ലോകത്ത് ക്രൈസ്തവരുടെ എണ്ണത്തിൽ വർധനവ്
മുൻവർഷത്തെ അപേക്ഷിച്ച് ലോകത്തിലെ കത്തോലിക്കരുടെ എണ്ണത്തിൽ വർധനവ്. വത്തിക്കാൻ ഏജൻസിയായ ഫൈഡ്സ് ആണ് ഈ വെളിപ്പെടുത്തൽ നടത്തിയത്. ഒക്ടോബർ 22 -ന് ആഘോഷിക്കുന്ന 97-ാമത് ലോക മിഷൻദിനത്തോടനുബന്ധിച്ച്, ലോകത്തിലെ മിഷനറിസഭയുടെ വളർച്ചയെ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് വത്തിക്കാൻ ഏജൻസി ഈ കണക്കുകൾ പുറത്തുവിട്ടത്.
2021 ഡിസംബർ 31 വരെയുള്ള ജനസംഖ്യയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ സർവേ നടത്തിയിട്ടുള്ളത്. 2021 ഡിസംബർ 31 വരെ, ലോക ജനസംഖ്യ 7,785,769,000 ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ജനസംഖ്യയിൽ 118,633,000 വർധനവ് ഉണ്ടായി. പ്രധാനമായും ഏഷ്യയിലും ആഫ്രിക്കയിലും അമേരിക്കയിലും ഓഷ്യാനയിലും ഇതേ തോതിൽ ജനസംഖ്യാവർധനവ് രേഖപ്പെടുത്തുമ്പോൾ യൂറോപ്പിൽ 2,24,000 ആളുകളുടെ കുറവാണ് കണക്കുകളിൽ സൂചിപ്പിക്കുന്നത്.
ഈ കാലയളവിൽ കത്തോലിക്കരുടെ എണ്ണം 16,240,000 ആയി വർധിച്ചു. ഇതോടെ സർവേയിലെ കണക്കനുസരിച്ച് മൊത്തം കത്തോലിക്കരുടെ എണ്ണം 1,375,852,000 ആയി. യൂറോപ്പ് ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും കത്തോലിക്കരുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. കത്തോലിക്കരുടെ എണ്ണത്തിൽ വർധനവുണ്ടെങ്കിലും ദൈവവിളികൾ കുറയുന്നു എന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വൈദികരുടെ കുറവിനെ അഭിമുഖീകരിക്കുമ്പോൾ, ലോകത്ത് സ്ഥിരമായ ഡീക്കന്മാരുടെ എണ്ണം വർധിച്ചുവരുന്നതായും അവരുടെ എണ്ണം 541 -നിന്നും വർധിച്ച് 49,176 ആയി ഉയർന്നു എന്നും റിപ്പോർട്ട് കണ്ടെത്തി.