കുട്ടിപ്പക : സഹപാഠിയുടെ കുടിവെള്ളത്തിൽ വിഷം കലക്കി.
സേലം: ഗൃഹപാഠം ചെയ്യാതെ എത്തിയ സഹപാഠികളെക്കുറിച്ച് അധ്യാപികയോട് പറഞ്ഞതിന്, ക്ലാസ്സ് ലീഡറുടെ കുടിവെള്ള കുപ്പിയിൽ വിഷം കലക്കിയ രണ്ട് എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തു. ക്ലാസ്സ് ലീഡർ വിഷം കലർന്ന വെള്ളം കുടിച്ചെങ്കിലും രുചി വ്യത്യാസം അനുഭവപ്പെട്ടതെ തുടർന്ന് തുപ്പി കളഞ്ഞതുകൊണ്ട് ജീവൻ രക്ഷപ്പെട്ടു. സേലം ശങ്കഗിരി സർക്കാർ ഹൈസ്കൂളിലാണ് ഈ സംഭവം നടന്നത്. കുടിവെള്ളത്തിന് അരുചി അനുഭവപ്പെട്ടത് കുട്ടി അധ്യാപകരെ അറിയിച്ചു. അധ്യാപകർ നടത്തിയ പരിശോധനയിൽ സംശയം തോന്നിയതോടെ കുട്ടിയുടെ മാതാപിതാക്കളും സ്കൂളിൽ എത്തി കുട്ടിയുടെ കുടി വെള്ളത്തിൽ വിഷം കലർന്നതായി ബോധ്യമായതോടെ മാതാപിതാക്കൾ ശങ്കഗിരി പോലീസിൽ പരാതി നൽകി. മുൻകരുതലിനായി കുട്ടിയെ ആദ്യം സർക്കാർ ആശുപത്രിയിലും തുടർന്ന് തിരുച്ചെങ്കോട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ അതേ ക്ലാസിലെ തന്നെ രണ്ടു കുട്ടികളാണ് സംഭവത്തിന് പിന്നിൽ എന്ന് തിരിച്ചറിയുകയായിരുന്നു. ഹോംവർക്ക് ചെയ്യാഞ്ഞതിന് ക്ലാസ് ടീച്ചറും ക്ലാസ് ലീഡറും തങ്ങളെ ശകാരിച്ചെന്നും അതിന് പ്രതികാരം ചെയ്യുവാൻ തീരുമാനിച്ചതായും കുട്ടികൾ സമ്മതിച്ചു. അവരിൽ ഒരാൾ തങ്ങളുടെ കൃഷിയിടത്തിൽ നിന്നും ഏതാനും തുള്ളി കീടനാശിനി എടുത്ത് ലീഡറുടെ കുടിവെള്ളത്തിൽ കലക്കുകയായിരുന്നു. ക്ലാസ്സ് ലീഡർക്ക് വയറിളക്കം ഉണ്ടാകുമെന്നായിരുന്നു അവർ ചിന്തിച്ചിരുന്നത്. രണ്ടു കുട്ടികൾക്കും കൗൺസിലിംഗ് നൽകാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായി ശങ്കഗിരി ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് എസ് രാജ പറഞ്ഞു