ക്രൈസ്തവരുടെയും വിശുദ്ധ സ്ഥലങ്ങളുടെയും സുരക്ഷ ഉറപ്പാക്കും: ഇസ്രായേൽ പ്രസിഡന്റ്
ജെറുസലേം: ഇസ്രായേലിലെ വിവിധ സഭകളുടെ പാത്രിയാർക്കീസുമാരും, മെത്രാന്മാരും ഇസ്രായേൽ രാഷ്ട്രപതിയുമായി തീവ്രവാദ ആക്രമണങ്ങളിൽ നിന്നും ക്രൈസ്തവ പുണ്യസ്ഥലങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും കൂടുതൽ സംരക്ഷണം ഉറപ്പാക്കുവാന്‍ അഭ്യർത്ഥിച്ച് നടത്തിയ ചര്‍ച്ചയില്‍ രാജ്യത്തിന്റെ പ്രസിഡന്റ് ഐസക് ഹെർസോഗ്, സുരക്ഷ വാഗ്ദാനം ചെയ്തു. ക്രൈസ്തവരോടും ഇസ്രായേലിലെ പുണ്യ സ്ഥലങ്ങളോടും തീവ്ര യഹൂദര്‍ നടത്തിയ ആക്രമണങ്ങളുടെയും വിവേചനങ്ങളുടെയും നിരവധി സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ആഗസ്റ്റ് 9 ബുധനാഴ്ച സ്റ്റെല്ല മേരീസ് ആശ്രമത്തില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
ജെറുസലേം പാത്രിയാര്‍ക്കീസ് ആർച്ച് ബിഷപ്പ് പിസബല്ലയും ഓർത്തഡോക്സ് പാത്രിയാർക്കീസ് തിയോഫിലോസും മറ്റ് ക്രിസ്ത്യൻ പ്രതിനിധികളും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. സമാധാനത്തിന്റെയും ധാരണയുടെയും സഹവർത്തിത്വത്തിന്റെയും നിയമസാധ്യതകൾ ഉൾക്കൊള്ളുന്ന പുതിയ ചട്ടക്കൂടുകൾ നിലവിൽ കൊണ്ടുവരുമെന്നും, സമാധാനവഴികൾക്കായുള്ള പരിശ്രമങ്ങൾ നടത്തുമെന്നും ഇസ്രായേല്‍ ഭരണാധികാരികൾ സഭാനേതൃത്വത്തിനു ഉറപ്പു നൽകി. സമാധാനത്തിനു വേണ്ടിയുള്ള പരിശ്രമങ്ങൾ ഇനിയും കാര്യക്ഷമമായി തുടരുമെന്നും, അതിനുവേണ്ടി എല്ലാവരുടെയും പ്രാർത്ഥനകൾ ഉണ്ടാവണമെന്നും ജെറുസലേമിലെ ലാറ്റിൻ പാത്രിയാർക്കീസ് ആര്‍ച്ച് ബിഷപ്പ് പിയർബാറ്റിസ്റ്റ പിസബല്ല അഭ്യർത്ഥിച്ചു.
ജെറുസലേമിലെയും ഹൈഫയിലെയും ക്രൈസ്തവര്‍ “തുപ്പൽ, വാക്കാലുള്ള അധിക്ഷേപം” എന്നിവ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ക്ക് ഇരകളായിട്ടുണ്ട്. ശാരീരികമായ അക്രമം, നശീകരണ പ്രവർത്തനങ്ങൾ, ദേവാലയ ചുവരുകളിലെ മോശം പദങ്ങള്‍ നിറഞ്ഞ ചുവരെഴുത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള അവഹേളനങ്ങളും ക്രൈസ്തവര്‍ നേരിട്ടുണ്ട്. ക്രൈസ്തവര്‍ക്ക് നേരെയുള്ള വിവേചനവും അവഹേളനവും വംശീയ വിവേചനവും തീവ്ര യഹൂദ നിലപാടുള്ളവര്‍ ശീലമാക്കുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് കാർമൽ മലയില്‍ സ്ഥിതി ചെയ്യുന്ന സ്റ്റെല്ല മേരീസ് മൊണാസ്ട്രിയില്‍ അധികാരികള്‍ സഭാനേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്. ഇക്കഴിഞ്ഞ ദിവസം സഭാനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ജെറുസലേം ജില്ലാ കമാന്‍ഡര്‍ ഡോറോണ്‍ ടര്‍ജ്മാനും ക്രൈസ്തവരുടെ സുരക്ഷ ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു.