•   Monday, 25 Nov, 2024

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും ഏലക്കാ മോഷണം

Generic placeholder image
  reporter

ഏലയ്ക്ക പതിവ് കേന്ദ്രത്തിൽ നിന്നും കുമളിയിലുള്ള ലേല സെൻററിലേക്ക് കൊണ്ടുപോയ ഏലയ്ക്ക ചാക്കുകൾ, ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്നും കയറു  മുറിച്ച് റോഡിൽ തള്ളിയിട്ട് മോഷ്ടിച്ചു.

നെടുംകണ്ടം ചേമ്പളത്തിന് സമീപം ആണ് സംഭവം. ലോറിയുടെ മുകളിൽ കയറിയിരുന്ന കള്ളന്മാരിൽ ഒരാൾ ആൾ താമസം ഇല്ലാത്ത മേഖലയിൽ എത്തിയപ്പോൾ കയർ മുറിച്ച് 4 ചാക്കോളം ഏലക്ക റോഡിലേക്ക് തള്ളുകയായിരുന്നു. ലോറിയെ അനുഗമിച്ച വെള്ള മാരുതി വാനിൽ ഏലക്കായ കയറ്റി കൊണ്ടുപോയതായി പ്രദേശവാസികൾ പറയുന്നു.  

കയർ മുറിക്കുന്നതിനിടയിൽ ചാക്കിൽ കത്തി കൊണ്ട് ഉണ്ടായ ദ്വാരത്തിലൂടെ വാഹനം പോയ റോഡിൽ ഏലക്കായ വീണു കിടന്നിരുന്നു.

2023 ആഗസ്റ്റ് 18 വെള്ളിയാഴ്ച്ച ഇടുക്കി ജില്ലയിൽ ഹർത്താൽ ആയിരുന്നതിനാൽ റോഡുകളിൽ വാഹനങ്ങൾ ഇല്ലാതിരുന്നതും, കടമ്പോളങ്ങൾ അടഞ്ഞു കിടക്കുന്നതും കൃത്യമായി മനസ്സിലാക്കിയാണ് മോഷ്ടാക്കൾ ഏലക്ക മോഷണത്തിന് തുനിഞ്ഞത്. നെടുങ്കണ്ടം പോലീസ് അന്വേഷണം ശക്തമാക്കി. കുമളി സ്പൈസ് മോർ ലേല ഏജൻസിയുടെ ലോറിയിൽ നിന്നാണ് ഏലക്കായ തട്ടിയെടുത്തത്. ഹർത്താൽ ദിവസം ആണെങ്കിലും ഏജൻസിയുടെ പതിവു കേന്ദ്രത്തിൽ നിന്നും ഏലക്കായ കുമളിക്ക് കൊണ്ടുപോകും എന്ന് മുന്നറിവ് ഉണ്ടായിരുന്നവരാകാം കൃത്യത്തിനു പിന്നിൽ എന്ന് സംശയിക്കുന്നു. 

കാലാവസ്ഥാ വ്യതിയാനവും ഉത്പാദനകുറവും നിമിത്തം ഏലക്കയ്ക്ക് വിപണിയിൽ വില കുത്തനെ ഉയർന്നിരുന്നു. തോട്ടങ്ങളിൽ നിന്നും മോഷ്ടാക്കൾ ഏലത്തിന്റെ ശരം (ചെടിയിൽ കായ പിടിക്കുന്ന ഭാഗം) മുറിച്ചു മാറ്റിയതും പോലിസ് അന്വേഷിച്ച് വരികയാണ്

Comment As:

Comment (0)