ഓവർസിയർ ആകുവാൻ ഇവർ തയ്യാർ. നിങ്ങൾ ആരെ തിരഞ്ഞെടുക്കും?
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൽ സ്റ്റേറ്റ് ഓവർസിയർ തിരഞ്ഞെടുപ്പ് ദിവസം നിശ്ചയിക്കപ്പെട്ടില്ലെങ്കിലും സ്ഥാനാർത്ഥികൾ തയ്യാർ ആയി കഴിഞ്ഞു. പാസ്റ്റർ പി ജെ ജെയിംസ് പ്രിഫറൻസ് ബാലറ്റിൽ നിന്നും പിൻവാങ്ങിയതേ തുടർന്ന് പ്രിഫറൻസ് ബാലറ്റിൽ തന്നെ വോട്ട് രേഖപ്പെടുത്തി പാസ്റ്റർ സി സി തോമസ് ഓവർസിയർ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെടുക ആയിരുന്നു. അതിനു വിരുദ്ധമായി ഇത്തവണ നടന്ന പ്രിഫറൻസ് ബാലറ്റിൽ പുതിയ ഓവർസിയറുടെ പേരെഴുതാൻ അനുവദിച്ചിരുന്നില്ല. പ്രിഫറൻസ് ബാലറ്റ് സമയത്ത്, ഓവർസിയർ സ്ഥാനത്ത് സി സി തോമസിനു തുടരാൻ സാധിക്കും എന്ന അമിത ആത്മവിശ്വാസം തൻ്റെ ചേരിയിൽ നിന്നും ഒരു പിൻഗാമിയെ നിർദേശിക്കുന്നതിൽ നിന്നും തന്നെ വിലക്കി എന്നുവേണം അനുമാനിക്കുവാൻ. മുൻപ് നടന്ന കീഴ്വഴക്കം പോലെ പ്രിഫറൻസ് ബാലറ്റിൽ ഓവർസിയറെ നിശ്ചയിക്കാഞ്ഞതിനാൽ, ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് വീണ്ടും ഒരു ഇലക്ഷനെ നേരിടേണ്ടി വന്നിരിക്കുന്നു. (അമ്മാവന് എന്തും ആകാമല്ലോ!) വിവിധ മേഖലകളിൽ വർഷങ്ങളുടെ പഴക്കവും തഴക്കവും ഉള്ള മൂന്നു പ്രഗത്ഭരാണ് ഇത്തവണ ഓവർസിയർ സ്ഥാനത്തിനായി മത്സരരംഗത്ത് ഉള്ളത്.
പാസ്റ്റർ ബാബു ചെറിയാൻ : ഓവർസിയർക്ക് സ്ഥാനഭ്രംശം ഉണ്ടാകും എന്ന് മുൻകൂട്ടി മനസ്സിലാക്കിയവരിൽ ഒന്നാമനാണ് പാസ്റ്റർ ബാബു ചെറിയാൻ. അതുകൊണ്ട് തന്നെ പ്രിഫറൻസ് ബാലറ്റ് നടക്കുമ്പോൾ മുതൽ ഇനി ആര് എന്ന ചോദ്യത്തിന് മറുപടി ആയി കേട്ടത് പാസ്റ്റർ ബാബു ചെറിയാൻ്റെ പേരായിരുന്നു . മുൻപ് നടന്ന അഭിപ്രായ സർവ്വേയിൽ ഓവർസിയർ സ്ഥാനത്തേയ്ക്ക് കൂടുതൽ വോട്ടുകൾ നേടിയതും അദേഹം ആയിരുന്നു. അതിനു കാരണം, ഈ ഭരണ സമിതിയുടെ ഭരണകാലത്ത്, ഒതുക്കപ്പെട്ടുപോയവരെയും, തഴയപ്പെട്ടുപോയവരേയും പാസ്റ്റർ ബാബു ചെറിയാൻ ചേർത്തു പിടിച്ചതിൻ്റെ നിമിത്തം ആയിരുന്നു. നിലവിലെ ഭരണ സമിതിയുടെ, പാട്ടക്കരാർ വിഷയത്തിൽ ഏറ്റവും ശബ്ദം ഉയർത്തിയതും, സ്ഥലം മാറ്റം വിഷയത്തിലെ ഏകാധിപത്യത്തിനെ ചോദ്യം ചെയ്തതും ഇദേഹം ആയിരുന്നു. ഓൾ ഇന്ത്യ ഗവേണിംഗ് ബോർഡി മെംബർ, സണ്ടേസ്കൂൾ സ്റ്റേറ്റ് പ്രസിഡന്റ്, സ്റ്റേറ്റ് യൂത്ത് സ്റ്റേറ്റ് ജോയിന്റ് ഡയറക്ടർ, ബൈബിൾ കോളേജ് അദ്ധ്യാപകൻ, യു. എ. ഇ. യു പി. എഫ്. പ്രസിഡന്റ് എന്നീ ഔദ്യോഗിക പദവികളും ദൈവസഭ മുൻകൗൺസിൽ മെമ്പർ സ്ഥാനവും വഹിച്ചിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ, ഇപ്പോൾ കോന്നി ദൈവസഭയുടെ ശുശ്രൂഷകനായും കോന്നി സെന്റർ പാസ്റ്റർ ആയും സേവനം അനുഷ്ഠിക്കുന്നു. ദൈവസഭസഭയുടെ കേരളത്തിലെ ചെറുതും വലുതുമായ വിവിധ സഭകളിലും യു എ ഇയിലും ശുശ്രൂഷകൾ ചെയ്തിട്ടുള്ള പാസ്റ്റർ ബാബു ചെറിയാൻ സേവനം അനുഷ്ഠിച്ച സഭകളിൽ എല്ലാം നല്ല പേർ ഇന്നും നിലനിർത്തുന്നു.
പാസ്റ്റർ വിനോദ് ജേക്കബ് : ദൈവസഭയിലെ മുതിർന്ന ദൈവദാസന്മാരിൽ ഒരാൾ ആയ പാസ്റ്റർ വിനോദ് ജേക്കബ് നിലവിൽ കൊല്ലം സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. യു. എ. ഇ., കുവൈറ്റ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ ഒന്നിലധികം ടേമുകൾ ശുശ്രൂഷിച്ചിട്ടുള്ളത് കൂടാതെ ദൈവസഭയുടെ വിവിധ സഭകളിൽ ശുശ്രൂഷകൻ ആയി ഇരിക്കുകയും, കൗൺസിൽ മെമ്പർ ആയും ഡിസ്ട്രിക്ട് പാസ്റ്ററായും സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 2004 മുതൽ 2006 വരെ യു എ.ഇ.-യുടെ പ്രഥമ നാഷണൽ ഓവർസിയർ ആയി ഇദേഹത്തെ നിയമിച്ചിരുന്നു. ഈടുറ്റ വാഗ്മിയും, നല്ലൊരു പരിഭാഷകനും, ബൈബിൾ കോളേജ് അദ്ധ്യാപകനും കൂടി ആണ് അദ്ദേഹം.
പാസ്റ്റർ വൈ റെജി: ദൈവസഭയിലെ ശുശ്രൂഷകരിൽ യുവജനങ്ങളുടെ ഗണത്തിൽ ഉൾപ്പെടുന്ന പാസ്റ്റർ വൈ റെജി, ശുശ്രൂഷയുടെ പ്രാരംഭകാലം മുതൽ ചേന്ദമംഗലം സഭയുടെ ശുശ്രൂഷകൻ ആണ്. അതിനാൽ തന്നെ വിവിധ സഭകളിൽ ശുശ്രുഷിച്ച പാരമ്പര്യം പറയാൻ തനിക്ക് ഇല്ല. ഡിസ്ട്രിക്ട് പാസ്റ്റർ, കൗൺസിൽ മെമ്പർ, ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ, അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റൻ്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിലെ ഭരണസമിതിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചിരുന്ന വ്യക്തി എന്ന നിലയ്ക്ക്, ഭരണപക്ഷ പിൻഗാമി താൻ ആണ് എന്നാണ് വെയ്പ്പ് എങ്കിലും പാസ്റ്റർ വിനോദ് ജേക്കബ് ആണ് ഔദ്യോഗികമായി ഭരണപക്ഷത്തിൻ്റെ സ്ഥാനാർത്ഥി എന്നും പറഞ്ഞു കേൾക്കുന്നുണ്ട്.
സൊസൈറ്റിയുടെ സുതാര്യവും, സുശക്തവുമായ ഭരണ സംവിധാനത്തിനായി കഴിവുള്ള ഒരു നേതാവ് സംഘടനയ്ക്ക് അനിവാര്യമാണ്. ഈ മൂവരിൽ ആരായിരിക്കും വരുന്ന നാലു വർഷത്തേയ്ക്ക് സൊസൈറ്റിയെ നയിക്കുക എന്നത് സൊസൈറ്റി അംഗങ്ങൾ ആയ 1200ഓളം വരുന്ന സുവിശേഷകർ അവരുടെ സമ്മതിദാനം വിനിയോഗിച്ച് കണ്ടെത്തും. ദൈവം തിരഞ്ഞെടുത്തവനെ തന്നെ സുവിശേഷകരും തിരഞ്ഞെടുക്കുവാൻ ഇടയാവട്ടെ എന്ന് പ്രാർത്ഥിക്കാം.