കാണ്മാനില്ല ഭാഗം: 4
ചെറുകഥ ഭാഗം: 4
ഏലിക്കുട്ടിക്ക് മൊബൈലിൽ ഒരു കോൾ വന്നതിനാൽ അന്നമ്മയിൽ നിന്നും അല്പം അകന്നു മാറിയ തക്കം നോക്കി ചാക്കോച്ചായൻ അന്നമ്മയുടെ അടുക്കൽ ഇടം പിടിച്ചു.
കണവന്റെ വരവ് തന്നിൽ നിന്നും രഹസ്യങ്ങൾ ചോർത്താനാണെന്ന് അറിയാവുന്നതിനാൽ, അന്നമ്മ ആദ്യം മൈൻഡ് ചെയ്തില്ല. പക്ഷെ എമിലിയുടെ ഒപ്പം കുളിക്കുവാൻ കൂട്ടുവന്ന വേലക്കാരി പെണ്ണിനെ പോലീസ് ചോദ്യം ചെയ്തെന്നും, അറസ്റ്റ് ചെയ്യാൻ സാദ്ധ്യതയുണ്ടെന്നും മറ്റും കേട്ടപ്പോൾ അന്നമ്മാമ്മയുടെ ചോരതിളച്ചു. ഭർത്താവിൻറ വാക്കുകൾക്ക് കാത് കൊടുക്കുമ്പോഴും ഏലിക്കുട്ടിയുടെ മൊബൈൽ സംസാരത്തിൽ ആയിരുന്നു അമ്മായുടെ ശ്രദ്ധമുഴുവൻ. വല്ലവിധേനയും അച്ചായനെ ഒഴിവാക്കി അമ്മാമ്മ എലിക്കുട്ടിയുടെ വരവിനായി ക്ഷമയോടെ കാത്തിരുന്നു.
“എന്റെ അന്നമ്മാമ്മേ, ഒന്നും പറയണ്ട, ഞാൻ എങ്ങോട്ടെങ്കിലും ഒന്നു ഇറങ്ങണമെങ്കിൽ അങ്ങേരടെ അനുവാദം ചോദിക്കണം. എന്നുവച്ചാ ആണുങ്ങളെല്ലാം അങ്ങ് സേട്ടുമാരല്ലേ.. പിള്ളേരു ഗൾഫീന്നു വന്നപ്പോൾ അങ്ങേർക്ക് കമ്പ്യൂട്ടറിന്റെ ചെറുതൊണ്ടല്ലോ, എന്തോന്നാ.... ലാട്ടോപ്പോ, അങ്ങനെ പറയുന്ന ഒന്നില്ലേ, അതുകൊണ്ടെക്കൊടുത്തു. ഇപ്പോൾ മുഴുവൻ സമയവും അങ്ങേരതിനാത്താ... എന്തോ ചെയ്യുവാന്നൊന്നും എനിക്കറിഞ്ഞുകൂടാ... ഇൻറർനെറ്റോ, ഈമെയിലോ, ചാറ്റിംഗോ. പിന്നതാണ്ട് ബുക്കൊണ്ടെന്നും പറയുന്നത് കേട്ടു.. ഓർക്കാത്ത പുട്ടോ.. പിന്നെ ഓർത്തപുട്ടോ, എനിക്കൊന്നും അറിയാമേലായേ എന്തൊക്കയാ ഈ കമ്പ്യൂട്ടറിൽ ഉള്ളത്...
ഏലിക്കുട്ടിയുടെ കമ്പ്യൂട്ടർ പുരാണം കേൾക്കാനല്ല താൻ വന്നതെന്ന് പറയാൻ ആയിരം വട്ടം നാവ് ചൊറിഞ്ഞു വന്നിട്ടും, അമ്മാമ്മ രക്തം ജയമെടുത്ത് തന്റെ നാവിനെ അടക്കി. “അമേരിക്കൽ പിള്ളാരു വല്യ ഒരു കമ്പ്യൂട്ടർ വാങ്ങിച്ചിട്ടുണ്ട്. എനിക്കെങ്ങും വേണ്ടാന്ന് ഞാൻ പറഞ്ഞു. ഓ ഇനി അതു മതി ഓരോരുത്തർക്ക് പറഞ്ഞു നടക്കാൻ.... അതു പോട്ട് ഏലിക്കുട്ടി, അച്ചായൻ ഇപ്പോ വന്നു പറയുവാ ഇവിടത്തെ വേലക്കാരി പെണ്ണിനെ പോലീസ് അറസ്റ്റ് ചെയ്യുമെന്ന്!
അതെന്തോ പിഴച്ചു? ആ കൊച്ച് പറഞ്ഞത്, അതിനെ സോപ്പോ, തോർത്തോ എന്താണ്ടോ എടുക്കാനായിട്ട് വീട്ടിലേയ്ക്ക് പറഞ്ഞ് വിട്ടിട്ട് എമിലി തന്നെയാ കുളത്തിങ്കലേയ്ക്ക് പോയതെന്നാണല്ലോ? ആ പെണ്ണു ചെല്ലുമ്പം എമിലിയെ കാണാനുമില്ലായിരുന്നു.
എന്റെ ഏലിക്കുട്ടി, പണ്ടേയുള്ളതല്ലേ, കട്ടവനെ കണ്ടില്ലെങ്കിൽ കണ്ടവനെ പിടിക്കുന്ന പരിപാടി. ആ പെങ്കൊച്ച് കരഞ്ഞ് വിളിച്ചതു കൊണ്ട് നാട്ടുകാരീ കാര്യം അറിഞ്ഞു. അല്ലാരുന്നെങ്കിൽ സൂസനാരാ മോൾ, അവളിത് വല്ലോം പുറത്ത് പറയുവോ?
ഇപ്പോൾ അച്ചായൻ വിളിച്ചതെന്തിനാന്നു ഞാൻ പറഞ്ഞില്ലല്ലോ. നമ്മുടെ രാമൻപിള്ളയില്ലേ, അവരുടെ മകനെ കാണാനില്ലെന്ന് പറഞ്ഞ് അവരെല്ലാം ഭയങ്കര നെലവിളി. സന്ധ്യക്ക് കടയിൽ സാധനം വാങ്ങാൻ പോയതാ ആ ചെറുക്കൻ. രാത്രിയായിട്ടും കാണാഞ്ഞിട്ട് അന്വേഷിച്ച് ചെന്നിട്ട് ചെക്കൻ കടയിലൊന്നും ചെന്നില്ലെന്ന്. അവൻ കൊണ്ടു പോയ സഞ്ചിയും ഒക്കെ വഴികെടന്നു കിട്ടി.
എപ്പോഴും തമാശ പറയുന്ന രാജീവിന്റെ വട്ടമുഖം അമ്മാമ്മയുടെ മനോമുകുരത്തിൽ തെളിഞ്ഞു. തങ്ങൾ സൂസന്റെ വീട്ടിലേയ്ക്ക് വരുമ്പോൾ രാമൻപിള്ള ഒന്നു നോക്കുകപോലും ചെയ്യാതെ തിരക്കിട്ട് പോയതിൻറ രഹസ്യം അമ്മാമ്മയ്ക്ക് പിടികിട്ടിയത് അപ്പോഴായിരുന്നു.
'അമ്മാമേ ആ ചെക്കൻ സ്നാനപ്പെട്ടത് രഹസ്യമായല്ലാരുന്നോ?അവൻ നമ്മുടെ സഭയിൽ ചുമ്മാതെ വരുന്നു എന്നുമാത്രമല്ലേ അവൻ്റെ വീട്ടുകാർക്ക് അറിയാമായിരുന്നത്? എമിലി സുവിശേഷം പറഞ്ഞാണല്ലോ അവൻ നമ്മുടെ സഭയിൽ വരാൻ തുടങ്ങിയതും. എന്താണേലും കൊള്ളാം... വിളിച്ചോണ്ട് വന്നവളെ കുളത്തിൽ തപ്പുന്നു. അവനാണേൽ എന്തിയേന്ന് ആർക്കുമറിയത്തുമില്ല. പാവം പിടിച്ച് ഒരു പെൺകൊച്ച് ജയിലുമാകും. കാര്യങ്ങളുടെ പോക്കുകണ്ടോ അമ്മാമ്മേ?
ഏലിക്കുട്ടി പറഞ്ഞു വരുന്നത് എന്തെന്ന് അമ്മാമ്മയ്ക്ക് മനസ്സിലായി. സന്തോഷം കൊണ്ടെനിക്കിരിക്കാന്മേലേ, ഞാനിപ്പം സ്വർഗ്ഗത്തിൽ വലിഞ്ഞുകേറും എന്ന് ഉറക്കെ പാടാൻ അമ്മാമ്മയുടെ ഉള്ളം തുടിക്കവെ, തിരച്ചിൽ മതിയാക്കി ഫയർഫോഴ്സും, അവിടവിടെയായി നിന്നിരുന്ന ആളുകളും ഒന്നൊന്നെയായി പിരിഞ്ഞു പോകാൻ തുടങ്ങി. എല്ലാവരുടെയും മനസ്സിൽ കാരമുള്ളു തറച്ചതുപോലെ ഒരു ചോദ്യം ഉണ്ടായിരുന്നു. എമിലി എവിടെ? കൂട്ടിയും കിഴിച്ചും താൻ കണ്ടെത്തിയ ഉത്തരത്തിൽ ഉള്ളിൽ സന്തോഷിക്കുമ്പോഴും, പുറമേ അമ്മാമ്മയുടെ വിശ്വാസിവേഷം സൂസന്റെ അശ്രുകണങ്ങളെ തുടച്ച് ആശ്വാസവാക്കുകൾ പൊഴിച്ചു.
ഒന്നാം ഭാഗം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.pracharamonline.com/missing---story-part-1
രണ്ടാം ഭാഗം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.pracharamonline.com/MISSING-STORY-PART-2
മൂന്നാം ഭാഗം വായിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://www.pracharamonline.com/MISSIING-STORY-PART---3
തുടരും