ഞാൻ ക്രിസ്ത്യാനി, പ്രാർത്ഥന ഏറ്റവും ആശ്വാസം നൽകുന്ന മാർഗം: വിശ്വസുന്ദരി ഷെയ്നീസ്


മനാഗ്വേ: ഇക്കൊല്ലത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അതുല്യ നേട്ടത്തിനിടയില്‍ ക്രൈസ്തവ വിശ്വാസം പരസ്യമായി പ്രഘോഷിച്ച് നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പലാസിയോസ് . ‘എ.ബി.എസ്-സി.ബി.എന്‍ ന്യൂസിനു നല്‍കിയ അഭിമുഖത്തിലാണ് പലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. “ഞാന്‍ ഒരു ക്രിസ്ത്യാനിയാണ്, കത്തോലിക്കാ വിശ്വാസിയാണ്, എന്നെ സംബന്ധിച്ചിടത്തോളം പ്രാര്‍ത്ഥനയാണ് എനിക്ക് ആശ്വാസം തരുന്ന ഏകമാര്‍ഗ്ഗം”. ദൈവമേ നന്ദി എന്ന് ഞാന്‍ പറയുമ്പോള്‍ ഈ കിരീടം എന്റേതല്ല, മറിച്ച് അവിടുത്തേതാണെ"ന്നും ഇരുപത്തിമൂന്നു വയസ്സുള്ള ഈ യുവതി പറഞ്ഞു
എല്‍ സാല്‍വദോറില്‍വെച്ച് ഇക്കഴിഞ്ഞ നവംബര്‍ 18-നാണ് പലാസിയോസ് മിസ്സ് യൂണിവേഴ്സ് കിരീടം ചൂടിയത്. മിസ്സ് യൂണിവേഴ്സായി തിരഞ്ഞെടുക്കാപ്പെടുന്ന ആദ്യ നിക്കരാഗ്വേക്കാരിയാണ് പലാസിയോ. പ്രസിഡന്റ് ഡാനിയല്‍ ഒര്‍ട്ടേഗയുടേയും, പത്നിയുടേയും വൈസ് പ്രസിഡന്റ് റൊസാരിയോ മൂറില്ലോയുടേയും നേതൃത്വത്തിലുള്ള നിക്കരാഗ്വേന്‍ ഭരണകൂടം കത്തോലിക്കാ സഭയെ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അടിയുറച്ച കത്തോലിക്കാ വിശ്വാസിയായ പലാസിയോസ് ഈ നേട്ടം കൈവരിച്ചതെന്നതും ശ്രദ്ധേയമാണ്. 90 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തിലാണ് പലാസിയോസിൻ്റെ കിരീടം നേട്ടം.
“എനിക്ക് എന്റെ രാജ്യത്തേക്കുറിച്ച് സന്തോഷമുണ്ട്. ഇത് നമ്മുടെ, എന്റെ ജനതയുടെ വിജയമാണ്. എന്റെ രാജ്യത്തെ ജനങ്ങള്‍ ദേശീയപതാകയുമായി തെരുവുകളില്‍ ഈ വിജയം ആഘോഷിക്കുകയാണ്. ഇത് സന്തോഷവും പ്രതീക്ഷയും, യഥാര്‍ത്ഥ വിജയവും സമ്മാനിക്കുന്നു. താമസിയാതെ ഒരു ദിവസം എന്റെ മാതൃരാജ്യമായ നിക്കരാഗ്വേ യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് സാക്ഷ്യം വഹിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു”. എല്ലാ വിജയങ്ങളും ആഘോഷിക്കുന്ന നിക്കരാഗ്വേന്‍ ജനത തങ്ങളുടെ രാജ്യം യഥാര്‍ത്ഥ സ്വതന്ത്ര രാജ്യമാകുന്നതിന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും പറഞ്ഞുകൊണ്ടാണ് പലാസിയോസ് തന്റെ അഭിമുഖം അവസാനിപ്പിച്ചത്.
ഏകാധിപത്യ ഭരണകൂടത്തിന്റെ കീഴില്‍ കടുത്ത മതപീഡനമാണ് നിക്കരാഗ്വേയിലെ ക്രൈസ്തവര്‍ അനുഭവിച്ചു വരുന്നത്. മതഗല്‍പ്പ രൂപതാ മെത്രാനും, എസ്തേലി അപ്പസ്തോലിക അഡ്മിനിസ്ട്രേറ്ററുമായ മോണ്‍ റോളണ്ടോ അല്‍വാരെസിനെ 26 വര്‍ഷത്തെ ജയില്‍ ശിക്ഷക്ക് വിധിച്ചതിന് പുറമേ, അപ്പസ്തോലിക പ്രതിനിധി വാള്‍ഡെമാര്‍ സ്റ്റാനിസ്ലോ സോമ്മാര്‍ടാഗിനേയും, വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റി സമൂഹം ഉള്‍പ്പെടെ നിരവധി സന്യാസിനികളെയും രാജ്യത്തു നിന്നും പുറത്താക്കിയിരുന്നു. കഠിന സമ്മർദ്ധങ്ങൾക്കിടയിലും, തൻ്റെ ക്രൈസ്തവ വിശ്വാസം തള്ളികളയാതെ ഉയർത്തികാണിച്ച വിശ്വസുന്ദരിയെ സമൂഹത്തിൻ്റെ നാനതുറകളിൽ നിന്നുമുള്ളവർ അഭിനന്ദിച്ചു.