ബൈബിൾ തിരുത്തിയെഴുതാന്‍ പാപ്പ നിര്‍ദ്ദേശം നൽകി??
വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് മാർപാപ്പ ബൈബിൾ തിരുത്തി എഴുതാൻ ലോക സാമ്പത്തിക ഫോറത്തിന് അനുമതി നൽകിയെന്ന തരത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചരണം. നിലവില്‍ പ്രചരിക്കുന്ന പോസ്റ്റർ വ്യാജമാണെന്ന് വാര്‍ത്ത ഏജന്‍സിയായ റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്തു. ബൈബിളിലെ തെറ്റായ വിവരങ്ങള്‍ പരിശോധിച്ചതിന് ശേഷം മായിച്ചു കളയണമെന്ന് പാപ്പ എക്സിൽ കുറിച്ചെന്ന സ്ക്രീൻഷോട്ടും സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്ററിൽ പ്രചരിക്കുന്നുണ്ട്. 'ദി പീപ്പിൾസ് വോയിസ്' എന്ന വെബ്സൈറ്റിൽ ഡിസംബറില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനവും പോസ്റ്ററിനൊപ്പം പങ്കുവെയ്ക്കുന്നുണ്ട്.
അതിലെ തലക്കെട്ടും, ചിത്രവുമാണ് പോസ്റ്ററിലുള്ളത്. ലോക സാമ്പത്തിക ഫോറത്തിന്റെ ഉള്ളിലെ വിവരങ്ങൾ അറിയാവുന്ന ഒരാളാണ് ഇത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയതെന്ന് വെബ്സൈറ്റിൽ ആരോപിച്ചിരിന്നു. രാഷ്ട്രീയത്തിന് കൂടുതൽ പ്രാധാന്യം നൽകുന്ന, ദൈവത്തിനുള്ള സ്ഥാനം കുറച്ച് പ്രകൃതിക്ക് കേന്ദ്ര സ്ഥാനം നൽകുന്നതായിരിക്കണം പുതിയ ബൈബിളെന്ന് ഫ്രാൻസിസ് മാർപാപ്പ നിർദ്ദേശം നൽകിയെന്ന് ഈ വ്യക്തി വെളിപ്പെടുത്തിയതായി വെബ്സൈറ്റ് അവകാശപ്പെടുന്നു. ഇതിനിടെ ലോക സാമ്പത്തിക ഫോറം പ്രചാരണം തള്ളി.
ഫ്രാൻസിസ് മാർപാപ്പ ഇങ്ങനെ ഒരു കാര്യം പറഞ്ഞതായി യാതൊരുവിധ തെളിവുമില്ലെന്ന് റോയിറ്റേഴ്സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലോക സാമ്പത്തിക ഫോറം നടത്തുന്ന ജോലിയുടെ വിലയില്ലാതാക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് വ്യാജ പ്രചാരണമാണെന്നു ലോക സാമ്പത്തിക ഫോറത്തിന്റെ ഒരു വക്താവ് റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി. ഫ്രാൻസിസ് മാർപാപ്പ എക്സില്‍ കുറിച്ചുവെന്നു തരത്തിലുള്ള സ്ക്രീൻ ഷോട്ടിലെ വാചകങ്ങൾ പാപ്പയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിൽ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലായെന്നും ഫാറ്റ് ചെക്കിങ് റിപ്പോർട്ടിൽ പറയുന്നു.