നൊബേൽ ചടങ്ങിൽ പങ്കെടുക്കാൻ റഷ്യക്കും ഇറാനും ക്ഷണം പിൻവലിച്ച് സംഘാടകർ
സ്റ്റോക്ഹോം: ഈ വർഷത്തെ നൊബേൽ പുരസ്കാര സമർപ്പണ ചടങ്ങിൽ റഷ്യ, ബെലറൂസ്, ഇറാൻ രാജ്യങ്ങളുടെ അംബാസഡർമാരെ പങ്കെടുപ്പിക്കാനുള്ള തീരുമാനം കടുത്ത എതിർപ്പിനെ തുടർന്ന് ഉപേക്ഷിച്ചു. ‘‘സ്വീഡനിലെ ജനങ്ങളുടെ ശക്തമായ പ്രതികരണം ഞങ്ങൾ മാനിക്കുന്നു’’ -നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു.
യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ കഴിഞ്ഞ വർഷം റഷ്യക്കും ബെലറൂസിനും മനുഷ്യാവകാശ ലംഘനങ്ങളുടെ പേരിൽ ഇറാനും ക്ഷണം വേണ്ടെന്നുവെച്ചിരുന്നു. അത് തിരുത്തിയാണ് ആദ്യം മൂവർക്കും ക്ഷണമയച്ചത്. ഇതിനെതിരെ യുക്രെയ്ൻ അടക്കം രംഗത്തുവന്നതിനു പിന്നാലെയാണ് തിരുത്തൽ. പുരസ്കാര ദാനത്തിന് ഫണ്ട് സ്ഥാപിച്ച ആൽഫ്രഡ് നൊബേലിന്റെ ചരമദിനമായ ഡിസംബർ 10ന് സ്റ്റോക്ഹോമിലാണ് ചടങ്ങ്.