•   Monday, 25 Nov, 2024

പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം ക്രൈസ്തവരോട് മാപ്പ് ചോദിച്ചു

Generic placeholder image
  Pracharam admin

പാക്കിസ്ഥാനിലെ ജരൻവാലയിൽ മതനിന്ദാ ആരോപണത്തിന്റെ പേരിൽ ക്രൈസ്തവ ദേവാലയങ്ങൾക്കും, ഭവനങ്ങൾക്കും നേരെ തീവ്ര ഇസ്ലാമികവാദികളിൽ നിന്നും അടുത്തിടെ നടന്ന ആക്രമണത്തില്‍ രാജ്യത്തെ ക്രൈസ്തവരോട് മാപ്പ് ചോദിച്ചും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും സഹായം വാഗ്ദാനം ചെയ്തും പാക്കിസ്ഥാനിലെ ഇസ്ലാമിക നേതൃത്വം വേറിട്ട നിലപാട് സ്വീകരിച്ചു ലോകത്തിനു മാതൃക ആയി.  പാക്ക് മുസ്ലിം മതനേതൃത്വത്തിന്റെ മാറുന്ന ചിന്താഗതിയുടെ നേർസാക്ഷ്യമായി മാറിയിരിക്കുകയാണ് പ്രസ്തുത നടപടി.

ചില ഇസ്ലാമിക നേതാക്കൾ അക്രമത്തിന് ഇരയായ ക്രൈസ്തരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം മുമ്പോട്ട് കൊണ്ടുപോകാനായി സ്കോളർഷിപ്പുകൾ വരെ വാഗ്ദാനം ചെയ്തു. ലാഹോർ ആർച്ച് ബിഷപ്പായ സെബാസ്റ്റ്യൻ ഷായാണ് ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്. സൗഹൃദത്തിന്റെയും, മതാന്തര സംവാദങ്ങളുടെയും ഫലമായി കുറച്ച് വർഷങ്ങൾക്കു മുമ്പ് വരെ ഒരിക്കലും ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏതാനും ദിവസങ്ങളായി സുന്നികളും ഷിയാകളും, വ്യത്യസ്ത ഇസ്ലാമിക ചിന്താധാരകളിൽ നിന്നുള്ളവരും അടങ്ങുന്ന മുസ്ലിം നേതാക്കളോടൊപ്പമാണ് ആർച്ച് ബിഷപ്പ് അക്രമണം നടന്ന സ്ഥലങ്ങളിൽ സന്ദർശനം നടത്തിയത്. 

അക്രമ സംഭവങ്ങളെ മതം ഉപയോഗിച്ച് നീതീകരിക്കരുതെന്നു ജരൻവാലയിൽ എത്തിയ ഇസ്ലാമിക നേതാക്കൾ പറഞ്ഞു. തന്റെ ഒപ്പം സന്ദര്‍ശനം നടത്തിയ ഓൾ പാക്കിസ്ഥാൻ ഉലമ കൗൺസിലിന്റെ അധ്യക്ഷൻ താഹിർ മെഹമൂദ് അവിടെവച്ച് കരഞ്ഞതായി ആർച്ച് ബിഷപ്പ് ഷാ വെളിപ്പെടുത്തി. പാക്കിസ്ഥാനിലെ എല്ലാ മുസ്ലീങ്ങൾക്കും വേണ്ടി അദ്ദേഹം ക്രൈസ്തവരോട് മാപ്പും പറഞ്ഞു. രാഷ്ട്രീയതലത്തിൽ വലിയ സ്വാധീനമുള്ള സംഘടനയാണ് ഓൾ പാക്കിസ്ഥാൻ ഉലമ കൗൺസിൽ. ''നിങ്ങളുടെ കുട്ടികൾ ഞങ്ങളുടെയും കുട്ടികളാണ്, അവരുടെ കാര്യത്തെ പറ്റി ഓർത്ത് വിഷമിക്കേണ്ട, അവരെ ഞങ്ങൾ നോക്കും'' എന്ന് മുസ്ലിം മത നേതാക്കൾ ക്രൈസ്തവ വിശ്വാസികളായ അമ്മമാരോട് പറഞ്ഞു.

സർക്കാരിനോടൊപ്പം, തകർക്കപ്പെട്ട ക്രൈസ്തവ ദേവാലയങ്ങൾ പുനർനിർമ്മിക്കാനുള്ള സഹായം നൽകാനും മുസ്ലിം മത നേതാക്കൾ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ജമാഅത്തിന്റെ അഫിലിയേറ്റഡ് സംഘടന സോഷ്യൽ വെൽഫെയർ ഏജൻസിയായ അൽ-ഖിദ്മത്ത് ഫൗണ്ടേഷൻ തകർന്ന ക്രിസ്ത്യൻ ഭവനങ്ങൾ പുനർനിർമിക്കാൻ സഹായിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. അതേസമയം പാകിസ്ഥാൻ എല്ലാ പൗരന്മാർക്കും ഉള്ളതാണ് എന്ന സന്ദേശവുമായി സെപ്റ്റംബർ മാസം ന്യൂനപക്ഷങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് ദേശീയ കൺവെൻഷൻ നടത്തുമെന്ന് രാജ്യത്തെ ഇസ്ലാമിക്ക് പാർട്ടി ജെ ഐ പ്രഖ്യാപനം നടത്തി.

Comment As:

Comment (0)