ക്രിസ്തുമതത്തിലേയ്ക്ക് മാറി: വിവാഹബന്ധം അസാധുവായി എന്ന് ഹൈക്കോടതി.
ബംഗളൂരു: നിയമപരമായി വിവാഹ മോചനം നേടിയില്ലെങ്കിലും ഭാര്യ മറ്റൊരു മതത്തിലേക്കു മാറിയാല്‍ വിവാഹ ബന്ധം അസാധുവായതായി പരിഗണിക്കാമെന്ന് കര്‍ണാടക ഹൈക്കോടതി.
2000 സെപ്റ്റംബറില്‍ വിവാഹിതരായ ദമ്പതികളിൽ ഭർത്താവിൻ്റെ ഗാർഹിക പീഡനത്തിനെതിരെ 2013ൽ ഭാര്യ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു. നഷ്ടപരിഹാരത്തിനായുള്ള ഹർജി കോടതി തള്ളിയതോടെ യുവതി അപ്പീൽ നൽകുകയും, സെഹൻസ് കോടതി നാലുലക്ഷം നഷ്ടപരിഹാരം നൽകുവാൻ ഭർത്താവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ ഭർത്താവ് ഹൈക്കോടതിയിൽ നൽകിയ അപ്പീൽ പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് രാജേന്ദ്ര ബദാമികർ ഗാര്‍ഹിക പീഡന കേസില്‍ ഭര്‍ത്താവ് ഭാര്യക്കു നഷ്ടപരിഹാരം നല്‍കണമെന്ന സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കി ഭർത്താവിനനുകൂലമായ വിധി പ്രഖ്യാപിക്കുക ആയിരുന്നു.
ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാള്‍ ചെറുപ്പത്തില്‍ തന്നെ മരിച്ചതേ തുടര്‍ന്നു ഭാര്യ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു. തന്നെയും, മകളെയും മതംമാറ്റാന്‍ ഭാര്യ ശ്രമിച്ചു എന്ന് ഹർജിയിൽ ഭര്‍ത്താവ് ആരോപിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ, മജിസ്ട്രേറ്റ് കോടതിയോ സെഷൻ കോടതിയോ ഗാർഹിക പീഢനം നടന്നതായി പറഞ്ഞിട്ടില്ലായ്കയാൽ ഗാർഹിക പീഡന നിയമത്തിൻ്റെ വകുപ്പ് 22 പ്രകാരം യുവതിക്ക് നഷ്ടപരിഹാരത്തിനർഹത ഇല്ലാ എന്ന് ഹൈക്കോടതി കണ്ടെത്തി. വിവാഹം ബന്ധം നിലനില്‍ക്കുന്നുണ്ടെന്നും ഭാര്യയ്ക്കു സ്വന്തം നിലയില്‍ വരുമാനമില്ലെന്നതും കണക്കിലെടുത്താണ് സെഷന്‍സ് കോടതി നഷ്ടപരിഹാരം വിധിച്ചത് എന്നും, എന്നാല്‍ ഭാര്യ ക്രിസ്തുമതത്തിലേക്കു മാറിയതോടെ വിവാഹ ബന്ധം സ്വയമേ ഇല്ലാതാവുകയും, നഷ്ടപരിഹാരം ആവശ്യപ്പെടാനുള്ള അവകാശം ഭാര്യയ്ക്കു നഷ്ടവുകയും ചെയ്തു എന്ന് ഹൈക്കോടതി വിധിച്ചു.