പരാതി പരിഹരിക്കാൻ പാസ്റ്ററുടെ പക്കൽ അയച്ചു: എസ്. ഐ-ക്ക് സസ്പെൻഷൻ
കുടുംബവഴക്ക് സംബന്ധിച്ച് പരാതിയുമായി എത്തിയ യുവതിയെ കൗൺസിലിംഗ് നടത്തുന്ന പാസ്റ്ററുടെ പക്കൽ പറഞ്ഞയച്ച എസ്. ഐയെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. ഇടുക്കി ജില്ലയിലെ വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ശ്രീ ഐസക്കിനെയാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.
എട്ട് മാസങ്ങൾക്ക് മുൻപ് ഭർത്താവിനെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ എത്തുകയും, തുടർന്ന് എസ്. ഐ.; ഭർത്താവിന് കൗൺസിലിംഗ് നൽകി ഇരുവരേയും സ്വരുമപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തിരുന്നു. വീണ്ടും വീട്ടുവഴക്ക് ഉണ്ടായതോടെ, യുവതിയും ഭർത്താവും വർഷങ്ങളായി അടുത്തറിയുന്ന കുടുംബത്തിലെ വ്യക്തികൾ എന്ന നിലയിൽ, യുവതിയെ കൗൺസിലിംഗിനായി അടിമാലി പൂഞ്ഞാറുകണ്ടം സ്വദേശി ആയ പാസ്റ്ററുടെ അടുക്കൽ കൗൺസിലിംഗിനായി എസ്. ഐ. പറഞ്ഞയച്ചു. കൗൺസിലിംഗ് നടക്കുന്നതിനിടയിൽ യുവതി ചിരിച്ചതിൽ കുപിതനായ പാസ്റ്റർ യുവതിയെ മർദ്ധിച്ചു എന്ന് മാസങ്ങൾക്ക് ശേഷം യുവതി പരാതിയുമായി രംഗത്ത് വരികയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ഐസക്കിനെ സസ്പെൻഡ് ചെയ്യുകയും, കൗൺസിലിംഗ് നടത്തിയ പാസ്റ്ററുടേയും ഭാര്യയുടേയും പേരിൽ കേസെടുക്കുകയും ചെയ്തു. ഇടുക്കി വനിതാ സ്റ്റേഷനിൽ കഴിഞ്ഞ മാസം 18നായിരുന്നു യുവതി പരാതി നൽകിയത്. ആരോപിക്കപ്പെടുന്ന കൃത്യം നടന്ന് മാസങ്ങൾക്ക് ശേഷം യുവതി പരാതിയുമായി എത്തിയത് ദുരൂഹമാണെന്നും കൂടുതൽ അന്വേഷണം നടത്തണം എന്നും എസ്. ഐ. ആവശ്യപ്പെട്ടു.