•   Monday, 25 Nov, 2024

ജോലിക്ക് മികച്ച കൂലി ഇന്ത്യക്ക് 64-ാം സ്ഥാനം

Generic placeholder image
  Pracharam admin

ലോകമെമ്പാടുമുള്ള രാജ്യങ്ങളിലായി തൊഴിലാളികൾക്ക് മികച്ച ശമ്പളം നൽകുന്ന കാര്യത്തിൽ അമേരിക്കയുടെയും യൂറോപ്പിലെയും വികസിത രാജ്യങ്ങളെക്കാൾ മുന്നിൽ നിൽക്കുന്നത് ചെറിയ രാജ്യങ്ങളാണെന്ന് കണക്കുകൾ. ഈ കണക്കിൽ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയെന്നു വിളിക്കപ്പെടുന്ന അമേരിക്കയാണ്. വലിയ സമ്പദ്‌വ്യവസ്ഥയെന്ന തലയെടുപ്പോടെ മറ്റു രാജ്യങ്ങൾക്കു മുന്നിൽ ഉയർന്നു നിന്നിരുന്ന അമേരിക്ക ഏറ്റവും ഉയർന്ന ശമ്പളമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒരു സ്ഥാനം താഴേക്ക് പതിച്ചിരിക്കുകയാണ്. 

വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പുറത്തു വിട്ട കണക്കുകൾ അനുസരിച്ച്, ഏറ്റവും മികച്ച പ്രതിമാസ ശമ്പളത്തിൻ്റെ കാര്യത്തിൽ ഒന്നാം സ്ഥാനം യൂറോപ്പിൻ്റെ കളിസ്ഥലം എന്ന് വിളിക്കപ്പെടുന്ന സ്വിറ്റ്സർലൻഡാണ്. അവിടെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 6298 ഡോളറാണ്, അതായത് ഏകദേശം 5,21,894 രൂപ. രണ്ടാം സ്ഥാനം ലക്സംബർഗാണ്. അവിടെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 5122 ഡോളറാണ്. മൂന്നാം സ്ഥാനം ഏഷ്യൻ രാജ്യമായ സിംഗപ്പൂരാണ് കെെയാളിയിരിക്കുന്നത്. സിംഗപ്പൂരിൽ നികുതിക്ക് ശേഷം ജനങ്ങൾക്ക് ലഭിക്കുന്ന ശരാശരി പ്രതിമാസ ശമ്പളം 4990 ഡോളറാണ്. 

അതേസമയം ഏറ്റവും ഉയർന്ന ശമ്പളം നൽകുന്ന കാര്യത്തിൽ അമേരിക്കയ്ക്ക് ഏർപ്പെട്ട തിരിച്ചടിയും ശ്രദ്ധേയമാണ്. കൂടുതൽ ശമ്പളം നൽകുന്ന ആദ്യ പത്തു രാജ്യങ്ങളിൽ അമേരിക്ക നാലാം സ്ഥാനത്താണ്, അവിടെ ശരാശരി പ്രതിമാസ ശമ്പളം 4,664 ഡോളറാണ്. അതായത് 3,86,497 രൂപ. അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ഐസ്‌ലാൻഡുണ്ട്. അവിടെ ശരാശരി പ്രതിമാസ ശമ്പളം 4,383 ഡോളറാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

ഗൾഫ് രാജ്യമായ ഖത്തർ പട്ടികയിൽ ആറാം സ്ഥാനത്താണുള്ളത്. ഖത്തറിൽ പ്രതിമാസ ശമ്പളം 4147 ഡോളറാണ്. ഏഴാം സ്ഥാനത്ത്  ശരാശരി പ്രതിമാസ ശമ്പളം 3,570 ഡോളറുമായി ഡെൻമാർക്കുണ്ട്. ശരാശരി 3,550 ഡോളർ പ്രതിമാസ ശമ്പളവുമായി നെതർലൻഡ് എട്ടാം സ്ഥാനത്തും, 3511 ഡോളർ പ്രതിമാസ ശമ്പളമുള്ള യുഎഇ ഒമ്പതാം സ്ഥാനത്തും, 3510 ഡോളർ പ്രതിമാസ ശമ്പളവുമായി നോർവേ പത്താം സ്ഥാനത്തും ഇടംപിടിച്ചിട്ടുണ്ട്. 

അതേസമയം ലോകത്തിലെ ഏറ്റവും മികച്ച പത്ത് സമ്പദ്‌വ്യവസ്ഥകളിൽ ഉൾപ്പെടുന്ന ഓസ്‌ട്രേലിയക്കാരുടെ ശരാശരി പ്രതിമാസ ശമ്പളം 3263 ആണ്, ജർമ്മനിയിലെ ശരാശരി പ്രതിമാസ ശമ്പളം 3051 ഡോളറും കാനഡയിലെ 2988 ഡോളറുമാണ്.യുകെയിലെ ആളുകളുടെ ശരാശരി പ്രതിമാസ ശമ്പളം 2958 ഡോളറുമാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. 

ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളമുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ രാജ്യങ്ങളുടെ സ്ഥാനം കൗതുകമുണർത്തുന്നതാണ്. വേൾഡ് ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻ്റെ കണക്കുകൾ അനുസരിച്ച് ഇന്ത്യ പട്ടികയിൽ 64-ാം സ്ഥാനത്താണ്,  ഇന്ത്യയിൽ ശരാശരി പ്രതിമാസ ശമ്പളം $594 ആണ്, അതായത് 49,227 രൂപ. അതേസമയം ബംഗ്ലാദേശിലെ ജനങ്ങളുടെ ശരാശരി പ്രതിമാസ ശമ്പളം 251 ഡോളറും പാകിസ്ഥാനിൽ ഇത് 159 ഡോളറുമാണ്. അതായത് ഏകദേശം 13,175 രൂപ.

ശമ്പളത്തിൻ്റെ കാര്യത്തിൽ ചൈനയും ദക്ഷിണാഫ്രിക്കയും ഇന്ത്യയേക്കാൾ ഇരട്ടി മുന്നിലണെന്നുള്ളതാണ് യാഥാർത്ഥ്യം. ചൈനയിൽ ശരാശരി പ്രതിമാസ ശമ്പളം 1,002 ഡോളറും ദക്ഷിണാഫ്രിക്കയിൽ 1,213 ഡോളറുമാണ്. ബ്രിക്‌സ് രാജ്യങ്ങളെടുത്താൽ റഷ്യയിൽ 507 ഡോളറും ബ്രസീലിൽ 421 ഡോളറുമാണ് ശരാശരി ഉയർന്ന ശമ്പളം. നിലവിൽ ഇന്ത്യയുടെ സാമ്പത്തിക ശക്തി വർദ്ധിക്കുന്നുവെന്ന വാദങ്ങൾ ഉയരുമ്പോൾത്തന്നെ ജനങ്ങളുടെ ശമ്പളം ഉൾപ്പെടെയുള്ള സാമ്പത്തിക പുരോഗതികളും അതേ വേഗത്തിൽ വർദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

Comment As:

Comment (0)