ജനപിന്തുണ ജനകീയന്! 11.56% ഭരണപക്ഷത്തോടൊപ്പം!
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിൽ കാലാകാലങ്ങളിൽ സംഭവിച്ചു വന്നതുപോലെ നിലവിലുള്ള ഭരണ സമിതിക്ക് മാറ്റം വരുവാൻ സാദ്ധ്യത ഏറുന്നു. പ്രചാരം നടത്തിയ അഭിപ്രായ സർവ്വേയിൽ പങ്കെടുത്തവരിൽ 88.44% പേരും മാറ്റം ആഗ്രഹിക്കുന്നതായി അഭിപ്രായം രേഖപ്പെടുത്തി. 11.56% പേർ നിലവിലെ നേതൃത്വത്തെ അനുകൂലിച്ചു. വളരെ ചുരുക്കും ദിവസങ്ങൾ കൊണ്ട് പൂർത്തീകരിച്ച അഭിപ്രായ സർവ്വേയിൽ 1566 പേർ അഭിപ്രായ വോട്ടുകൾ രേഖപ്പെടുത്തി. 1383 പേർ പാസ്റ്റർ ബാബു ചെറിയാനെ ഓവർസിയർ സ്ഥാനത്തേയ്ക്ക് ആഗ്രഹിക്കുന്നതായി അഭിപ്രായപ്പെട്ടു.
ജനകീയൻ എന്ന് ചർച്ച് ഓഫ് ഗോഡ് ശുശ്രൂഷകർക്കിടയിൽ പേരെടുത്ത വ്യക്തി ആണ് പാസ്റ്റർ ബാബു ചെറിയാൻ. യു.എ.ഇ.-ലും, കേരളത്തിലുമായി ഒട്ടനവധി സഭകളിൽ ശുശ്രൂഷ ചെയ്തിട്ടുണ്ട്. വിവിധ ഡിസ്ട്രിക്ടുകളിൽ ഡിസ്ട്രിക്ട് പാസ്റ്ററായും ചുമതലയിൽ ഇരുന്നത് തനിക്ക് അഭിപ്രായസർവ്വേയിൽ പ്രയോജപ്പെട്ടു എന്നു വേണം പറയുവാൻ. ദൈവസഭയിലെ കൗൺസിൽ അംഗങ്ങളിൽ, ഏറ്റവും അധികം വർഷങ്ങൾ കൗൺസിൽ അംഗമായും, ഏറ്റവും അധികം ഓവർസിയർമാർക്കൊപ്പവും, പ്രവർത്തിച്ചതിനാൽ ദൈവസഭാ ഭരണനടത്തിപ്പ് സംബന്ധിച്ച് പരിചയസമ്പന്നതയിൽ അഗ്രഗണ്യനാണ് താൻ. 65 വയസ് എന്ന ദൈവസഭയുടെ വിരമിക്കൽ പ്രായത്തോട് അടുക്കുന്നതിനാൽ, ഇനി ഒരവസരം തനിക്ക് ശേഷിക്കുന്നില്ലാ എന്നതും പാസ്റ്റർ ബാബു ചെറിയാന് അനുകൂലഘടകമായിട്ടുണ്ട്. 88.32% വ്യക്തികൾ പാസ്റ്റർ ബാബു ചെറിയാനെ അനുകൂലിച്ച് അഭിപ്രായവോട്ടുകൾ രേഖപ്പെടുത്തിയിരുന്നു.
നിലവിൽ ദൈവസഭയുടെ ഓവർസിയർ പദവി അലങ്കരിക്കുന്ന പാസ്റ്റർ സി. സി. തോമസ്, ഭരണ നേതൃത്വം ഏറ്റതുമുതൽ വിമർശകരും ശക്തമായിരുന്നു. ഇലക്ഷനിൽ പങ്കെടുക്കുന്നവർ ദൈവസഭയിൽ ദശാംശം അടച്ചിരിക്കണം എന്ന കീഴ്വഴക്കം ലംഘിച്ചതായിരുന്നു താൻ നേരിട്ട ആദ്യ വിമർശനം. തൻ്റെ ഭരണകാലത്ത് ഏറ്റവും അധികം പ്രശോഭിച്ചു നിന്ന കാലത്ത് നടത്തിയ പ്രിഫറൻസ് ബാലറ്റിൽ 75 ശതമാനത്തിൽ താഴെ വോട്ടുകളെ നേടുവാൻ തനിക്ക് സാധിച്ചിരുന്നുള്ളു. പാട്ടകരാർ തുടങ്ങിയ രൂക്ഷമായ വിമർശനങ്ങൾ നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ 75%-ൽ അധികം വോട്ടുകൾ നേടി ഭരണം നിലനിർത്തുക ദുഷ്ക്കരമായിരിക്കും എന്നതിനു രണ്ട് പക്ഷം ഇല്ല. അമേരിക്കയിൽ മടങ്ങിപോയി കുടുംബത്തോടൊപ്പം പാർക്കുവാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പലയിടത്തും പറഞ്ഞതായി പലരും പറഞ്ഞു കേൾക്കുന്നുണ്ട്. ഇതിൻ്റെ ഒക്കെ വെളിച്ചത്തിൽ ആകാം, തൻ്റെ തുടർഭരണം ആഗ്രഹിക്കുന്നതായി 11.56 ശതമാനം പേർ മാത്രമേ അഭിപ്രായപ്പെട്ടുള്ളു. അഭിപ്രായം രേഖപ്പെടുത്തിയ 1566 പേരിൽ 181 പേർ മാത്രമേ തുടർഭരണകാംക്ഷികൾ ഉണ്ടായിരുന്നുള്ളു.
മുൻ ഓവർസിയർ പാസ്റ്റർ പി. ജെ. ജെയിംസ്, ജനഹിത പരിശോധനാ വേളയിൽ, താൻ മത്സരത്തിനില്ലാ എന്ന് പരസ്യമായി പ്രഖ്യാപിച്ച്, പ്രിഫറൻസ് ബാലറ്റിൽ നിന്നും പിന്മാറുക ആയിരുന്നു. ഒരു പക്ഷെ അത്തരത്തിൽ ഒരു നാടകിയ രംഗത്തിനു ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സുവിശേഷകർ ഇനിയും സാക്ഷികൾ ആയേക്കാം. 2023 ഡിസംബറിലോ, 2024 ജനുവരിയിലോ പ്രിഫറൻസ് ബാലറ്റും, കൗൺസിൽ തിരഞ്ഞെടുപ്പും നടക്കുവാൻ സാദ്ധ്യത ഉണ്ട്. മുളക്കുഴയിൽ നടക്കുവാൻ പോകുന്നത് എന്ത് എന്ന് വരും ദിവസങ്ങളിൽ കാത്തിരുന്നു കാണാം.
എൻ. ബി.:
- അഭിപ്രായ വോട്ടുകൾ രേഖപ്പെടുത്തിയ ഓരോ പ്രിയപ്പെട്ടവരോടും നന്ദി അറിയിക്കുന്നു. നിങ്ങൾ ആണ് ഞങ്ങളുടെ ബലം. എന്നും നിങ്ങളുടെ സപ്പോർട്ട് ഞങ്ങൾക്ക് ഉണ്ടാവണം. ഏവർക്കും പ്രചാരം കുടുംബത്തിൻ്റെ ഒരായിരം നന്ദി.
- ഒപ്പം, വരും മാസങ്ങളിൽ സാഹചര്യങ്ങൾ മാറിമറിയുമ്പോൾ നിങ്ങളുടെ തീരുമാനങ്ങളിൽ മാറ്റം സംഭവിച്ചുവോ എന്നറിയുവാൻ ഞങ്ങൾ വീണ്ടും വരും, അഭിപ്രായ സർവ്വേയുമായി. ഏവരുടെയും സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.