സംതൃപ്തിയുടെ പുഞ്ചിരി
നിറമിഴികൾ കൂമ്പിയടച്ച് അവൾ കുറേനേരം അങ്ങനെതന്നെ ഇരുന്നു. തുലാവർഷം പെയ്തതിന്റെ ബാക്കി എന്നോണം നിർത്താതെ ആകാശം കണ്ണീരുപൊഴിച്ചുകൊണ്ടേയിരുന്നു. നിശ്ചലമായി നിൽക്കുന്ന ജീവിതത്തെയോർത്ത് അവളുടെ മിഴികൾ വിങ്ങിക്കൊണ്ടേയിരുന്നു. മനസ്സിൽ കഴിഞ്ഞുപോയ ജീവിതപാതയുടെ ഏടുകൾ തങ്ങിനിന്നു. വേണ്ടാവേണ്ടാന്ന് വിലക്കിയിട്ടും കുറേക്കാലങ്ങൾക്ക് പിൻപിലേയ്ക്ക് കടിഞ്ഞാൺ പൊട്ടിച്ച കുതിരയെപ്പോലെ മനസ്സ് കുതിച്ചു പാഞ്ഞു.
“പപ്പാ ഇന്ന് എന്നേയും കൊണ്ട് കടയിൽ പോകാമെന്ന് വാക്കുതന്നതല്ലേ? ചിണുങ്ങികൊണ്ട് അവൾ പപ്പായോട് ചോദിച്ചു. നിഷ്കളങ്കമായ അവളുടെ മുഖത്ത് തിങ്ങിനിന്ന പുഞ്ചിരിക്കും പ്രതീക്ഷയ്ക്കും മുൻപിൽ ഇല്ലായ്മയുടെ വേദന അയാളിൽ നിന്നും അപ്രത്യക്ഷമായി.
ഇന്ന് അവളുടെ ജീവിതത്തിൽ ഒരു പുതുവർഷം കൂടി ദൈവം നൽകിയിരിക്കുന്നു. കടകളിലെ വർണാഭമായ കാഴ്ചകളിലൂടെ അവൾ ആ തെരുവോരങ്ങളിലൂടെ പപ്പയുടെ വിരലിൽ തൂങ്ങി നടന്നു. അപ്പോഴാണ് ഒരുനേരത്തെ ആഹരത്തിനുവേണ്ടി വാവിട്ടുകരയുന്ന ആ ബാലന്റെ നേർക്ക് അവളുടെ നോട്ടമെത്തിയത്. ആ കരച്ചിൽ അവളുടെ കൺകോണുകളിൽ നിന്ന് നീർച്ചാലുപെയ്യുന്നതിനു കാരണമായി. വിശപ്പിന്റെ ആധിക്യത്താൽ ക്ഷീണിച്ച് തളർന്ന അവന്റെ ദയനീയ കണ്ണുകൾ അവളുടെ കുഞ്ഞു മനസ്സിനെ വല്ലാതെ ഉലച്ചു. തന്നോളം മാത്രം പ്രായമുള്ള ചെറുബാലന്റെ നിസഹായതക്കു മുൻപിൽ കണ്ടില്ലെന്ന് നടിച്ച് നടന്നുനീങ്ങാൻ അവളുടെ മനസ്സ് അവളെ അനുവദിച്ചില്ല. 'പപ്പാ, എനിക്കുവേണ്ടി കൊണ്ടുവന്ന ആ പണം എനിക്കു തരാമോ പപ്പാ?' അവൾ ചോദിച്ചുതീരും മുൻപ് അല്പംപോലും അമാന്തിക്കാതെ അയാൾ നാണയതുട്ടുകൾ അടക്കം മുഷിഞ്ഞ നോട്ടുകളൂം ആയി തന്റെ മകളുടെ ഇഷ്ടം നടത്തുവാൻ ആയി പോക്കറ്റിൽ സൂക്ഷിച്ച മുഴുവൻ പണവും അവൾക്കു നേരെ നീട്ടി.
അതുമായി അവൾ ആ ബാലന്റെ അരികിലെത്തി, അവസാന നാണയവും അവനു നൽകി. “നീ ഇതു മുഴുവൻ എടുത്തോ'. "മോനെ ഈ നഗരത്തിന്റെ തെരുവീഥിയിൽ ഒരിക്കലും നിന്റെ കരച്ചിലിന്റെ അലകൾ കേൾക്കാൻ ഇടയാവാതിരിക്കട്ടെ; നിന്റെ എന്നല്ല വിശപ്പിനായി കരയുന്ന ഒരു പൈതലിന്റേയും വിശപ്പിന്റെ കരച്ചിൽ ഉണ്ടാവാതിരിക്കട്ടെ' അവന്റെ തലയിൽ തലോടികൊണ്ട് അയാളും പറഞ്ഞു. നിറകണ്ണുകളോടെ അവൻ അത് വാങ്ങി. പറയാൻ വാക്കുകളോ, അറിവോ അവനുണ്ടായിരുന്നില്ല. മറുപടിക്കായി അവൻ നിന്നതുമില്ല. നടന്നകലുന്നതിനു മുൻപ് ഒരു തുണ്ട് കടലാസിൽ എന്തോ എഴുതി അവൾ അവന്റെ നേരെ നീട്ടി "ബുദ്ധിമുട്ടുന്നവർക്കായി'. അതിൻ പൊരുൾ തിരിച്ചുകൊടുക്കുവാൻ അവന് ആരുടെയും സഹായം വേണ്ടിവന്നതേ ഇല്ല.
തെരുവോരകാഴ്ച്ചയുടെ ഒരു കോണിൽ ആ കുഞ്ഞുമനസ്സിന്റെ സ്നേഹത്തിൻറ നൈർമാല്യം അങ്ങനെ തന്നെ നിന്നു.
തിരികെപോകുമ്പോൾ അയാളുടെ ഹൃദയം മകളോടുള്ള അതിവാത്സല്യത്താൽ വിങ്ങി. തന്റെ നടപ്പിലും മകൾക്ക് നൽകിയ ഉപദേശങ്ങളിലും, കാണിച്ചുകൊടുത്ത മാതൃകയിലും അയാൾക്ക് അഭിമാനം തോന്നി.
അവളുടെ മനസ്സിലും ആഹ്ളാദമായിരുന്നു. ഒരുവന്റെ കണ്ണുനീർ തുടയ്ക്കുന്നതിലും വലിയ പരോപകാരം മറ്റൊന്നില്ലാ എന്ന് പപ്പ പഠിപ്പിച്ചു തന്ന നന്മയുടെ വാക്കുകൾ, യേശുവിന്റെ ജീവിതശൈലിമാതൃകയാക്കേണമെന്ന ഉപദേശങ്ങൾ, ഒന്നൊന്നായി അവളുടെ മനസ്സിലൂടെ കടന്നുപോയി. എന്നും അവർ ഇങ്ങനെ ആയിരുന്നു. സഹജീവികളോട് കാരുണ്യം കാണിക്കുന്നതിലും, തങ്ങളുടെ ഇല്ലായ്മയിലും ഉള്ളതെല്ലാം തന്നെക്കാൾ ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി നൽകുന്നതിലും അവർ എന്നും മാതൃക ആയിരുന്നു.
ഇന്ന് എല്ലാം നഷ്ടപ്പെട്ട് തെരുവോരത്തേയ്ക്ക് വലിച്ചെറിയപ്പെടാൻ വിധിക്കപ്പെട്ടിരിക്കുകയാണവർ. പുറമ്പോക്ക് ഭൂമിയെ സ്വന്തമെന്ന് കരുതി ചെറുകൂരകെട്ടി അവർ പാർത്ത അല്പസ്ഥലം സമീപവാസിയുടേതാണ് എന്ന് കോടതിയുടെ ബലത്തിൽ തെളിയിക്കപ്പെട്ടിരിക്കുന്നു.
യൗവനയുക്തയായ മകളുമായി തെരുവിലേയ്ക്ക് ഇറങ്ങിയാൽ എന്ത് സംഭവിക്കും എന്ന് ഓർത്ത് മദ്ധ്യവയസ്ക്കനായ അയാളുടെ ഉള്ളം നീറി. മറ്റൊരു ക്രമീകരണം ഉണ്ടാകുംവരെ എങ്കിലും പാർക്കുവാൻ അനുവാദം ലഭിച്ചിരുന്നെങ്കിൽ എന്ന് അയാൾ വെറുതെ ആശിച്ചു. നീർമിഴികൾ നിറഞ്ഞ് നിന്ന രണ്ട് ജോഡി കണ്ണുകൾക്കു മുൻപിൽ കുറെ തടിമാടന്മാരായ ചെറുപ്പക്കാർ വഷളച്ചിരിയോടെ അവളെ നോക്കിക്കൊണ്ട് അവരുടെ ചെറുകൂര പൊളിക്കുവാൻ തുടങ്ങി. മരണമോ അതോ ജീവിതമോ, ഇനി എന്ത് വേണം എന്ന ചിന്ത അയാളെ മദിച്ചുകൊണ്ടിരിക്കെ, അവൾ കണ്ണുകൾ തുടച്ച് പപ്പയ്ക്കരികിൽ എത്തി ‘പപ്പാ, ദൈവീക ഇഷ്ടങ്ങൾക്ക് എതിരായി നമ്മൾ ഇന്നുവരെ ഒന്നും ചെയ്തിട്ടില്ല. ഇനി വരാനുള്ളതും ദൈവീക ഉദ്ദേശം തന്നെ ആണ്, അവൻ നമ്മളെ കൈവിടുകില്ല. നമുക്ക് ഇറങ്ങാം.' അവളുടെ വാക്കുകളിലെ വിശ്വാസത്തിന്റെ ഉറപ്പ് അയാൾക്ക് വീണ്ടും കരുത്തേകി. തല ഉയർത്തിപിടിച്ച് അവർ ഇരുവരും തെരുവിന്റെ തിരക്കിലേയ്ക്ക് അലിഞ്ഞു ചേർന്നു.
വാടക വീട് ലഭിക്കാനുള്ള മാർഗ്ഗം ആരാഞ്ഞ് അയാൾ ആ തെരുവിൽ അങ്ങോളം ഇങ്ങോളം അലഞ്ഞു. "കൈയിൽ നയാപൈസ ഇല്ലാത്തവന് വാടകയ്ക്ക് വീട് നൽകിയാൽ വാടകപോലും സമയത്ത് കിട്ടുകേമില്ല, ഒരു ഗതീമില്ലാത്ത ഈ വകകൾ ഇവിടുന്ന് എറങ്ങീന്നും വരുകേല' ഒരുപാട് വീടുകൾ സ്വന്തമായുള്ള ഒരു ധനാഢ്യ സ്ത്രീയുടെ പരിഹാസവാക്കുകൾ കേട്ട് ഭ്രാന്തനെപ്പോലെ പൊട്ടികരഞ്ഞ് അയാൾ ആ തെരുവിൽ കൂടി മുന്നോട്ട് നടന്നു. അപ്പോഴും പപ്പയുടെ കൈയ്യിൽ മുറുകെ പിടിച്ച് അവൾ പപ്പയോടു ചേർന്നു നടന്നു.
കുറച്ച് സമയമായി അവരെ ഒരു ചെറുപ്പക്കാരൻ പിൻതുടരുന്നുണ്ടെന്ന് അവൾ ഭയത്തോടെ മനസ്സിലാക്കി. സൂര്യൻ
ചക്രവാള സീമയെ ചുവപ്പിക്കുവാൻ ബദ്ധപ്പെടുന്നു. രാവിലെ ആഹാരത്തിനു മുന്നിൽ നിന്നും ഇറങ്ങിപോന്നവരാണ്. ഒരു തുള്ളിവെള്ളം പോലും കുടിക്കുവാൻ സാധിച്ചിട്ടില്ലാ ഇതുവരെ. വിശപ്പും, അരക്ഷിതാവാസ്ഥയും ഒരുപോലെ അവളുടെ ശരീരത്തേയും മനസ്സിനേയും ക്ഷീണിപ്പിക്കുന്നു എന്ന് അവൾ തിരിച്ചറിഞ്ഞു. തന്റെ ധൈര്യം ചോർന്നു പോകുന്നുവോ?
ചില മണിക്കൂറുകളുടെ കഴിഞ്ഞാൽ തെരുവ് നിശബ്ദമാകും. തെരുവ് വെളിച്ചത്തിൽ നിന്നും ഇരുട്ടിലേയ്ക്ക് വേഷപകർച്ച നടത്തും. എവിടെ ഇന്ന് രാത്രി സമാധാനത്തോടെ അന്തി ഉറങ്ങും? ചോദ്യചിഹ്നങ്ങൾ അവൾക്ക് മുൻപിൽ വെല്ലുവിളി ഉയർത്തവെ ആ യുവാവ് അവരുടെ അടുക്കൽ എത്തി. അവൾ പപ്പയുടെ കൈകളിൽ ഒന്നുകൂടി മുറുക്കെ പിടിച്ചു. "രാവിലെ മുതൽ തെരുവിൽ അലയുന്നത് കണ്ടല്ലോ എന്താണ് കാര്യം, എന്തിനാ നിങ്ങൾ ഇങ്ങനെ കരയുന്നത്? നല്ലവനോ, അല്ലയോ എന്ന് അറിയാതെ അയാളോട് പറയണോ വേണ്ടയോ എന്ന് അവൾ സംശയിച്ച് നിൽക്കെ, അയാൾ പൊട്ടികരഞ്ഞ്കൊണ്ട് സംഭവിച്ചതെല്ലാം അയാളോടു തുറന്ന് പറഞ്ഞു. അയാളുടെ സങ്കടക്കടൽ അണപൊട്ടി ഒഴുകിയത് തടഞ്ഞു നിറുത്തുവാൻ ആരാലും സാധിക്കില്ലായിരുന്നു.
അവരെ ആട്ടിയിറക്കിയ ധനാഢ്യ സ്ത്രീയുടെ വീടുവരെ ഒന്നുകൂടെ തന്നോടൊപ്പം വരാമോ എന്ന് അയാൾ ചോദിച്ചപ്പോൾ അതിനു പിന്നിൽ എന്തോ ദുരുദ്ദേശം ഉണ്ടാകും എന്ന് ഭയന്ന അവൾ അത് നിരസിച്ചു. “നിങ്ങൾ എപ്പോൾ ആഗ്രഹിച്ചാലും അവിടെ ചെന്ന് ഇത് അവരെ ഏൽപ്പിക്കണം' എന്ന് പറഞ്ഞ് ആ യുവാവ് ഒരു കവർ അയാളുടെ കൈയ്യിൽ ഏൽപ്പിച്ച് തന്റെ വാഹനത്തിൻറ അടുക്കലേയ്ക്ക് നടന്ന് നീങ്ങി. ആകാംക്ഷയോടെ അയാൾ കവർ തുറന്നപ്പോൾ ഒരു ബ്ലാങ്ക് ചെക്കും, കാലപ്പഴക്കം കൊണ്ട് നിറം മങ്ങിയ ഒരു തുണ്ടു പേപ്പറും കണ്ട് അയാൾ വാവിട്ട് നിലവിളിച്ചു. ഒരു നിമിഷം സ്തംഭിച്ച് നിന്ന അവൾ ആ നിറം മങ്ങിയ തുണ്ടുപേപ്പറിലെ വാചകം ഉരുവിട്ടു. അൽപം അകലെ അവരെ നോക്കി തന്റെ വാഹനത്തിൽ ചാരി പുഞ്ചിരിയോടെ കരങ്ങൾ കെട്ടി നിൽക്കുന്ന യുവാവിന്റെ നേരെ അവളുടെ നീർമിഴികൾ നീണ്ടു. വീണ്ടും ആ വാചകം അവൾ ഉരുവിട്ടു ‘ബുദ്ധിമുട്ടുന്നവർക്കായ്'...
‘മോളെ, അൽപത്തിൽ വിശ്വസ്തത കാണിച്ചാൽ അധികത്തിനു ദൈവം നമ്മെ വിചാരകരാക്കും.' അയാൾ മകളെ ചേർത്ത് പിടിച്ചു പറഞ്ഞു. തന്റെ മനസ്സിൽ ഉണ്ടായ അസമാധാന വിചാരങ്ങൾ നൊടിനേരംകൊണ്ട് മഞ്ഞുപോലെ ഉരുകിപോയത് അവളും തിരിച്ചറിഞ്ഞു. സംതൃപ്തിയുടെ പുഞ്ചിരി യുവാവിന്റെ മുഖത്തും വിരിഞ്ഞു.