കസ്റ്റഡിലെടുത്തവരെ അന്വേഷിക്കാൻ ചെന്ന വൈദീകനെ അറസ്റ്റ് ചെയ്തു.
ന്യൂഡൽഹി: മതപരിവർത്തനം ആരോപിച്ചു കസ്റ്റഡിയിലെടുത്തവരുടെ വിവരം തിരക്കാൻ പോലീസ് സ്റ്റേഷനിലെത്തിയ വൈദികനെ ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. യു. പി. അലഹബാദ് രൂപത സാമൂഹിക സേവന വിഭാഗം ഡയറക്ടറും മലയാളിയുമായ ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ (ബാബു) ആണ് യു.പി. നൈനി പോലീസ് അറസ്റ്റ് ചെയ്തത്.മതപരിവർത്തനം നടത്തുന്നുവെന്നാരോപിച്ച് പ്രദേശത്തെ വി.എച്ച്പി. നേതാവ് വൈഭവ് നാഥ് ഭാരതി നല്കിയ പരാതിയിലാണ് അറസ്റ്റ്. അലഹബാദ് രൂപതാ ഡെവലപ്മെന്റ് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (ഡി.ഡി.ഡബ്ല്യു.എസ്) ജീവനക്കാരനായ പീറ്റർ പോളിനെ വീട്ടിൽ നിന്ന് പോലീസ് കസ്റ്റഡിയി ലെടുത്തതിനെക്കുറിച്ച് അന്വേഷിക്കാനാണ് ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസ് പോലീസ് സ്റ്റേഷനിലെത്തിയത്.
പീറ്റർ പോളിന്റെ സഹോദരൻ സൂസൈരാജ് എന്ന പാസ്റ്ററെ അന്വേഷിച്ചാണ് പോലീസ് എത്തിയത്. എന്നാൽ, അദ്ദേഹത്തെ കാണാതെ വന്നപ്പോൾ പീറ്ററിനെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. പീറ്ററിനെ അന്വേഷിച്ച് മൂത്ത സഹോദരൻ ജോൺ സ്റ്റേഷനിൽ എത്തിയപ്പോൾ അദ്ദേഹത്തെയും തടഞ്ഞുവച്ചു. പീറ്റർ പോളിന്റെ മരുമകൻ മൈക്കൽ സിൽവസ്റ്ററെയും അറസ്റ്റ് ചെയ്തു. പോലീസ് സ്റ്റേഷനിലെത്തിയ പീറ്റർ പോളിന്റെ ഭാര്യ സാന്ദ്രയാണ് ഫാ. സെബാസ്റ്റ്യൻ ഫ്രാൻസിസിനെ സഹായത്തിനായി പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. അദ്ദേഹത്തെയും വൈകുന്നേരംവരെ തടഞ്ഞുവയ്ക്കുകയും തുടർന്ന് കേസെടുക്കുകയുമായിരുന്നു.
കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ തിരക്കാൻ പോലീസ് സ്റ്റേഷനിൽ എത്തിയ വൈദികനെ അറസ്റ്റ് ചെയ്തത് ആശങ്കയുളവാക്കുന്നതാണെന്ന് അലഹബാദ് ബിഷപ്പ് ഡോ. ലൂയിസ് മസ്കരാനാസ് പറഞ്ഞു. ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയ പശ്ചാത്തലത്തില്‍ മേൽക്കോടതിയെ സമീപിക്കുമെന്നും ബിഷപ്പ് പ്രസ്താവിച്ചു. തീവ്രഹിന്ദുത്വവാദിയായ യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ മതപരിവര്‍ത്തന ആരോപണ മറവില്‍ ക്രൈസ്തവരെ കേസിൽ കുടുക്കുന്നത് പതിവ് സംഭവമായി മാറിയിരിക്കുകയാണ്.