർത്തിയാക്കാൻ പേടകത്തിനായിയിരുന്നില്ല. സാങ്കേതിക തകരാർ ഉണ്ടെന്നും പ്രശ്നം പരിശോധിച്ച് വരികയാണെന്നുമായിരുന്നു റഷ്യൻ ബഹിരാകാശ ഏജൻസി റോസ്കോസ്മോസ് ഇന്നലെ അറിയിച്ചത്. ഇതിന് പിന്നാലെയാണ് പേടകം തകർന്നെന്ന സ്ഥിരീകരണം.

ആഗസ്റ്റ് 10ന് വിക്ഷേപിച്ച പേടകം ആഗസ്റ്റ് 16നാണ് ചന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ലൂണ അയച്ച ചന്ദ്ര ഗർത്തങ്ങളുടെ ആദ്യ ദൃശ്യങ്ങൾ റഷ്യ ഇന്നലെ പുറത്തുവിട്ടിരുന്നു. ജൂലൈ 14ന് ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണപഥത്തിലേക്കു പ്രവേശിച്ചതിനു തൊട്ടുപിന്നാലെയാണ് റഷ്യ പേടകം വിക്ഷേപിച്ചത്. ചന്ദ്രയാൻ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്നതിന് മുമ്പേ ലൂണ 25 ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 

Comment As:

Comment (0)