ഐപിസി ജനറൽ കൗൺസിൽ പ്രവർത്തന പദ്ധതി പതിനഞ്ചു കോടി
ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ ജനറൽ കൗൺസിൽ വൻ വികസന പദ്ധതികളുമായി ചരിത്രത്തിൽ ഇടം നേടുന്നു. മാർച്ച് 27 ന് ആരംഭിച്ച നൂറുദിന ഉപവാസ പ്രാർഥനയുടെ സമാപനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക സമ്മേളനത്തിലാണ് വൻ പദ്ധതികൾ പ്രഖ്യാപിച്ചത്. കുമ്പനാട് മണിയാറ്റ് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ജനറൽ പ്രസിഡന്റ് പാസ്റ്റർ വത്സൻ ഏബ്രഹാം മുഖ്യപ്രഭാഷണം നടത്തി. വിവാഹ സഹായം, വിധവാ സഹായം, ഭവന നിർമ്മാണം, വിദ്യാഭ്യാസ സഹായം, മിഷൻ സഹായം എന്നിങ്ങനെ വിവിധ പദ്ധതികളിലായി 15 കോടി രൂപയുടെ പ്രവർത്തനങ്ങളാണ് അടുത്ത നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.
ജനറൽ കൗൺസിൽ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ട ആറ് പേരുടെയും കുടുംബാംഗങ്ങളുടെ സംഭാവനകളാണ് പദ്ധതികൾക്കുവേണ്ടി ചിലവഴിക്കുന്നത്. കൂടാതെ ഈ പ്രവർത്തനങ്ങളോട് സഹകരിക്കാൻ താൽപര്യമുള്ളവരുടെ പിന്തുണയും ഭാരവാഹികൾ അഭ്യർത്ഥിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തുക (10കോടി) പ്രഖ്യാപിച്ചത് ബ്രദർ കാച്ചാണത്ത് വർക്കി ഏബ്രഹാമാണ്. പഴയ ജനറൽ കൗൺസിൽ ഹാൾ പുന: ക്രമീകരിച്ച് എക്‌സിക്യൂട്ടീവ് ക്യാബിനുകളുടെ നിർമ്മാണം പൂർത്തീകരിച്ചെന്നും പാരീഷ് ഹാൾ ആധുനിക സംവിധാനങ്ങളോടെ ഉടനെ പുതുക്കി പണിയുമെന്നും കാച്ചാണത്തു വർക്കി ഏബ്രഹാം പറഞ്ഞു. സഭയുടെ എഫ് സി ആർ എ ലഭിച്ചാലുടൻ 2000 പേർക്ക് ഇരിക്കാവുന്ന എസി ഓഡിറ്റോറിയത്തിന്റെ നിർമ്മാണം ആരംഭിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.