•   Monday, 25 Nov, 2024

മോദി സർക്കാരിനെതിരെ അവിശ്വാസം

Generic placeholder image
  Pracharam admin

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ 26 പാർട്ടികളുടെ മെഗാ പ്രതിപക്ഷ സഖ്യം ‘I.N.D.I.A’ ഒരുങ്ങുന്നതായി റിപ്പോർട്ട്. വർഗീയ കലാപത്തിൽ സംഘർഷം തുടരുന്ന മണിപ്പൂരിലെ സ്ഥിതിഗതികളിൽ പ്രധാനമന്ത്രി പാർലമെന്റിൽ വിശദീകരണം നൽകണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം അംഗീകരിക്കാതായതോടെയാണ് നീക്കം. അതേസമയം പ്രതിപക്ഷ പ്രതിഷേധം തുടരുന്നതിനാൽ ലോക്‌സഭ 2 മണി വരെ പിരിഞ്ഞു.

2003 ന് ശേഷമുള്ള പാര്‍ലമെന്‌റിലെ ആദ്യ അവിശ്വാസ പ്രമേയമാണ് ഇത്. ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും ചര്‍ച്ചയ്ക്കിടെ മണിപ്പൂര്‍ വിഷയം ഉന്നയിക്കാനുമാണ് പ്രതിപക്ഷ സഖ്യമായ ‘I.N.D.I.A’യുടെ തീരുമാനം. ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ (ഇന്ത്യ) ഭാഗമായ പാർട്ടികളുടെ യോഗത്തിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്തത്. രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനം ഉണ്ടായിരിക്കുന്നത്.

ഇന്ത്യ സഖ്യത്തിലെ മുഴുവന്‍ പാര്‍ട്ടികളും അവിശ്വാസ പ്രമേയത്തെ പിന്തുണയ്ക്കും. മണിപ്പൂരിൽ 83 ദിവസമായി തുടരുന്ന അക്രമ സംഭവങ്ങളിൽ പ്രധാനമന്ത്രി പാർലമെന്റിൽ സമഗ്രമായ പ്രസ്താവന നടത്തേണ്ടതുണ്ടെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. അതേസമയം തുടര്‍ച്ചയായ നാലാം ദിവസവും പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്‌റ് പ്രക്ഷുബ്ധമാണ്. 

Comment As:

Comment (0)