ദൈവം ഉണ്ടെങ്കിൽ സ്ഥാനം രാജി വെക്കും: ഫിലിപ്പിൻസ് പ്രസിഡൻ്റ്
മനില: പുതിയ വെല്ലുവിളിയുമായി ഫിലിപ്പീൻസ് പ്രസിഡൻറ് റോഡ്രിഗോ ഡ്യൂ ടെർട്ട് രംഗത്ത്. റോമൻ കത്തോലിക്ക വിഭാഗത്തിന് ഭൂരിപക്ഷമുള്ള രാജ്യത്ത് ദൈവമുണ്ടെന്ന് തെളിയിച്ചാൽ താൻ ഉടൻ രാജി വയ്ക്കാം എന്ന ഇദ്ദേഹത്തിന്റെ വെല്ലുവിളി. വെള്ളിയാഴ്ച നടത്തിയ ഒരു പ്രഭാഷണത്തിലാണ് കത്തോലിക്കരുടെ വിശ്വാസത്തിലെ അടിസ്ഥാന തത്വങ്ങളിലെ വൈരുദ്ധ്യങ്ങളെ ചോദ്യം ചെയ്ത് റോഡ്രിഗോ രംഗത്തെത്തിയത്.
ആദ്യപാപം എന്ന സങ്കല്പമുൾപ്പെടെയുള്ള ക്രിസ്തീയ വിശ്വാസ പ്രമാണങ്ങളെ റോഡ്രിഗ്രാ എതിർക്കുന്നു. പിറന്നു വീഴുന്ന നവജാത ശിശുക്കൾ പാപികളാണെന്നും അവരെ പള്ളിയിൽ കൊണ്ടു പോയി പണമടച്ച് മാമോദീസ മുക്കിയാൽ മാത്രമേ കളങ്കരഹിതരാകൂ എന്ന വിശ്വാസത്തിലൂടെ എന്താണ് അർത്ഥമാക്കുന്നത്? ഇതിൽ എന്തു യുക്തിയാണുള്ളതെന്നും പ്രസിഡന്റ് ചോദിച്ചു. "ദൈവവുമായി സംസാരിക്കുന്ന സെൽഫിയോ ചിത്രമോ തനിക്ക് തെളിവായി ആരെങ്കിലും നൽകിയാൽ ആ നിമിഷം താൻ പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കാമെന്ന് റോഡ്രിഗോ തൻ്റെ പ്രഭാഷണത്തിൽ പറഞ്ഞു.