എ റ്റി എം കൗണ്ടറുകളിൽ പേപ്പർ ഉപയോഗിച്ച് പണം തട്ടിപ്പ്: പ്രതി പിടിയിൽ
എ.ടി.എം കൗണ്ടറിൽ പണം എടുക്കാൻ വരുന്നവരുടെ കാർഡുകൾ തന്ത്രപരമായി കൈക്കലാക്കി പണം കവരുന്ന അന്തർസംസ്ഥാന എ.ടി.എം. തട്ടിപ്പ് വീരൻ പിടിയിൽ. തമിഴ്നാട് ബോഡി സ്വദേശി കാമരാജ് (46) എന്നയാളെയാണ് കട്ടപ്പന ഡി.വൈ.എസ്. പി. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. എ.ടി.എം. കൗണ്ടറുകളിൽ ഇയാൾ പേപ്പർ തിരുകിവെച്ചശേഷം പിന്നീട് വരുന്ന ഇടപാടുകാർക്ക് പണം എടുക്കാൻ സാധികാതെ വരുമ്പോൾ സഹായിക്കാൻ എന്ന വ്യാജേനെ കൗണ്ടറിലെത്തി അവരുടെ കാർഡ് എ റ്റി എംൽ ഇടുവിക്കുകയും അവരെക്കൊണ്ടുതന്നെ പിൻ നമ്പർ വീണ്ടും അടിപ്പിക്കുകയും ചെയ്യും. തുടർന്ന് പണം ലഭിക്കാത്തത് കൗണ്ടറിന്റെ പ്രശ്നമാണെന്ന് വരുത്തിതീർക്കുകയും, ഇടപാടുകാരുടെ കാർഡ് തന്ത്രപരമായി കൈവശമാക്കുകയും, പകരം വ്യാജ കാർഡ് നല്കുകയും ചെയ്യും. ഇയാൾ പിൻ നമ്പർ മനസിലാക്കിയതിനാൽ യഥാർത്ഥ കാർഡ് ഉപയോഗിച്ച് അക്കൗണ്ടിലെ പണം പിൻവലിച്ചശേഷമാകും, തങ്ങളുടെ പക്കൽ ഉള്ളത് വ്യാജ കാർഡ് ആണെന്ന് ഉടമകൾ പോലും അറിയുകയുള്ളു.
ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. കട്ടപ്പന സ്വദേശിയായ ശ്രീജിത്ത്. എസ് നായർ കട്ടപ്പന ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തുള്ള എസ് ബി ഐ എ.ടി.എം കൗണ്ടറിൽ തന്റെ കാർഡ് ഉപയോഗിച്ച് പണം പിൻവലിക്കാൻ ശ്രമിച്ചു. എന്നാൽ കാർഡ് എ.ടി.എം മെഷിനിൽ ഇടാൻ സാധിച്ചില്ല. തുടർന്ന് അടുത്തുള്ള കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് എന്നി എ.ടി.എമ്മുകളിൽ ചെന്നപ്പോഴും സമാനമായ അനുഭവം ഉണ്ടായി.
വീണ്ടും അടുത്തുള്ള മറ്റൊരു എസ്ബിഐ യുടെ ഒന്നിലധികം എടിഎം മിഷിനുള്ള കൗണ്ടറിൽ പോവുകയും അവിടെയും ശ്രീജിത്തിന് കാർഡ് മെഷീനിൽ പ്രവേശിപ്പിക്കാൻ സാധിച്ചില്ല. ആ എടിഎം കൗണ്ടറിനുള്ളിൽ മറ്റൊരു എ ടി എം മെഷീന് മുൻപിൽ കൈയ്യിൽ പണവുമായി നിന്ന ആളോട് നിങ്ങൾക്ക് എങ്ങനെയാണ് പണം കിട്ടിയത് എന്ന് ചോദിച്ചപ്പോൾ അയാൾ ശ്രീജിത്തിൻ്റെ കാർഡ് വാങ്ങി എ.ടി.എം. മെഷീനിൽ ഇടുകയും ശ്രീജിത്തിനെ കൊണ്ട്പിൻ നമ്പർ അടിപ്പിക്കുകയും ഇൻകറക്റ്റ് പിൻ എന്ന് സ്ക്രീനിൽ കാണിച്ചതിനെ തുടർന്ന് കാർഡുമായി ശ്രീജിത്ത് മടങ്ങി പോകുകയും ചെയ്തു. കൂടുതൽ എടിഎം കളിൽ ഉപയോഗിച്ചതിനാൽ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് കരുതുകയും ചെയ്തു. എന്നാൽ അടുത്ത ദിവസം രാവിലെ മുതൽ തന്റെ അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കുന്നതായി ഉള്ള മെസ്സേജ് വന്നപ്പോഴാണ് താൻ കബളിപ്പിക്കപ്പെട്ടതെന്ന് മനസ്സിലായത്. ബാങ്കിനെ സമീപിച്ചപ്പോൾ തന്റെ കയ്യിലിരിക്കുന്നത് മറ്റാരുടെയോ പണമില്ലാത്ത എടിഎം കാർഡ് ആണെന്നും താൻ കബളിപ്പിക്കപ്പെട്ടു എന്ന് മനസ്സിലാക്കുകയും ചെയ്തു. ബാങ്കിലും കട്ടപ്പന പോലീസ് സ്റ്റേഷനിലും പരാതി നൽകുകയും കട്ടപ്പന ഡി വൈ എസ് പി V. A നിഷാദ് മോന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചും സാമാനമായ കുറ്റക്യത്യങ്ങൾ നടത്തുന്നവരുടെ വിവരങ്ങൾ പരിശോധിച്ചും നടത്തിയ അന്വേഷണത്തിനൊടുവിൽ ആണ് പ്രതി കുടുങ്ങുകയും ചെയ്തു.
കാമരാജ്, തമിഴ്നാട്-കർണാടക സംസ്ഥാനങ്ങൾ കേന്ദ്രികരിച്ച് 30ൽ അധികം സാമാന രീതിയിലുള്ള കുറ്റക്യത്യങ്ങളിൽ പ്രതിയാണെന്നും ഇയാൾ ആന്ധ്ര, കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ സഞ്ചരിച്ച് സമാനമായ തട്ടിപ്പ് നടത്തി പോകുന്ന സ്വഭാവമുള്ള ആളാണെന്നും മനസിലാക്കി. ഇയാളുടെ വീടിന് സമീപം നിരീക്ഷണം നടത്തിയാണ് പ്രതിയെ കുടുക്കിയത്.
സമാനമായ കുറ്റകൃത്യത്തിൽപ്പെട്ട് ചെന്നൈ ജയിലിൽ കഴിഞ്ഞു വന്നിരുന്ന പ്രതി ഒരു മാസം മുമ്പാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇയാൾ പ്രധാനമായും പ്രായമായവരെയും, അതിഥി തൊഴിലാളികളെയും ആണ് തട്ടിപ്പിനായി ആയി ലക്ഷ്യം വെയ്ക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ 27 ഓളം സമാനമായ കേസുകളിൽ വിചാരണ നേരിടുന്ന ആളാണ്. കർണാടക,ആന്ധ്ര, തമിഴ് നാട്ടിലെ സേലം എന്നിവിടങ്ങളിലെ പോലീസ് അന്വേഷിച്ചു വരുന്ന പ്രതി ആണ്. ഇടുക്കി ജില്ലയിലെ പീരുമേട്,കുമളി, പാമ്പനാർ, വണ്ടിപ്പെരിയാർ, ഏലപ്പാറ എന്നിവിടങ്ങളിലും ഈ രീതിയിലുള്ള കുറ്റകൃത്യം ചെയ്തിട്ടുള്ളതായി പ്രതി പോലിസിനോട് പറഞ്ഞു.