•   Monday, 25 Nov, 2024

ഇനി പടി ഇറക്കം

Generic placeholder image
  Pracharam admin

75 എന്ന മാജീക്ക് ശതമാനം നേടാനാവാതെ ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന് അമരക്കാർ ഉണ്ടെന്ന് തെളിയിച്ച് പാസ്റ്റർ സി സി തോമസ് ഓവർസീയർ സ്ഥാനത്തു നിന്നും പുറത്തേയ്ക്ക്.


2023 ജനുവരി 09ന് സഭയുടെ ആസ്ഥാനത്ത് 15 അംഗ കൗൺസിൽ അംഗങ്ങൾക്കായുള്ള തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ പ്രിഫറൻസ് ബാലറ്റിൽ ആകെ ബാലറ്റിൻ്റെ 75% നേടുവാൻ പാസ്റ്റർ സി. സി തോമസിനു സാധിച്ചില്ല.
 

1400ൽ അധികം ശുശ്രൂഷകരുള്ള ചർച്ച് ഓഫ് ഗോഡിൽ, വോട്ടവകാശം അനുവദിച്ചത് 1208 പേർക്ക് മാത്രം ആയിരുന്നു. മുൻ ഓവർസിയർ പാസ്റ്റർ പി. ജെ. ജെയിംസിന് ഉൾപ്പെടെ കണ്ണിൽ കരടായ പലരേയും ജയസാദ്ധ്യതയ്ക്കായി വോട്ടേഴ്സ് ലിസ്റ്റിൽ നിന്നും പുറത്താക്കിയതായി ആക്ഷേപം നിലനിൽക്കുന്നുണ്ട്.


953 പേർ ആയിരുന്നു ഇത്തവണ തങ്ങളുടെ സമ്മതിദാനം വിനിയോഗിച്ചത്. ഓവർസീയർ ആയി തുടരുവാൻ പാസ്റ്റർ സി സി തോമസിന് ഏറ്റവും കുറഞ്ഞത് 715 വോട്ടുകൾ എങ്കിലും നേടേണമായിരുന്നു. 72 ശതമാനം വോട്ടുകൾ (686) മാത്രമേ പാസ്റ്റർ സി സി തോമസിനു നേടുവാൻ സാധിച്ചുള്ളു. 29 വോട്ടുകൾ കൂടി നേടുവാൻ കഴിഞ്ഞിരുന്നുവെങ്കിൽ, അമരത്തു നിന്നും പടി ഇറങ്ങാതെ നാലുവർഷം ഭരണതുടർച്ച പാസ്റ്റർ സി സി തോമസിനു ലഭിക്കുമായിരുന്നു.

പ്രചാരം രണ്ട് ഘട്ടങ്ങളിലായി നടത്തിയ അഭിപ്രായ സർവ്വേയിലും സി സി തോമസിന് അനുകൂല സഹചര്യമല്ലാ എന്ന് പ്രഖ്യാപിച്ചിരുന്നു. അഭിപ്രായ വോട്ടെടുപ്പിൽ ലഭിച്ച ദയനീയ പരാജയം നേരിടാൻ ഇടയാകാതെ, സോഷ്യൽ മീഡിയകളിൽ എല്ലാം, ചർച്ച് ഓഫ് ഗോഡ് എന്ന് നോക്കാതെ, പലരെക്കൊണ്ടും പുകഴ്ത്തി എഴുതിപ്പിക്കുവാൻ കഴിഞ്ഞത് പരാജയത്തിൻ്റെ ആഴം കുറച്ചു എന്ന് പറയാം. 

അതേ സമയം, കൗൺസിൽ ഇലക്ഷനിൽ, ഭരണപക്ഷ പാനലിനാണ് വിജയം നേടാൻ കഴിഞ്ഞത് എന്ന പ്രത്യേകതകൂടി ഉണ്ട്. തല കൊയ്തിട്ട് അവർ നേടിയ വിജയം എത്രമാത്രം ഉപകരിക്കപ്പെടും എന്ന് ഭാവിയിൽ കണ്ടറിയണം. കൗൺസിൽ ഇലക്ഷനിൽ വിജയിച്ചവരുടെ പേരുകൾ ചുവടെ: (ബ്രാക്കറ്റിൽ അവർ നേടിയ വോട്ടുകൾ) ഷിബു കെ മാത്യു (625) വൈ റെജി (616) പി എ ജെറാൾഡ് (598) വിനോത് ജേക്കബ് (575) സജി ഏബ്രഹാം (507) മാത്യൂ ബേബി (504) ഫിന്നി ജോസഫ് (492) ലൈജു നൈനാൻ ( 447) സാംകുട്ടി മാത്യൂ (429) വി പി തോമസ് (418) ഷൈജു മത്തായി (407) ഷൈജു തോമസ് (406) വൈ മോനി (381) ജോൺസൺ ദാനിയേൽ (357) തോമസ്കുട്ടി ഏബ്രഹാം (345)

Comment As:

Comment (0)