പോലീസ് നൽകിയ ചോദ്യാവലികൾ: ആരാധനയിൽ പങ്കെടുക്കാൻ പോലും ക്രിസ്ത്യാനികൾ ഭയക്കുന്നു
മധ്യപ്രദേശിലെ ഇൻഡോറിലുള്ള നാല്പതോളം പള്ളികളിൽ 16 പോയിന്റുകളുള്ള ചോദ്യാവലി പോലീസ് നൽകി. പോലീസിന്റെ സർവേകൾ ക്രിസ്ത്യാനികൾക്ക് മാത്രം നൽകിയത്, ക്രിസ്ത്യാനികളുടെ മേലുള്ള അനധികൃത കടന്നുകയറ്റവും പക്ഷപാതപരവുമാണെന്ന് സഭാ നേതാക്കൾ ആരോപിക്കുന്നു. ഒരു മതവിഭാഗതെ മാത്രം ലക്ഷ്യം ആക്കിയിരിക്കുന്നതിനാൽ ക്രിസ്ത്യാനികളെ ദ്രോഹിക്കാൻ തീവ്ര ഹിന്ദുക്കൾ ഈ സർവ്വേ ആയുധമാക്കുമോയെന്ന ആശങ്കയും ഇൻഡോറിലെ ക്രിസ്ത്യാനികൾക്കുണ്ട്.
ഇൻഡോർ കത്തോലിക്കാ രൂപതയിലെ ബിഷപ്പ് ചാക്കോ തോട്ടുമാരിക്കൽ, ചോദ്യാവലികൾ "സംശയാസ്പദമാണ്" എന്നും "നല്ല ഉദ്ദേശത്തിൽ" നിർമ്മിച്ചതല്ലെന്നും സംശയം പ്രകടിപ്പിച്ചു.
ചോദ്യാവലി ക്രിസ്ത്യൻ പ്രയത്നങ്ങളുടെ ലക്ഷ്യങ്ങളെക്കുറിച്ചും സംശയാസ്പദമായ ഏതെങ്കിലും മതപരിവർത്തനം പള്ളി അധികാരികൾ നടത്തിയിട്ടുണ്ടോ എന്നും, ഏതെങ്കിലും എൻജിഒകൾ ക്രിസ്ത്യാനികൾ നടത്തുന്നുണ്ടോയെന്നും വിദേശത്ത് നിന്നുള്ള ധനസഹായം അവരെ പിന്തുണയ്ക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നു.
"മത പരിവർത്തനങ്ങളുമായി ബന്ധപ്പെട്ട് ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്, അതിനാൽ വർഗീയ പ്രശ്‌നങ്ങൾ സമയബന്ധിതമായി പരിഹരിക്കുന്നതിന് ഈ വിശദാംശങ്ങൾ ശേഖരിക്കുകയും പ്രോസസ്സ് ചെയ്യുകയും ചെയ്യുന്നു," എന്നാണ് പോലിസിൻ്റെ ഭാഷ്യം.
സുവിശേഷപ്രഘോഷണത്തിന്റെയും മറ്റ് പ്രവർത്തനങ്ങളുടെയും വിവരങ്ങൾ പോലീസ് ശേഖരിക്കുന്നതിന്റെ ഫലമായി ഭൂരിപക്ഷം പള്ളികളും സ്ഥിതി മെച്ചപ്പെടുന്നതുവരെ ഓൺലൈൻ സേവനങ്ങൾ തുടരുവാൻ ഉള്ള തീരുമാനത്തിൽ ആണ്.